LiveTV

Live

National

ബാങ്ക് ഓഫ് മഹാരാഷ്ട്ര വായ്പാ തട്ടിപ്പ്: അന്വേഷണം കൂടുതല്‍ ബാങ്കുകളിലേക്ക്

3000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര മാനേജിങ് ഡയറക്ടറും സിഇഓയുമായ രവീന്ദ് മാറാത്തേയുടെയും മറ്റ് ആറ് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി

ബാങ്ക് ഓഫ് മഹാരാഷ്ട്ര വായ്പാ തട്ടിപ്പ്: അന്വേഷണം കൂടുതല്‍ ബാങ്കുകളിലേക്ക്

ബാങ്ക് ഓഫ് മഹാരാഷ്ട്ര വായ്പാ തട്ടിപ്പ് കേസില്‍ കൂടുതല്‍ പേരിലേക്കും ബാങ്കുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നു. 3000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര മാനേജിങ് ഡയറക്ടറും സിഇഓയുമായ രവീന്ദ് മാറാത്തേയുടെയും മറ്റ് ആറ് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. 1154 കോടി രൂപ തട്ടിയെടുക്കുകയും 2892 കോടിയുടെ വായ്പ വകമാറ്റുകയും ചെയ്ത കേസില്‍ ജയിലില്‍ കഴിയുന്ന ഡി എസ് കുല്‍ക്കര്‍ണിയുടെ ഗ്രൂപ്പിന് മാനദണ്ഡങ്ങള്‍ മറികടന്ന് വായ്പ നല്‍കിയെന്നാണ് കേസ്.

ഡി എസ് കുല്‍കര്‍ണിക്കായി അധികാരം ദുര്‍വിനിയോഗം ചെയ്ത് കടലാസ് കമ്പനികള്‍ക്ക് വലിയ തുക വായ്പയായി അനുവദിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ബാങ്ക് ഓഫ് മഹാരാഷ്ട്ര മാനേജിങ് ഡയറക്ടറും സിഇഓയുമായ രവീന്ദ് മാറാത്തേ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത്. രവീന്ദ് മാറാത്തേക്ക് പുറമെ ബാങ്ക് ഓഫ് മഹാരാഷ്ട്ര മുന്‍ എംഡി സുശീല്‍ മഹ്നോട്ട്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍ കെ ഗുപ്ത, സോണല്‍ മാനേജര്‍ നിത്യാനന്ദ ദേശ്പാണ്ഡെ, കുല്‍ക്കര്‍ണിയുടെ ചാര്‍ട്ടേഡ് അക്കൌണ്ടന്റ് സുനില്‍ ഗട്ട്പാന്ദേ, ഡിഎസ്‍കെ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് രാജീവ് നെവാസ്കര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.

രവീന്ദ് മാറാത്തേ
രവീന്ദ് മാറാത്തേ

പൂനൈ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് അറസ്റ്റ് ചെയ്തത്. അഴിമതി വിരുദ്ധ നിയമത്തിലെ വകുപ്പുകള്‍, വഞ്ചന, കള്ളപ്പണം, ക്രിമിനല്‍ ഗൂഢാലോചന, തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍ ലംഘിച്ചതായും കുല്‍ക്കര്‍ണിക്ക് ഒരേ കെട്ടിടം ഈടായി കാണിച്ച് പലതവണ വായ്പ നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്. 1154 കോടി രൂപ തട്ടിയെടുക്കുകയും 2892 കോടിയുടെ വായ്പ വകമാറ്റുയും ചെയ്ത കേസില്‍ ജയിലില്‍ കഴിയുകയാണ് ഡി എസ് കുല്‍ക്കര്‍ണി. നിക്ഷേപ തട്ടിപ്പ് കേസില്‍ ഫെബ്രുവരി 17ന് അറസ്റ്റിലായ കുല്‍ക്കര്‍ണിയും ഭാര്യയും ബന്ധുക്കളും ജയിലില്‍ കഴിയുകയാണ്. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്.