LiveTV

Live

National

സുനന്ദ പുഷ്കറിന്‍റെ മരണം: ശശി തരൂരിനെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു

സുനന്ദ പുഷ്കറിന്‍റെ മരണം: ശശി തരൂരിനെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു
Summary
ഗാര്‍ഹിക പീഡനം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.

സുനന്ദ പുഷ്കറിന്‍റെ മരണത്തില്‍ ഭര്‍ത്താവും എംപിയുമായ ശശി തരൂരിനെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. മരണം ആത്മഹത്യയാണെന്ന് പറയുന്ന കുറ്റപത്രത്തില്‍ തരൂരിനെതിരെ ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകള്‍ ചുമത്തി. അവിശ്വസനീയവും അപഹാസ്യവുമാണ് പൊലീസ് നടപടിയെന്ന് ശശി തരൂര്‍ പ്രതികരിച്ചു.

ഡല്‍ഹി പട്യാല ഹൌസ് കോടതിയിലാണ് ഡല്‍ഹി പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. തരൂരിനെതിരെ ചുമത്തിയത് രണ്ട് ജാമ്യമില്ലാ വകുപ്പുകളാണ്. ഗാര്‍ഹിക പീഡനത്തിന് ഐപിസി 498 എ, ആത്മഹത്യാ പ്രേരണക്ക് ഐപിസി 306. കുറ്റം തെളിഞ്ഞാല്‍ 10 വര്‍ഷം വരെ തടവ് ലഭിച്ചേക്കാം. മെഡിക്കല്‍ റിപ്പോര്‍ട്ടിന്‍റെയും ഫോറന്‍സിക് തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കുറ്റപത്രമെന്ന് പൊലീസ് വിശദീകരിച്ചു.

കുറ്റപത്രം അവിശ്വസനീയവും അപഹാസ്യവുമാണ് എന്നായിരുന്നു തരൂരിന്‍റെ പ്രതികരണം. നാല് കൊല്ലത്തിന് ശേഷമാണ് പൊലീസിന്‍റെ കണ്ടെത്തലുകള്‍. കേസില്‍ തെളിവില്ലെന്നാണ് ആറ് മാസം മുന്‍പ് വരെ പൊലീസ് കോടതിയില്‍ പറഞ്ഞിരുന്നതെന്നും തരൂര്‍ ട്വിറ്ററില്‍‌ ചൂണ്ടിക്കാട്ടി. ഈ മാസം ഇരുപത്തിനാലിനാണ് കോടതി കേസ് പരിഗണിക്കുക.

2014 ജനുവരി 17നാണ് ഡല്‍ഹിയിലെ ലീലാ ഹോട്ടലില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷാദ രോഗത്തിനുള്ള അല്‍പ്രാക്സ് ഗുളികകള്‍ അമിത അളവില്‍ ഉള്ളില്‍ ചെന്നതാണ് മരണ കാരണമെന്ന് മെഡിക്കല്‍ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.