ഗൗരി ലങ്കേഷും കല്‍ബുര്‍ഗിയും കൊല്ലപ്പെട്ടത് ഒരേ തോക്കുപയോഗിച്ച്

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷും കന്നഡ എഴുത്തുകാരന് എം.എം കല്‍ബുര്‍ഗിയും കൊല്ലപ്പെട്ടത് ഒരേ തോക്കുപയോഗിച്ചെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം മെയ് 30ന് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇരുവരെയും വധിക്കാന്‍ 7.65 എം.എം നാടന്‍ തോക്കാണ് ഉപയോഗിച്ചതെന്ന് റിപ്പോര്‍ട്ടിലുണ്ട്.

രണ്ട് കൊലപാതകങ്ങള്‍ക്ക് പിന്നിലും ഒരേസംഘമാണെന്ന് നേരത്തെ തന്നെ സംശയമുയര്‍ന്നിരുന്നു. എന്നാല്‍ ഇത് ആദ്യമായാണ് സര്‍ക്കാര്‍ ഏജന്‍സി തന്നെ ഇക്കാര്യം ഔദ്യോഗികമായി സമ്മതിക്കുന്നത്. ഗൗരി ലങ്കേഷിന്റെ ശരീരത്തില്‍ നിന്ന് മൂന്നു വെടിയുണ്ടകളും കല്‍ബുര്‍ഗിയുടെ ശരീരത്തില്‍ നിന്ന് രണ്ട് വെടിയുണ്ടകളുമാണ് കണ്ടെത്തിയിരുന്നത്.
ഗൗരി ലങ്കേഷ് 2017 സെപ്തംബര്‍ അഞ്ചിന് ബംഗലൂരുവിലെ സ്വന്തം വസതിയില്‍ വച്ചായിരുന്നു വെടിയേറ്റ് കൊല്ലപ്പെട്ടത്. 2015 ആഗസ്ത് 30ന് സ്വന്തം വീട്ടില്‍ വെച്ചായിരുന്നു കല്‍ബുര്‍ഗി വെടിയേറ്റ് കൊല്ലപ്പെടുന്നത്. കല്‍ബുര്‍ഗി വധം മുന്‍കൂട്ടിയുള്ള ഗൂഢാലോചനയല്ലെന്നും അതുകൊണ്ട് കേന്ദ്ര ഏജന്‍സി അന്വേഷിക്കേണ്ടതില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയിലെടുത്ത നിലപാട്.
ഹിന്ദുവിരുദ്ധ നിലപാടുകള്‍ മൂലമാണ് ഗൗരി ലങ്കേഷിന്റെ കൊലപ്പെടുത്തിയതെന്ന് പ്രധാന പ്രതി നവീന്‍ കുമാര്‍ സമ്മതിച്ചിരുന്നു. ഹിന്ദു യുവസേന എന്ന സംഘടനയുടെ പ്രവര്‍ത്തകനാണ് നവീന്‍കുമാര്‍. ഇയാളടക്കം നാല് പ്രതികളാണ് കേസില്‍ അറസ്റ്റിലായത്.