LiveTV

Live

National

ബിജെപിക്ക് തിരിച്ചടി; ചന്ദ്രശേഖര കമ്പാര്‍ കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷന്‍

ബിജെപിക്ക് തിരിച്ചടി; ചന്ദ്രശേഖര കമ്പാര്‍ കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷന്‍
Summary
സംഘ്പരിവാര്‍ പിന്തുണയോടെ മത്സരിച്ച ഒഡീഷ എഴുത്തുകാരി പ്രതിഭ റായ് പരാജയപ്പെട്ടു

കേന്ദ്രസാഹിത്യ അക്കാദമി അധ്യക്ഷനായി കന്നട സാഹിത്യകാരന്‍ ചന്ദ്രശേഖര്‍ കമ്പാറിനെ തെരഞ്ഞെടുത്തു. ബിജെപി പിന്തുണയോടെ മത്സരിച്ച പ്രതിഭാ റായിയെയാണ് കമ്പാര്‍ പരാജയപ്പെടുത്തിയത്. ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തിലും സംഘ്പരിവാര്‍ നോമിനി തോറ്റു. നിർവാഹക സമിതിയില്‍ മലയാളത്തിന്റെ പ്രതിനിധിയായി കവി പ്രഭാവർമ്മയെ തെരഞ്ഞെടുത്തു.

കേന്ദ്ര സർക്കാരിനോട് വിയോജിപ്പുള്ള സാംസ്കാരിക പ്രവര്‍ത്തകരില്‍ നിന്ന് സാഹിത്യ അക്കാദമിയെ പിടിച്ചെടുക്കാനുള്ള ബിജെപി നീക്കമാണ് പാളിയത്. ബിജെപി പിന്തുണയോടെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ഒറിയ എഴുത്തുകാരി പ്രതിഭാ റായിക്ക് 29 വോട്ട് മാത്രമേ നേടാനായുള്ളൂ. സ്വതന്ത്ര പാനലുമായി മത്സരിച്ച ചന്ദ്രശേഖർ കമ്പാർ 56 വോട്ട് നേടി. ബിജെപി പിന്തുണയോടെ മത്സരിച്ച നന്ദ കിഷോർ പാണ്ഡെയെ പരാജയപ്പെടുത്തി ഡോ മാധവ് കൗശിക്ക് ഉപാധ്യക്ഷനായി. ജവഹർ ലാൽ നെഹ്‌റു അടക്കമുള്ളവർ വഹിച്ച പദവിയുടെ പാരമ്പര്യം നിലനിർത്തും വിധം പ്രവർത്തിക്കുമെന്ന് ചന്ദ്രശേഖർ കമ്പാർ പറഞ്ഞു.

നിർവാഹക സമിതി അംഗം, മലയാള ഭാഷാ കൺവീനർ എന്നീ പദവികളിലേക്ക് കവി പ്രഭാവർമ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബിജെപി പിന്തുണയുണ്ടായിരുന്ന ഡോക്ടർ എൻ അജിത്കുമാർ മത്സരത്തിൽ നിന്ന് അവസാന നിമിഷം പിന്മാറി. നിർവാഹക സമിതിയിലേക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിലും ബിജെപിക്ക് കാര്യമായ സ്വാധീനം ചെലുത്താനായില്ല.