LiveTV

Live

National

കാര്‍ഷിക വിളകളുടെ താങ്ങുവില കേന്ദ്രം വര്‍ധിപ്പിച്ചു

നെല്ലിന്റെ താങ്ങ് വില 11.3 ശതമാനവും, ചോളത്തിന്റെ 19.3ഉം പരിപ്പിന്റെ 4.1 ഉം ശതമാനമാണ് വര്‍ധിപ്പിച്ചത്. നീക്കം കര്‍ഷക ക്ഷേമം ലക്ഷ്യം വച്ചാണെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു.

കാര്‍ഷിക വിളകളുടെ താങ്ങുവില കേന്ദ്രം വര്‍ധിപ്പിച്ചു

രാജ്യത്ത് കര്‍ഷ പ്രതിഷേധം ശക്തമാകവെ കാര്‍ഷിക വിളകളുടെ താങ്ങുവില കേന്ദ്രം വര്‍ധിപ്പിച്ചു. മണ്‍സൂണ്‍കാല വിളകളായ നെല്ല്, എള്ള്, പരുത്തി തുടങ്ങിയവയുടെ താങ്ങുവില വര്‍ധനവിനാണ് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. കര്‍ഷകക്ഷേമം ലക്ഷ്യവെച്ചാണ് നടപടിയെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു.

രാജസ്ഥാന്‍ മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും ശേഷം പൊതുതെരഞ്ഞെടുപ്പും നേരിടാനിരിക്കെയാണ് കേന്ദ്രത്തിന്റെ നീക്കം. നെല്ല്, ചോളം, എള്ള്, സൂര്യകാന്തി വിത്ത്, തുടങ്ങിയ മണ്‍സൂണ്‍ വിളകളുടെ താങ്ങുവില വര്‍ധനവാണ് ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭ യോഗം പാസാക്കിയത്.

നെല്ലിന്റെ താങ്ങ് വില 11.3 ശതമാനവും, ചോളത്തിന്റെ 19.3ഉം പരിപ്പിന്റെ 4.1 ഉം ശതമാനമാണ് വര്‍ധിപ്പിച്ചത്. നീക്കം കര്‍ഷക ക്ഷേമം ലക്ഷ്യം വച്ചാണെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. സര്‍ക്കാര്‍ വാഗ്ദാനം പാലിച്ചെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. താങ്ങുവില വര്‍ധനവിലൂടെ 12,000 കോടിയുടെ അധിക ബാധ്യത സര്‍ക്കാരിനുണ്ടാകും എന്നാണ് വിലയിരുത്തല്‍.

എന്നാല്‍ ഈ ബാധ്യത സാമ്പത്തിക ഞെരുക്കമോ പണപ്പെരുപ്പമോ ഉണ്ടാക്കില്ലെന്നാണ് ധനമന്ത്രാലത്തിന്റെ വിശദീകരണം. ഇന്നലെ നീതി ആയോഗ്, കൃഷി മന്ത്രാലയം എന്നിവയിലെ ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ കൂടിയാലോചന നടത്തിയിരുന്നു.