LiveTV

Live

National

ആ കണ്ണീരിനിടയിലും അയാള്‍ പുഞ്ചിരിക്കുന്നുണ്ടായിരുന്നു....കാണാതെ പോകരുത് ഈ സന്തോഷങ്ങളെ

ആ കണ്ണീരിനിടയിലും അയാള്‍ പുഞ്ചിരിക്കുന്നുണ്ടായിരുന്നു....കാണാതെ പോകരുത് ഈ സന്തോഷങ്ങളെ
Summary
തന്‍വിയുടെ ചെറിയൊരു പ്രവൃത്തി മൂലം ജീവിതം തിരികെ കിട്ടിയത് 62കാരനായ ഒരു എടിഎം സെക്യൂരിറ്റി ജീവനക്കാരനാണ്
ആ കണ്ണീരിനിടയിലും അയാള്‍ പുഞ്ചിരിക്കുന്നുണ്ടായിരുന്നു....കാണാതെ പോകരുത് ഈ സന്തോഷങ്ങളെ

ചെറിയ കാര്യങ്ങളെന്ന് നമ്മള്‍ വിചാരിക്കുന്ന പലതും വലിയ നന്‍മകളാകുന്നത് പെട്ടെന്നായിരിക്കും. ഒരു പുഞ്ചിരി, അല്ലെങ്കില്‍ ഒരു ചെറിയൊരു സ്പര്‍ശം...മറ്റുള്ളവര്‍ക്ക് അത് ആശ്വാസമാകുമ്പോള്‍ അത് ഒരു പുണ്യമാകുന്നു. സഹജീവികളെ കാണാന്‍ കണ്ണില്ലാതെ സോഷ്യല്‍ മീഡിയ ലോകത്ത് മാത്രം ജീവിക്കുന്ന ഇന്നത്തെ യുവത്വത്തിന് മുന്നില്‍ തന്‍വി ജെയിന്‍ എന്ന പൂനെ സ്വദേശിനിയും മാതൃകയാകുന്നതും ഈ നന്‍മ കൊണ്ടാണ്. അതിനും കാരണമായതും സോഷ്യല്‍ മീഡിയ ആണെന്നതും മറ്റൊരു കാര്യം. തന്‍വിയുടെ ചെറിയൊരു പ്രവൃത്തി മൂലം ജീവിതം തിരികെ കിട്ടിയത് 62കാരനായ ഒരു എടിഎം സെക്യൂരിറ്റി ജീവനക്കാരനാണ്.

പൂനെയിലെ ന്യാതി എസ്റ്റേറ്റിന് സമീപമുള്ള എടിഎമ്മിലെ സെക്യൂരിറ്റിയാണ് 62കരാനായ ശിവാജി ഭോസ്‍ലെ. തൊട്ടടുത്ത കഫേയിലെ സ്ഥിരം സന്ദര്‍ശകയാണ് തന്‍വി ജെയിന്‍. ഭോസ്‍ലെക്ക് എന്നും ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ടാണ് തന്‍വി അതുവഴി പോകാറുള്ളത്. ഒരു ദിവസം വളരെ ദുംഖിതനായി കാണപ്പെട്ട ഭോസ്‍ലെയോട് കാര്യം തിരക്കിയപ്പോള്‍ തന്റെ സൈക്കിള്‍ മോഷണം പോയതായി പറഞ്ഞു. പുതിയത് വാങ്ങാനുള്ള പണവും തന്റെ കയ്യിലില്ലെന്നും അയാള്‍ വിഷമത്തോടെ വ്യക്തമാക്കി. അദ്ദേഹത്തിന് പുതിയൊരു സൈക്കിള്‍ വാങ്ങിക്കൊടുക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും പെട്ടെന്ന് പണമുണ്ടായിരുന്നില്ലെന്ന് തന്‍വി പറഞ്ഞു. അതുകൊണ്ടാണ് അദ്ദേഹത്തെ സഹായിക്കണമെന്നാവശ്യപ്പെട്ട് ഒരു ഫേസ്ബുക്ക് പോസ്റ്റിടാന്‍ തീരുമാനിച്ചത്.

തന്‍വിയുടെ പോസ്റ്റിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സൈക്കിള്‍ വാങ്ങാന്‍ ഭോസ്‍ലെയെ സഹായിക്കാമെന്ന വാഗ്ദാനവുമായി നിരവധി പേര്‍ തന്‍വിയെ സമീപിച്ചു. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം തന്‍വിയും കഫേയുടെ ഉടമയുമായ ഷാന്‍ എഡ്‍വേഡും കൂടി ഒരു പുതിയ സൈക്കിള്‍ വാങ്ങി ഭോസ്‍ലെക്ക് നല്‍കി.

സൈക്കിള്‍ കൊടുത്തപ്പോള്‍ സന്തോഷം കൊണ്ട് ഭോസ്‍ലെയുടെ കണ്ണ് നിറഞ്ഞതായും കണ്ണീരിനിടയിലും അദ്ദേഹം പുഞ്ചിരിക്കാന്‍ മറന്നില്ലെന്നും തന്‍വി ഫേസ്ബുക്കില്‍ കുറിച്ചു. ഒരു ചെറിയ കാര്യത്തിലൂടെ ലോകത്തെ എങ്ങിനെ മാറ്റാമെന്നു ഇത് തെളിയിച്ചതായും തന്‍വി പറയുന്നു.