LiveTV

Live

National

ഉത്തരേന്ത്യയിലെ വോട്ടെടുപ്പ്; ഇവിഎമ്മില്‍ വ്യാപക ക്രമക്കേടെന്ന് പരാതി; മഹാരാഷ്ട്രയില്‍ 34 ഗ്രാമങ്ങള്‍ വോട്ടെടുപ്പ് ബഹിഷ്കരിച്ചു

ഉത്തരേന്ത്യയിലെ വോട്ടെടുപ്പ്; ഇവിഎമ്മില്‍ വ്യാപക ക്രമക്കേടെന്ന് പരാതി; മഹാരാഷ്ട്രയില്‍ 34 ഗ്രാമങ്ങള്‍ വോട്ടെടുപ്പ് ബഹിഷ്കരിച്ചു
Summary
ഉത്തരേന്ത്യയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഒട്ടേറെയിടങ്ങളില്‍ ഇവിഎമ്മുകളില്‍ വ്യാപക ക്രമക്കേട് നടന്നതായി പരാതി.

ഉത്തരേന്ത്യയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഒട്ടേറെയിടങ്ങളില്‍ ഇവിഎമ്മുകളില്‍ വ്യാപക ക്രമക്കേട് നടന്നതായി പരാതി. ഉത്തര്‍പ്രദേശിലെ കൈരാനയില്‍ എസ്‍പി - ആര്‍എല്‍ഡി സ്ഥാനാര്‍ഥി തബസും ഹസന്‍ ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് രേഖാമൂലം പരാതി നല്‍കി. വിവിധ പോളിങ് സ്റ്റേഷനുകളിലെ ഇവിഎമ്മുകളില്‍ ബിജെപി വ്യാപക തിരിമറി നടത്തിയിട്ടുണ്ടെന്നാണ് ആക്ഷേപം. 150 ഓളം ഇവിഎമ്മുകളില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ഹസന്‍ പരാതിയില്‍ പറയുന്നു. ഇവിഎമ്മുകളിലെ തകരാറിന് കാരണക്കാര്‍ ബിജെപിയാണെന്ന് ശിവസേന നേതാവ് സഞ്ജയ് റൌത്ത് ആരോപിച്ചു. ബിജെപിക്കാര്‍ പണം കൊടുത്ത് ഇവിഎമ്മുകളില്‍ പ്രാദേശികാടിസ്ഥാനത്തില്‍ ക്രമക്കേട് നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കടുത്ത സമ്മര്‍ദം നേരിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിട്ടേണിങ് ഓഫീസര്‍മാരൊക്കെ പേടിച്ചാണ് പണിയെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ മഹാരാഷ്ട്രയില്‍ അരലക്ഷത്തോളം വോട്ടര്‍മാര്‍ പോളിങ് ബഹിഷ്കരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. യുപിയിലെ ബന്ദാര ഗോണ്ഡിയ ലോക് സഭ മണ്ഡലത്തിലെ 34 ഓളം ഗ്രാമങ്ങളാണ് വോട്ടെടുപ്പ് ബഹിഷ്കരിച്ചത്. ഗോസിഖുര്‍ദ് ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട് ഈ ഗ്രാമങ്ങളുടെ ആവശ്യങ്ങള്‍ ഇനിയും സര്‍ക്കാരിന് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കടുത്ത അവഗണനയാണ് നേരിടുന്നതെന്നും ആരോപിച്ചാണ് ഇവര്‍ വോട്ടെടുപ്പ് ബഹിഷ്കരണ തീരുമാനത്തിലേക്ക് എത്തിയത്. ഉത്തര്‍പ്രദേശിലെ കൈരാനയടക്കം നാല് ലോക്സഭ മണ്ഡലങ്ങളിലേക്കും 10 നിയമസഭ മണ്ഡലങ്ങളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണായകമാണ് ഈ തെരഞ്ഞെടുപ്പ്. പലയിടത്തും ബിജെപിക്ക് എതിരെ വിശാല പ്രതിപക്ഷമാണ് മത്സരിക്കുന്നത്. ഉത്തര്‍പ്രദേശിലെ കൈരാന, മഹാരാഷ്ട്രയിലെ പല്‍ഘാര്‍, ബന്ദാര-ഗോണ്ഡിയ, നാഗാലാല്‍റിലെ നാഗാലാന്‍റ് എന്നീ ലോക്സഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. യുപയിലെ നൂര്‍പൂര്‍ ഉള്‍പ്പടെ 10 നിയമസഭാ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. നൂര്‍പൂറില്‍ എസ്പിയും ബിജെപിയും തമ്മിലാണ് പോരാട്ടം.