LiveTV

Live

National

നിയമവിരുദ്ധ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന ആത്മീയ നേതാക്കളെ തൂക്കി കൊല്ലണമെന്ന് ബാബാ രാംദേവ്

കാവിവസ്ത്രം ധരിക്കുന്നുവെന്നത് ഒരിക്കലും ആത്മീയനേതാവാണെന്നതിന്റെ മാനദണ്ഡമാകുന്നില്ലെന്നും രാംദേവ്

നിയമവിരുദ്ധ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന ആത്മീയ നേതാക്കളെ തൂക്കി കൊല്ലണമെന്ന് ബാബാ രാംദേവ്

ആള്‍ദൈവമെന്ന് മറ്റുള്ളവരെ വിശ്വസിപ്പിച്ചുകൊണ്ട് നിയമവിരുദ്ധപ്രവര്‍ത്തനം നടത്തുന്നവരെ തൂക്കിക്കൊല്ലണമെന്ന് ബാബ രാംദേവ്. ആരാണോ തങ്ങളുടെ പരിധി ലംഘിക്കുന്നത് അവരെ ജയിലിലടച്ചാല്‍ മാത്രം പോര, തൂക്കിക്കൊല്ലുകയാണ് വേണ്ടത് എന്നായിരുന്നു രാം ദേവിന്റെ പ്രസ്താവന. രാജസ്ഥാനിലെ കോട്ടയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകാന്‍ പാടില്ലെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു.

ഒരാള്‍ കാവി വസ്ത്രം ധരിക്കുന്നത്, അതൊരിക്കലും മതനേതാവോ, ആത്മീയ നേതാവോ ആണെന്നതിന് തെളിവല്ല. ഓരോ ജോലിക്കും അതിന്റേതായ പെരുമാറ്റചട്ടങ്ങളുണ്ട്. അത് സന്യാസിമാര്‍ക്കും ആത്മീയനേതാക്കള്‍ക്കുമെല്ലാം ബാധകമാണ്. ഒരാളെ കാവി വസ്ത്രം ധരിച്ചതുകൊണ്ടുമാത്രം സന്യാസിയെന്ന് വിളിക്കാന്‍ കഴിയില്ല. അതിന് അയാളുടെ പെരുമാറ്റം കൂടി മാനദണ്ഡമാകേണ്ടതുണ്ട് - രാം ദേവ് പറഞ്ഞു.

ദാത്തി മഹാരാജ് എന്ന സ്വയംപ്രഖ്യാപിത ആള്‍ദൈവത്തിനെതിരെ ബലാത്സംഗവും വഞ്ചനയും അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി കേസെടുത്ത സാഹചര്യത്തിലാണ് ബാബ രാംദേവിന്റെ പ്രതികരണം. ദേരാ സച്ചാ സൌധാ അധിപന്‍ ഗുര്‍മീത് രാം റഹീം സിംഗ്, രാഷ്ട്രീയ സ്വയംസേവക് സംഗ് പ്രചാരകനായ അസീമാനന്ദ, നിത്യാനന്ദ്, ആശാറാം, മകന്‍ നാരായണ്‍ സായ്, രാധേ മാ, സച്ചിദാനന്ദ് ഗിരി തുടങ്ങി പ്രശസ്തരായ നിരവധി പേരാണ് ഈ അടുത്ത കാലത്ത് നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതികളായിട്ടുള്ളത്.