LiveTV

Live

National

സ്ഥലതര്‍ക്കം: സ്ത്രീയുടെ നെഞ്ചത്ത് തൊഴിച്ച ജനപ്രതിനിധിയെ അറസ്റ്റ് ചെയ്തു

ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് അറസ്റ്റ്

സ്ഥലതര്‍ക്കം: സ്ത്രീയുടെ നെഞ്ചത്ത് തൊഴിച്ച ജനപ്രതിനിധിയെ അറസ്റ്റ് ചെയ്തു

സ്ഥലവില്‍പ്പനയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ സ്ത്രീയുടെ നെഞ്ചത്ത് ചവിട്ടിയ ബ്ലോക്ക് പഞ്ചായത്തംഗം അറസ്റ്റില്‍. തെലുങ്കാനയിലെ നിസാമാബാദ് ജില്ലയിലാണ് സംഭവം. ഇന്നലെയാണ് സ്ത്രീക്കെതിരെ ഇയാളുടെ അക്രമമുണ്ടായത്. സംഭവത്തിന്റെ വീഡിയോ പുറത്തായതോടെ വിഷയം ചര്‍ച്ചയാവുകയും തുടര്‍ന്ന് പൊലീസ് ഇന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതിയുടെ പ്രതിനിധിയാണ് ആരോപണ വിധേയന്‍. ധര്‍പ്പള്ളി മാണ്ഡല്‍ പരിഷത്ത് പ്രസിഡന്റ് ഇമ്മടി ഗോപിയാണ് അറസ്റ്റിലായത്.

ഗൗരാരാം ഗ്രാമത്തിലെ രാജവ്വ എന്ന സ്ത്രീയുടെ നെഞ്ചത്ത് ഇയാള്‍ ചവിട്ടുന്നത് വ്യാപകമായി സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. സംഭവത്തിന് ദൃക്സാക്ഷികളായവരില്‍ ആരോ പകര്‍ത്തിയ മൊബൈല്‍ വീഡിയോ ആയിരുന്നു ഇത്.

10 മാസം മുമ്പ് ഗോപിയില്‍ നിന്ന് രാജവ്വ വാങ്ങിയ ഭൂമിയുടെ പേരില്‍ ഇവര്‍ തമ്മില്‍ തര്‍ക്കം നടക്കുന്നുണ്ടായിരുന്നു. 1125 ചതുരശ്ര വാര സ്ഥലവും ഒരു ഗസ്റ്റ് ഹൌസും 33.72 ലക്ഷത്തിനാണ് ഗോപിയില്‍ നിന്ന് രാജവ്വ വാങ്ങുന്നത്. എന്നാല്‍ പണം കൈമാറിയിട്ടും, പലതവണ അക്കാര്യം ഓര്‍മിപ്പിച്ചിട്ടും രാജവ്വയ്ക്ക് സ്ഥലം കൈമാറാന്‍ ഗോപി തയ്യാറായില്ല.

സ്ഥലത്തിന്റെ മാര്‍ക്കറ്റ് വില കൂടിയെന്നും 60 ലക്ഷം രൂപ കൂടി നല്‍കിയെങ്കില്‍ മാത്രമേ സ്ഥലം കൈമാറാന്‍ സാധിക്കൂ എന്നായിരുന്നു ഗോപിയുടെ വാദം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയാത്തതിനാല്‍ രാജവ്വ ഇന്‍ടാല്‍വായ് പോലീസില്‍ പരാതിയും നല്‍കി.

ഞായറാഴ്ച ഗോപിയുടെ വീടിനു മുന്നിലെത്തിയ രാജവ്വ സ്ഥലം കൈമാറിയില്ലെങ്കില്‍ പ്രതിഷേധമിരിക്കുമെന്ന് ഗോപിയെ അറിയിച്ചു. എന്നാല്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ ഗോപി ഇവരോട് മോശമായി പെരുമാറുകയായിരുന്നു. ക്ഷമ നശിച്ച രാജവ്വ ചെരുപ്പൂരി ഗോപിയെ അടിച്ചു. പ്രകോപിതനായ ഗോപി രാജവ്വയുടെ നെഞ്ചത്ത് ആ‍ഞ്ഞ് ചവിട്ടുകയായിരുന്നു.

ഗോപി രാജവ്വിയെ ചവിട്ടുന്നതിന്റെ ദൃശ്യം കണ്ടുനിന്നയാള്‍ കാമറയില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തതോടെ സംഭവം വലിയ വിവാദമാകുകയായിരുന്നു.

ഗോപിക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തതതായി ഇന്‍ടാല്‍വായ് പൊലീസ് അറിയിച്ചു.