LiveTV

Live

National

സംഘര്‍ഷഭരിതമായ ലോകത്തെ ഒന്നിപ്പിക്കുന്ന ശക്തിയാണ് യോഗയെന്ന് മോദി

ഇന്ന് നാലാമത് അന്താരാഷ്ട്ര യോഗ ദിനം

സംഘര്‍ഷഭരിതമായ ലോകത്തെ ഒന്നിപ്പിക്കുന്ന ശക്തിയാണ് യോഗയെന്ന് മോദി

രാജ്യം അന്താരാഷ്ട്ര യോഗ ദിനം വിപുലമായി ആചരിച്ചു. അയ്യായിരത്തോളം വേദികളിലായി ആയുഷ് മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ യോഗാഭ്യാസം നടന്നു.

യോഗ സാഹോദര്യവും സൗഹാർദ്ദവും വളർത്തുമെന്നും യോഗയിലൂടെ ഇന്ത്യയുടെ കാല്പാടുകൾ ലോകം പിന്തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സംഘര്‍ഷഭരിതമായ ലോകത്തെ ഒന്നിപ്പിക്കുന്ന ശക്തിയാണ് യോഗയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡെറാഡൂണില്‍ 50,000 പേര്‍ പങ്കെടുക്കുന്ന യോഗ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് കാമ്പസിലായിരുന്നു ചടങ്ങ്.

ലോകത്തിന് അസുഖത്തില്‍ നിന്ന് സുഖം പ്രദാനം ചെയ്യുന്ന അവസ്ഥയാണ് യോഗ. ആയുരാരോഗ്യ സൗഖ്യത്തിനായുള്ള അന്വേഷണത്തില്‍ യോഗദിനം ലോകത്തെ തന്നെ ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്നായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡെറാഡൂണ്‍ മുതല്‍ ഡബ്ലിന്‍ വരെയും ഷാങ്ഹായ് മുതല്‍ ചിക്കാഗോവരെയും ജക്കാര്‍ത്ത മുതല്‍ ജോഹന്നാസ് ബര്‍ഗ് വരെയും ഹിമാലയത്തിലായാലും മരുഭൂമിയിലായാലും എവിടെയും യോഗ മാത്രമാണുള്ളത്. ലോകത്തെ പരസ്പരം ചേര്‍ത്തു നിര്‍ത്തുന്ന ശക്തിയാണതെന്നും മോദി പറഞ്ഞു.

കേന്ദ്രമന്ത്രി ഡോ ഹർഷവർദ്ധന്റെ നേതൃത്വത്തില്‍ ഇന്ത്യ ഗേറ്റ്, തൽക്കത്തോറ സ്റ്റേഡിയം, സെൻട്രൽ പാർക്ക് എന്നിവിടങ്ങളിലായാണ് ഡൽഹിയിൽ പരിപാടികള്‍ നടന്നത്.

യുഎൻ പൊതുസഭയിൽ 2014 സെപ്റ്റംബർ 27നു മോദി നടത്തിയ പ്രസംഗത്തിലാണ് രാജ്യാന്തര യോഗാ ദിനം കൊണ്ടാടണമെന്ന് നിര്‍ദേശിച്ചത്. ഈ നിര്‍ദേശം യു എന്‍ ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് 2015 ജൂണ്‍ 21 നായിരുന്നു ആദ്യ യോഗാ ദിനാചരണം നടത്തിയത്.