LiveTV

Live

National

അസം പൌരത്വ രജിസ്റ്റര്‍: ഒന്നര ലക്ഷത്തോളം പേര്‍ പുറത്തായേക്കും

അസമിലെ ദേശീയ പൌരത്വ രജിസ്റ്ററിന്‍റെ കരട് പട്ടികയില്‍ നിന്നും ഒന്നര ലക്ഷത്തോളം പേര്‍ പുറത്തായേക്കും.

അസം പൌരത്വ രജിസ്റ്റര്‍: ഒന്നര ലക്ഷത്തോളം പേര്‍ പുറത്തായേക്കും

അസമിലെ ദേശീയ പൌരത്വ രജിസ്റ്ററിന്‍റെ കരട് പട്ടികയില്‍ നിന്നും ഒന്നര ലക്ഷത്തോളം പേര്‍ പുറത്തായേക്കും. പൌരത്വ രജിസ്റ്ററിന്‍റെ കോര്‍ഡിനേറ്റര്‍ പ്രതീക് ഹജീലയാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. ഈ മാസം 30നാണ് കരട് പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതി അനുവദിച്ച അവസാന തീയതി.

കഴിഞ്ഞ ഡിസംബര്‍ 31ന് അര്‍ധരാത്രി പുറത്തുവിട്ട ദേശീയ പൌരത്വ രജിസ്റ്ററിന്‍റെ ആദ്യ കരട് പട്ടികയില്‍ 1.9 കോടി പേരാണ് ഇടംപിടിച്ചിരുന്നത്. എന്നാല്‍ ഇവരില്‍ 1.5 ലക്ഷത്തോളം പേര്‍ പുറത്തായേക്കുമെന്ന് ദേശീയ പൌരത്വ രജിസ്റ്ററിന്‍റെ കോര്‍ഡിനേറ്റര്‍ പ്രതീക് ഹജീല സൂചന നല്‍കി.

കുടുംബ പശ്ചാത്തലത്തില്‍ നടത്തിയ അന്വേഷണത്തില്‍ 65,694 പേരെ പട്ടികയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് കണ്ടെത്തി. ഇതില്‍ പഞ്ചായത്തിന്‍റെ വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കിയ 48,456 സ്ത്രീകളും ഉള്‍പ്പെടും. പട്ടിക പ്രസിദ്ധീകരിക്കുമ്പോള്‍ പുറത്താക്കപ്പെടുന്നവരുടെ എണ്ണം ഇനിയും വര്‍ധിച്ചേക്കുമെന്നും പ്രതീക് ഹജീല പറഞ്ഞു. എന്നാല്‍ അന്തിമ കരട് പ്രസിദ്ധീകരിച്ച ശേഷവും യഥാര്‍ത്ഥ രേഖകളുണ്ടെങ്കില്‍ പൌരത്വത്തിന് അവകാശവാദം ഉന്നയിക്കാമെന്നും അദ്ദേഹം അറിയിച്ചു.

ജൂണ്‍ 30 ആയിരുന്നു പൌരത്വ രജിസ്റ്ററിന്‍റെ അന്തിമ കരട് പ്രസിദ്ധീകരിക്കേണ്ട അവസാന തിയ്യതിയെങ്കിലും സംസ്ഥാനത്തുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഒരു മാസം കൂടി നീട്ടിനല്‍കുകയായിരുന്നു.