LiveTV

Live

National

ചെലവ് കുറഞ്ഞ സാനിറ്ററി പാഡുമായി രണ്ട് വിദ്യാര്‍ത്ഥിനികള്‍

ചണ്ഡീഗഢിലെ ജലന്ദറിലുള്ള ചേരികളില്‍ താമസിക്കുന്ന സ്ത്രീകള്‍ക്ക് ഇതിനോടകം 500- 1000 പാഡുകളാണ് വിതരണം ചെയ്തത്.

 ചെലവ് കുറഞ്ഞ സാനിറ്ററി പാഡുമായി രണ്ട് വിദ്യാര്‍ത്ഥിനികള്‍

ചെലവ് കുറഞ്ഞ സാനിറ്ററി പാഡുകള്‍ നിര്‍മ്മിച്ച് ചേരിപ്രദേശങ്ങളിലെ സ്ത്രീകള്‍ക്ക് ആശ്വാസമായിരിക്കുകയാണ് ചണ്ഢീഗഡില്‍ നിന്നുള്ള രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍. കുറഞ്ഞ ചെലവില്‍ നാപ്കിനുകള്‍ നിര്‍മ്മിച്ച് ചേരിയിലെ സ്ത്രീകള്‍ക്ക് വിതരണം ചെയ്യുകയാണ് ഇവര്‍.

ജാന്‍വി സിങ്(15), ലാവണ്യ ജെയ്ന്‍(17) എന്നീ കുട്ടികളാണ് വ്യത്യസ്തമായ സേവനത്തിലൂടെ സമൂഹത്തിന് മാതൃകയാവുന്നത്. കൂടാതെ സുരക്ഷിതമായ പാഡുകള്‍ വീട്ടില്‍ നിര്‍മിച്ചെടുക്കുന്നതിനെക്കുറിച്ച് ആളുകളെ ബോധവല്‍ക്കരിക്കാന്‍ സ്റ്റോപ്പ് ദി സ്‌പോട് എന്ന പേരില്‍ ക്യാമ്പയിനും ഇവര്‍ തുടക്കമിട്ടിട്ടുണ്ട്.

ഒരു സിനിമയില്‍ പ്രചോദനമുള്‍ക്കൊണ്ടാണ് സാനിറ്ററി പാഡുകള്‍ നിര്‍മ്മിക്കാന്‍ ഇവര്‍ തീരുമാനിച്ചത്. ഗൈനക്കോളജിസ്റ്റ് ഡോ. റിതു നന്ദയുടെ സഹായത്തില്‍ സാനിറ്ററി നാപ്കിന്‍ നിര്‍മിക്കുന്നതിനെക്കുറിച്ച് പഠിച്ചെടുത്തു. അങ്ങനെയാണ് അവര്‍ ബോധവല്‍ക്കരണ പരിപാടിയിലേക്ക് എത്തുന്നത്. ജാന്‍വിയുടേയും ലാവണ്യയുടേയും അമ്മമാര്‍ നല്‍കിയ 5000 രൂപയില്‍ നിന്നാണ് ഇവര്‍ ക്യാമ്പയിന്‍ തുടങ്ങുന്നത്.

ഇവരുടെ സഹോദരന്മാരുടെ പിന്തുണയും ക്യാമ്പയിന് ലഭിക്കുന്നുണ്ട്. നഗരത്തിലെ ചേരികളിലും ചേരികള്‍ക്ക് ചുറ്റും താമസിക്കുന്നവരേയും ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ് ബോധവല്‍ക്കരണം. ചണ്ഡീഗഢിലെ ജലന്ദറിലുള്ള ചേരികളില്‍ താമസിക്കുന്ന സ്ത്രീകള്‍ക്ക് ഇതിനോടകം 500- 1000 പാഡുകളാണ് വിതരണം ചെയ്തത്. ഒരു പാഡിന് രണ്ട് രൂപയാണ് ചെലവ് വരുന്നത്. ഓരോ പാക്കറ്റിലും പത്തെണ്ണം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ജാന്‍വി പറഞ്ഞു. തങ്ങള്‍ ചേരിയില്‍ അല്ല താമസിക്കുന്നതെങ്കിലും ഈ ക്യാമ്പയിന്‍ മുന്നോട്ടു കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നതെന്നാണ് ലാവണ്യ പറയുന്നത്. പാഡ് നിര്‍മിക്കുന്നത് എങ്ങനെയെന്ന് ചേരിയിലെ കുറച്ച് സ്ത്രീകളെ പഠിപ്പിക്കുന്നുണ്ടെന്നും. ഇവരിലൂടെ കൂടുതല്‍ പേരിലേക്ക് ഇത് എത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.