LiveTV

Live

National

പൊതു അവധികള്‍ വെട്ടിച്ചുരുക്കി യുപി സര്‍ക്കാര്‍

പൊതു അവധികള്‍ വെട്ടിച്ചുരുക്കി യുപി സര്‍ക്കാര്‍
Summary
ചരിത്ര പുരുഷന്‍മാരുടെയും രാഷ്ട്രീയ, മത നോതാക്കളുടെയും ജന്മമരണ ദിനങ്ങളില്‍ ഏര്‍പ്പെടുത്തിയ അവധികളാണ് സര്‍ക്കാര്‍ വെട്ടിക്കുറച്ചത്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കിയിരുന്ന പൊതു അവധികള്‍ യുപി സര്‍ക്കാര്‍ വെട്ടിക്കുറച്ചു. 15 പൊതു അവധികളാണ് സര്‍ക്കാര്‍ ഒഴിവാക്കിയത്. പ്രശസ്തവ്യക്തികളോടുള്ള ആദരസൂചകമായി നല്‍കിവന്ന അവധികള്‍ ഒഴിവാക്കി അവരെക്കുറിച്ച് പഠിക്കാന്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി.

ചരിത്ര പുരുഷന്‍മാരുടെയും രാഷ്ട്രീയ, മത നോതാക്കളുടെയും ജന്മമരണ ദിനങ്ങളില്‍ ഏര്‍പ്പെടുത്തിയ അവധികളാണ് സര്‍ക്കാര്‍ വെട്ടിക്കുറച്ചത്. കൂടുതലും സമാജ്‌വാദി സര്‍ക്കാരിന്റെ കാലത്ത് ഏര്‍പ്പെടുത്തിയതാണ്. നിലവില്‍ 104 വാരാന്ത്യ അവധികളടക്കം 180 ഒഴിവ് ദിവസങ്ങളാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിച്ചിരുന്നത്. വര്‍ഷത്തില്‍ പകുതിയോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവധിയിലാകുന്ന അവസ്ഥയാണ് നിലവിലുള്ളത്.

പ്രശസ്തവ്യക്തികളോടുള്ള ആദരസൂചകമായി നല്‍കി വരുന്ന അവധി ദിവസം സ്‌കൂളുകളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനും കുട്ടികള്‍ക്ക് അവരെക്കുറിച്ച് അറിവ് പകര്‍ന്ന് കൊടുക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ വിവിധ സംസ്ഥാനസര്‍ക്കാരുകള്‍ ഉള്‍പ്പെടുത്തിയ അവധികളാണ് ഒഴിവാക്കിയവയില്‍ പെടുന്നത്. നബിദിനം, വിശ്വകര്‍മപൂജ, സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ജന്മവാര്‍ഷികദിനം അടക്കമുള്ള അവധികള്‍ ഒഴിവാക്കിയതില്‍ ഉള്‍പ്പെടും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കഠിനമായി ജോലി ചെയ്യണമെന്നും അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അധികാരമേറ്റയുടന്‍ യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു.