LiveTV

Live

National

ആരാണ് കശ്മീര്‍ ഗവര്‍ണര്‍ എന്‍.എന്‍ വോറ?

ഒരിടവേളക്ക് ശേഷം കശ്മീര്‍ വീണ്ടും ഗവര്‍ണര്‍ ഭരണത്തിന്‍ കീഴിലാവുകയാണ്. അതിനൊപ്പം ഒരിക്കല്‍ കൂടി വാര്‍ത്തകളില്‍ ഇടം നേടുകയാണ് ജമ്മു കശ്മീര്‍ ഗവര്‍ണര്‍ എന്‍.എന്‍ വോറ.

ആരാണ് കശ്മീര്‍ ഗവര്‍ണര്‍ എന്‍.എന്‍ വോറ?

ഒരിടവേളക്ക് ശേഷം കശ്മീര്‍ വീണ്ടും ഗവര്‍ണര്‍ ഭരണത്തിന്‍ കീഴിലാവുകയാണ്. അതിനൊപ്പം ഒരിക്കല്‍ കൂടി വാര്‍ത്തകളില്‍ ഇടം നേടുകയാണ് ജമ്മു കശ്മീര്‍ ഗവര്‍ണര്‍ എന്‍.എന്‍ വോറ. പദവിയില്‍ വോറ പത്താം വര്‍ഷം പൂര്‍ത്തിയാക്കാനിരിക്കെയാണ് കശ്മീര്‍ വീണ്ടും ഗവര്‍ണര്‍ ഭരണത്തിന്‍ കീഴിലാകുന്നത്.

വോറ നേരത്തെ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായും പ്രതിരോധ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1997-98 കാലഘട്ടത്തില്‍ അന്നത്തെ പ്രധാനമന്ത്രി ഐ.കെ ഗുജറാലിന്‍റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു. 82 കാരനായ വോറയ്ക്ക് രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. അമര്‍നാഥ് യാത്ര അവസാനിക്കുന്നതു വരെ രാജ്ഭവനില്‍ വോറ തുടരുമെന്നാണ് സൂചന.

വോറയെ അറിയാം:

1) പഞ്ചാബ് കേഡറിലെ 1959 ബാച്ചിലുള്ള ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നു വോറ. സിവില്‍ സര്‍വീസിലിരുന്ന കാലത്ത് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു. ആഭ്യന്തര സെക്രട്ടറിയായും പ്രതിരോധ സെക്രട്ടറിയായും ഡിഫന്‍സ് പ്രൊഡക്ഷന്‍ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2007 ലാണ് രാജ്യം അദ്ദേഹത്തിന് പത്മവിഭൂഷന്‍ നല്‍കി ആദരിച്ചത്.

2) 2003 മുതല്‍ ഗവര്‍ണര്‍ പദവി ഏറ്റെടുത്തതു വരെ ജമ്മു കശ്‍മീര്‍ സംബന്ധിച്ച വിഷയങ്ങളിലെ ചര്‍ച്ചകളില്‍ രാജ്യത്തിന്‍റെ മധ്യസ്ഥനായിരുന്നു. 2008 ല്‍ ഈ പദവി ഒഴിഞ്ഞ ശേഷമാണ് ഗവര്‍ണര്‍ സ്ഥാനം അദ്ദേഹം ഏറ്റെടുക്കുന്നത്. ഗവര്‍ണര്‍ പദവി ഏറ്റെടുത്തതു മുതല്‍ വിഘടനവാദികളും സംസ്ഥാന സര്‍ക്കാരുമായി അദ്ദേഹം നിരന്തരം ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു.

3) 18 വര്‍ഷത്തിനിടയില്‍ ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ പദവിയിലെത്തുന്ന സൈനികനും ഐ.പി.എസ് ഉദ്യോഗസ്ഥനുമല്ലാത്ത ആദ്യയാളാണ് വോറ.

4) എന്‍.എന്‍ വോറ അധികാരമേറ്റ ശേഷം ഇത് നാലാം തവണയാണ് സംസ്ഥാനം ഗവര്‍ണര്‍ ഭരണത്തിലാകുന്നത്. ആദ്യം 2008 ജൂലൈ 11 മുതല്‍ 178 ദിവസം ജമ്മു കശ്‍മീര്‍ ഗവര്‍ണര്‍ ഭരണത്തിന്‍ കീഴിലായി. പിന്നീട് 2015 ല്‍ ജനുവരി ഒമ്പതു മുതല്‍ 51 ദിവസം. 2016 ല്‍ ജനുവരി 8 മുതല്‍ 87 ദിവസം സംസ്ഥാനം ഗവര്‍ണര്‍ ഭരണത്തില്‍ കീഴിലായിരുന്നു. ആദ്യ തവണ അമര്‍നാഥ് ഭൂമി വിവാദവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് - പി.ഡി.പി സഖ്യം പിളര്‍ന്നപ്പോള്‍. രണ്ടാം തവണ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാതെ വന്നപ്പോള്‍. മൂന്നാം തവണ മുഫ്തി മുഹമ്മദ് സയ്യീദിന്‍റെ മരണത്തെ തുടര്‍ന്ന്.

5) അമര്‍നാഥ് ക്ഷേത്രത്തിന്‍റെ ബോര്‍ഡ് തലവന്‍ കൂടിയാണ് എന്‍.എന്‍ വോറ.