ഡല്‍ഹിയില്‍ 17000ത്തോളം മരങ്ങള്‍ മുറിക്കാനുള്ള നടപടിക്ക് ഹൈക്കോടതി സ്റ്റേ
ആയിരക്കണക്കിന് മരങ്ങള്‍ മുറിക്കുന്നത് ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുമെന്നും പകരം ചെടികള്‍ വെച്ച് പിടിപ്പിക്കുന്നത് ഫലം ചെയ്യില്ലെന്നും ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ കെകെ മിശ്രയാണ്

ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായുള്ള താമസകേന്ദ്രങ്ങളുടെ പുനരുദ്ധാരണത്തിന്റെ പേരില്‍ മരങ്ങള്‍ മുറിച്ച് മാറ്റാനുള്ള നടപടിക്ക് ഡല്‍ഹി ഹൈക്കോടതി സ്റ്റേ. ജൂലായ് നാല് വരെ മരങ്ങള്‍ മുറിച്ച് മാറ്റരുതെന്ന് ഹൈക്കോടതി. 17000 ത്തോളം മരങ്ങളാണ് ഡല്‍ഹിയില്‍ പുനരുദ്ധാരണത്തിന്റെ പേരില്‍ മുറിച്ച് മാറ്റാന്‍ ആരംഭിച്ചിരുന്നത്. ഹൈക്കോടതി സ്റ്റേയെ ഡല്‍ഹി സര്‍ക്കാര്‍ സ്വാഗതം ചെയ്തു.
തെക്കന്‍ ഡല്‍ഹിയിലെ ഏഴ് ഇടങ്ങളിലെ 17 ആയിരത്തോളം മരങ്ങള്‍ മുറിച്ച് മാറ്റാനായിരുന്നു കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള നാഷണല്‍ ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്റെ നീക്കം. ആയിരക്കണക്കിന് മരങ്ങള്‍ മുറിച്ച് മാറ്റുന്നത് ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുമെന്നും മരങ്ങള്‍ക്ക് പകരം ചെടികള്‍ വെച്ച് പിടിപ്പിക്കുന്നത് ഫലം ചെയ്യില്ലെന്നും ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ കെകെ മിശ്രയാണ് ഹൈക്കോടതിയെ സമീപിച്ചത്.
വികസന പ്രവര്‍ത്തനങ്ങള്‍ക്കും റോഡ് നിര്‍മ്മാണത്തിനുമായി മരങ്ങള്‍ മുറിക്കുന്നത് ഡല്‍ഹിയുടെ കാലാവസ്ഥക്ക് താങ്ങാന്‍ ആകുമോയെന്ന് എന്ബിസിസിയോട് ഹൈക്കോടതി ചോദിച്ചു. അടുത്ത തവണ കേസില്‍ വാദം കേള്‍ക്കുന്ന ജൂലായ് നാല് വരെ മരങ്ങള്‍ മുറിച്ച് മാറ്റരുതെന്നും ഹൈക്കോടതി പറഞ്ഞു. എന്നാല്‍ നിയമപ്രകാരമാണ് മുന്നോട്ട് പോകുന്നതെന്ന് എന്ബിസസി പ്രതികരിച്ചു.
ജൂലായ് രണ്ടിന് വിഷയം ദേശീയ ഹരിത ട്രിബ്യൂണലിന് മുന്നിലും എത്തും. നീക്കത്തിനെതിരെ പ്രദേശവാസികളും സാമൂഹ്യ പരിസ്ഥിതി പ്രവര്‍ത്തകരും പ്രതിഷേധം തുടരുകയാണ്.