LiveTV

Live

National

സമരത്തിലല്ലെന്ന് ഐഎഎസ് ഉദ്യോഗസ്ഥര്‍; പ്രതിഷേധം ജനാധിപത്യ സംരക്ഷണത്തിനെന്ന് കെജ്‍രിവാള്‍

സമരത്തിലല്ലെന്ന് ഐഎഎസ് ഉദ്യോഗസ്ഥര്‍; പ്രതിഷേധം ജനാധിപത്യ സംരക്ഷണത്തിനെന്ന് കെജ്‍രിവാള്‍
Summary
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സമരം ഒരാഴ്ച പിന്നിടുമ്പോള്‍ ആം ആദ്‍മി പാര്‍ട്ടി - ഐഎഎസ് അസോസിയേഷന്‍ തര്‍ക്കം രൂക്ഷമാകുന്നു

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സമരം ഒരാഴ്ച പിന്നിടുമ്പോള്‍ ആം ആദ്‍മി പാര്‍ട്ടി - ഐഎഎസ് അസോസിയേഷന്‍ തര്‍ക്കം രൂക്ഷമാകുന്നു. ഐഎഎസ് ഉദ്യോഗസ്ഥര്‍ സമരത്തിലാണെന്ന പ്രചാരണം തെറ്റാണെന്നും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്നും ഐഎഎസ് അസോസിയേഷന്‍ വ്യക്തമാക്കി. തെരുവിലെ പ്രതിഷേധം അടിച്ചമര്‍ത്താനാകില്ലെന്നായിരുന്നു കെജ്‌രിവാളിന്റെ മറുപടി.

കെജ്‍രിവാളിന്റെയും ആം ആദ്‍മി പാര്‍ട്ടിയുടെയും ആരോപണങ്ങളെ തള്ളിയാണ് ഐഎഎസ് അസോസിയേഷന്‍ രംഗത്തെത്തിയത്. അസാധാരണവും മുന്‍പുണ്ടാകാത്തതുമായ സാഹചര്യമാണ് ഡല്‍ഹിയില്‍ തുടരുന്നതെന്നും അതിനാലാണ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്താന്‍ നിര്‍ബന്ധിതരായതെന്നും അസോസിയേഷന്‍ വിശദീകരിച്ചു. എഐഎസ് ഉദ്യോഗസ്ഥര്‍ സമരത്തിലാണെന്ന ആരോപണം അസോസിയേഷന്‍ തള്ളി. തങ്ങള്‍ പ്രവർത്തിക്കുന്നത് ഭരണഘടനാപരമായാണ്. നിഷ്പക്ഷമായാണ് നിലകൊള്ളുന്നത്. ഐഎഎസ് ഉദ്യോഗസ്ഥരെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

തങ്ങളെ ഒരു വിധത്തിലും അടിച്ചമര്‍ത്താനാകില്ലെന്നും പ്രതിഷേധം ജനാധിപത്യ സംരക്ഷണത്തിനാണെന്നും ആയിരുന്നു കെജ്‍രിവാളിന്റെ മറുപടി. ഇതിനിടെ കെജ്‍രിവാളിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവര്‍ പ്രധാനമന്ത്രിയെ കണ്ടു. പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണണമെന്ന ആവശ്യമാണ് നീതി ആയോഗ് യോഗത്തിനിടെ നടത്തിയ കൂടിക്കാഴ്ചയില്‍ നാല് മുഖ്യമന്ത്രിമാര്‍ ഉന്നയിച്ചത്.