LiveTV

Live

National

ഗൗരി ലങ്കേഷ് കൊലപാതക കേസ് ചുരുളഴിഞ്ഞത് ഇങ്ങനെ !!! 

അന്ന് അറസ്റ്റിലായ ആറു പേരില്‍ ഒരാളാണ് ഇരുപത് വയസുകാരനും ബിരുദധാരിയുമായ പരശുറാം വാഗ്‍മോര്‍.

ഗൗരി ലങ്കേഷ് കൊലപാതക കേസ് ചുരുളഴിഞ്ഞത് ഇങ്ങനെ !!! 

മഹാരാഷ്ട്ര അതിര്‍ത്തിക്കടുത്തായി കര്‍ണാടകയിലെ ഒരു ചെറു പട്ടണമാണ് സിന്ദഗി. തലമുറക്കളായി ഹിന്ദുകളും മുസ്ലീങ്ങളും സൌഹാര്‍ദ്ദത്തോടെ ജീവിക്കുന്ന, സമാധാനാന്തരീക്ഷമുള്ള ഒരു പ്രദേശം. 2012 ലെ പുതുവത്സര ദിനത്തില്‍ സിന്ദഗിയിലെ തഹസില്‍ദാര്‍ ഓഫീസിന് മുന്നില്‍ ആരോ പാകിസ്ഥാന്‍റെ ദേശീയ പതാക ഉയര്‍ത്തി. അതോടെ ആ നഗരം വര്‍ഗീയ കലാപത്തിന്‍റെ വക്കിലെത്തി. സംഘര്‍ഷാവസ്ഥയെ ഏറെ കനപ്പിച്ചത് ശ്രീരാമസേനയുടെ പ്രവര്‍ത്തകരായിരുന്നു. എന്നാല്‍ പാകിസ്ഥാന്‍ പതാക ഉയര്‍ത്തിയ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടതും ഇതേ ശ്രീരാമസേനയുടെ പ്രധാന പ്രവര്‍ത്തകരായിരുന്നു. അന്ന് അറസ്റ്റിലായ ആറു പേരില്‍ ഒരാളാണ് ഇരുപത് വയസുക്കാരനും ബിരുദധാരിയുമായ പരശുറാം വാഗ്‍മോര്‍.

വര്‍ഷങ്ങള്‍ പിന്നിട്ടു, സിന്ദഗില്‍ സമാധാനം തിരിച്ചെത്തി. 2018 ജൂണ്‍ 11ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൌരി ലങ്കേഷിന്‍റെ കൊലപാതക കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം സിന്ദഗിലെത്തി. പരശുറാം വാഗ്‍മോറിനെ അന്വേഷിച്ചാണ് അവരെത്തിയത്. പരശുറാമിനിപ്പോള്‍ 26 വയസ്സാണ്. പട്ടണത്തില്‍ ഒരു ഇന്‍റര്‍നെറ്റ് കഫേ നടത്തുകയാണ് അദ്ദേഹം.

തന്നെ തേടി വന്ന പൊലീസ് സംഘത്തോട് പരശുറാം പറഞ്ഞു, എനിക്കാറിയാമായിരുന്നു നിങ്ങള്‍ എന്നെ തേടി വരുമെന്ന്. ബംഗളൂരുവിലേക്ക് കുടുതല്‍ ചോദ്യം ചെയ്യലിനായി കൊണ്ടു പോകുന്നതിന് മുമ്പേ അവന്‍ ഗൌരി ലങ്കേഷിനെ വെടിവെച്ച് കൊന്നത് ഞാനാണെന്ന് കുറ്റസമ്മതം നടത്തി.

കേസിന്റെ ചുരുളഴിയുന്നു

കര്‍ണാടക, മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ത്രീവ്രഹിന്ദുത്വ സംഘടനകളെ കേന്ദ്രീകരിച്ചുണ്ടാക്കിയ 200 പേരുടെ ലിസ്റ്റ് പിന്‍തുടര്‍ന്നാണ് ഗൌരി ലങ്കേഷ് കൊലപാതക കേസ് അന്വേഷണം ആരംഭിച്ചത്. കല്‍ബുര്‍ഗി, നരേന്ദ്ര ദബോര്‍ഗര്‍, ഗോവിന്ദ് പന്‍സാരെ തുടങ്ങിയവരുടെ കൊലപാതക കേസുമായി ഏറെ സമാനതകളുള്ളതായിരുന്നു ഈ കേസും.

കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥന്‍റെ വാക്കുകള്‍; ഏതാണ്ട് ഒന്നരകോടി ഫോണ്‍കോളുകളാണ് ഇതിനായി ഞങ്ങള്‍ പരിശോധിച്ചത്.

ഇതിനിടെയാണ് ആദ്യ രഹസ്യവിവരം ലഭിക്കുന്നത്. ഗൌരി ലങ്കേഷിന്‍റെ വീടിന് 35 കിലോമീറ്റർ അകലെ സുരേഷ് എന്ന ഒരാളുടെ വീട് രണ്ട് പേര്‍ 2017 ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ വാടകക്കെടുത്ത വിവരമായിരുന്നു അത്. ഇതില്‍ നിന്നാണ് സനാതന്‍ സന്‍സ്ത, ഹിന്ദു ജനജാഗൃതി സമിതി എന്നീ സംഘടനകളുടെ പ്രധാന പ്രവര്‍ത്തകനും ഹിന്ദു യുവസേന എന്ന സംഘടനയുടെ സ്ഥാപകനുമായ കെ.ടി നവീന്‍കുമാറിന്‍റെ കോളുകള്‍ ഞങ്ങള്‍ ശ്രദ്ധിക്കുന്നത്. ചിക്കമംഗ്ലൂർ ജില്ലക്കാരനായ ഇയാള്‍ക്ക് 37 വയസ്സാണ്. 2017 നവംബര്‍ പകുതി മുതല്‍ ഫെബ്രുവരി വരെ നവീന്‍കുമാരിന്‍റെ മുഴുവന്‍ ഫോണ്‍കോളുകളും നീരിക്ഷിച്ചു. അതോടെ പ്രമുഖ കന്നഡ എഴുത്തുകാരനും യുക്തിവാദി നേതാവുമായ പ്രൊഫ കെ.എസ് ഭഗവാനെ വധിക്കാനായുള്ള ഗൂഢാലോചനയെപ്പറ്റി വിവരം ലഭിച്ചു.

വെടിക്കോപ്പ് സംഘടിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു നവീന്‍കുമാര്‍. ഇതിലൂടെയാണ് ഈ കൊലയാളി സംഘത്തിലെ സുപ്രധാന കണ്ണിയായ പ്രവീണിനെക്കുറിച്ചുള്ള സൂചനകള്‍ ലഭിക്കുന്നത്.

ഗൗരി ലങ്കേഷ് കൊലപാതക കേസ് ചുരുളഴിഞ്ഞത് ഇങ്ങനെ !!! 

കെ.എസ് ഭാഗവാനെ കൊലപ്പെടുത്തുവാനായുള്ള പദ്ധതി വേഗത്തില്‍ പുരോഗമിക്കുന്നതിനാല്‍ 2018 ഫെബ്രുവരി 19 ന് നവീന്‍കുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഫെബ്രുവരി 25 ന് തന്നെ ഒരു കല്യാണ പാര്‍ട്ടിക്കിടെ പ്രവീണിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ആസൂത്രണം നടത്തിവരികയായിരുന്നു. എന്നാല്‍ രണ്ട് ദിവസം മുമ്പേ പൊലീസ് ആസുത്രണത്തെപ്പറ്റി ഒരു കന്നഡ വാര്‍ത്താ ചാനല്‍ വാര്‍ത്ത പുറത്ത് വിട്ടു. മൂന്ന് മാസം മുമ്പേ അവസാനിപ്പിക്കാമായിരുന്ന ഒരു കേസാണ് ആ റിപ്പോര്‍ട്ടോടെ അവതാളത്തിലായത്, പ്രത്യേക അന്വേഷണ സംഘത്തിന്‍റെ മേധാവി ബി.കെ സിങ് ദേഷ്യത്തോടെ പറഞ്ഞു.

പിന്നീട് കഴിഞ്ഞ മെയ് മാസമാണ് പ്രവീണ്‍ അറസ്റ്റിലാക്കുന്നത്. ബംഗളൂരുവില്‍ വെച്ച് നിയമവിരുദ്ധമായി വെടിയുണ്ടകള്‍ സൂക്ഷിച്ച കേസില്‍. പ്രവീണില്‍നിന്ന് പിടിച്ചെടുത്ത ഡയറിയില്‍ നിന്ന് മറ്റനേകം വിവരങ്ങള്‍ ലഭിച്ചു. നിരവധി ഫോണ്‍നമ്പറുകള്‍, രഹസ്യ കോഡുകള്‍, ഗൌരി ലങ്കേഷിന്‍റെ വീടിലേക്കുള്ള റൂട്ട് മാപ്പ് തുടങ്ങിയ ആ ഡയറിയിലുണ്ടായിരുന്നു.

പ്രവീണില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മൂന്ന് പേര്‍കൂടി അറസ്റ്റിലായി. പൂനെയില്‍വെച്ച് അമോല്‍കാലെ(39), ഗോവയില്‍നിന്ന് അമിത് ദേഗ്വേക്കര്‍(39), കര്‍ണാടകയിലെ വിജയപുരയില്‍നിന്ന് മനോഹര്‍ ഇവ്ഡെ (29).

ഹിന്ദുവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നതിനാല്‍ വധിക്കപ്പെടേണ്ടവരായി ഈ സംഘം തീരുമാനിച്ചിട്ടുള്ള 26 ആളുകളുടെ പട്ടിക അടക്കമുള്ള വിവരങ്ങളാണ് അമോല്‍ കാലെയില്‍നിന്ന് പൊലീസ് സംഘത്തിന് ലഭിച്ചത്. ഹിറ്റ്ലിസ്റ്റിലുള്ള പത്ത് പേര്‍ കര്‍ണാടകയില്‍ നിന്നുള്ളവരാണ്. ഗൌരി ലങ്കേഷ്, പ്രൊഫ. ഭഗവാന്‍ എന്നിവര്‍ക്ക് പുറമെയുള്ള പേരുകള്‍ വെളിപ്പെടുത്തുന്നത് സുരക്ഷാകാരണങ്ങളാള്‍ പൊലീസ് ഉദ്യോഗസ്ഥന്‍ വിനയത്തോടെ നിരസിച്ചു.

പരശുറാം വാഗ്‍മോറിലേക്ക് പൊലീസിനെ നയിച്ചതും അമോല്‍ കാലെയെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളാണ്. കാലെ നല്‍കിയ തോക്ക് ഉപയോഗിച്ചാണ് പരശുറാം ഗൌരി ലങ്കേഷിനെതിരെ നിറയൊഴിച്ചത്. 7.65 എം.എം നാടന്‍ പിസ്റ്റള്‍ ഇതുവരെയും കണ്ടെടുക്കപ്പെട്ടിട്ടില്ല. ഇതേ തോക്കാണ് ഗോവിന്ദ് പന്‍സാരെ, എം.എം കല്‍ബുര്‍ഗിയെയും കൊല്ലാന്‍ ഉപയോഗിച്ചത് എന്ന് സംശയിക്കുന്നുണ്ട്.

 Sketches of two suspects in the Gauri Lankesh murder case  
Sketches of two suspects in the Gauri Lankesh murder case  

ഗൌരി ലങ്കേഷിനെതിരെ വെടി ഉതിര്‍ക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രമാണ് കാലെ എന്നെ തോക്ക് ഏല്‍പ്പിച്ചത്. കൊല നടത്തി 15 മിനിറ്റിനകം തന്നെ താന്‍ അത് മറ്റൊരാള്‍ക്ക് കൈ മാറുകയും ചെയ്തു. പരശുറാം വാഗ്‍മോര്‍ പൊലീസിനോട് പറഞ്ഞു.

ഈ കേസ് ഇവിടെ അവസാനിക്കുന്നില്ല. ഹിന്ദുയുവ സേന, ശ്രീരാമസേന, സനാതന്‍ സന്‍സ്ത, ഹിന്ദു ജനജാഗൃതി സമിതി തുടങ്ങിയ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഇതുവരെ പിടിയായത്. പൊലീസിന് ഇനിയും തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ട്. കുറ്റകൃത്യം നിര്‍വഹിക്കുന്നതിനായി ഉപയോഗിക്കുന്നത് പേരില്ലാത്ത ഒരു സംഘത്തെയാണ്. ഭീകര സെല്ലായി പ്രവര്‍ത്തിക്കുന്ന ഒരു സംഘത്തെ. തീവ്ര മതവികാരം കുത്തിവെച്ച് ഭീകരതയുടെ നടത്തിപ്പുക്കാരായി ഉപയോഗിക്കപ്പെടുന്നവര്‍.

2012 ലെ പാകിസ്ഥാന്‍ പതാക ഉയര്‍ത്തല്‍ കേസില്‍ പങ്കാളിയായത് കൊണ്ടാണ് പരശുറാം വാഗ്‍മോറിലേക്കെത്താന്‍ പൊലീസിന് പെട്ടെന്ന് സാധിച്ചത്. പൊലീസ് ഉദ്യോഗസ്ഥാന്‍ പറഞ്ഞ് അവസാനിപ്പിച്ചു.

ദ ഹിന്ദു, ദ പ്രിന്റ് റിപ്പോര്‍ട്ടുകളെ അവലംബിച്ചെഴുതിയത്

സ്വതന്ത്ര പരിഭാഷ: ഷംസുദ്ധീന്‍ അല്ലിപ്പാറ