LiveTV

Live

National

ജലക്ഷാമം: ഷിംലയില്‍ വിനോദസഞ്ചാരമേഖലക്ക് വന്‍ തിരിച്ചടി

ജലക്ഷാമം: ഷിംലയില്‍ വിനോദസഞ്ചാരമേഖലക്ക് വന്‍ തിരിച്ചടി
Summary
വിഷയത്തില്‍ ഇടപെട്ട ഹിമാചല്‍ പ്രദേശ് ഹൈക്കോടതി വാട്‌സാപ്പ് ഗ്രൂപ്പുകള്‍ ആരംഭിച്ച് ജലസംരക്ഷണത്തിനായി പരസ്യങ്ങളിലൂടെ ബോധവല്‍ക്കരണം നടത്താന്‍ ഉത്തരവിട്ടു.

ഷിംലയില്‍ ജലദൗര്‍ലഭ്യം രൂക്ഷമായതോടെ സംസ്ഥാനത്തിന്റെ പ്രധാന വരുമാനമാര്‍ഗമായ വിനോദസഞ്ചാരമേഖലയ്ക്ക് വന്‍തിരിച്ചടി. കുടിവെള്ളത്തിന് റേഷന്‍ ഏര്‍പ്പെടുത്തിയതോടെ സഞ്ചാരികളില്‍ ഭൂരിപക്ഷവും യാത്ര റദ്ദാക്കി. ജലസംരക്ഷണത്തിനായി വാട്‌സപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കി ബോധവല്‍ക്കരണം നടത്തണമെന്ന് തദ്ദേശഭരണസ്ഥാപനങ്ങളോട് ഹൈക്കോടതി ഉത്തരവിട്ടു.

ദിവസേന ഇരുപതിനായിരത്തോളം സന്ദര്‍ശകരെത്തുന്ന സ്ഥലമാണ് ഷിംല. ജലക്ഷാമം രൂക്ഷമായതോടെ വിനോദസഞ്ചാരികളില്‍ ഭൂരിപക്ഷവും യാത്ര റദ്ദാക്കിയതാണ് സംസ്ഥാനത്തിന്റെ വരുമാനത്തിന് വന്‍ തിരിച്ചടിയായിരിക്കുന്നത്. നിലവിലെ അവസ്ഥയില്‍, നടത്താനിരുന്ന ഇന്റര്‍നാഷണല്‍ ഷിംല സമ്മര്‍ഫെസ്റ്റിവലും മാറ്റിവെച്ചതായി അധികൃതര്‍ അറിയിച്ചു.

പോലീസ് സംരക്ഷണത്തിലാണ് ഷിംലയില്‍ കുടിവെള്ള വിതരണം നടത്തുന്നത്. പ്രശ്‌നം പരിഹരിക്കാത്തതിനാല്‍ പ്രദേശവാസികള്‍ ഗതാഗതം തടസ്സപ്പെടുത്തി ബിജെപി ഭരിക്കുന്ന മുന്‍സിപ്പല്‍ കോര്‍പ്പറേഷനെതിരെ സമരവും അരംഭിച്ചിട്ടുണ്ട്. വിഷയത്തില്‍ ഇടപെട്ട ഹിമാചല്‍ പ്രദേശ് ഹൈക്കോടതി വാട്‌സാപ്പ് ഗ്രൂപ്പുകള്‍ ആരംഭിച്ച് ജലസംരക്ഷണത്തിനായി പരസ്യങ്ങളിലൂടെ ബോധവല്‍ക്കരണം നടത്താന്‍ ഉത്തരവിട്ടു.

എപ്പോള്‍ ജലവിതരണം ആരംഭിക്കുമെന്നതടക്കമുള്ള കാര്യങ്ങളും വാട്‌സാപ്പ് ഗ്രൂപ്പുകളിലുടെ നല്‍കണം. എല്ലാവര്‍ക്കും തുല്യമായാണോ കുടിവെള്ള വിതരണം നടത്തുന്നത് എന്ന് ഉറപ്പ് വരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. ജലസംഭരണി കവിഞ്ഞ് പോകുന്നിടങ്ങളിലെ ജലവിതരണബന്ധം വിച്ഛേദിക്കാനും കോടതി ആവശ്യപ്പെട്ടു.