LiveTV

Live

National

തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താന്‍ 24 ലക്ഷം വോട്ടിങ് മെഷീനുകള്‍ വേണം

തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താന്‍ 24 ലക്ഷം വോട്ടിങ് മെഷീനുകള്‍ വേണം
Summary
2019ല്‍ നിയമസഭാ - ലോക്സഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടക്കുകയാണെങ്കില്‍ രാജ്യത്ത് ആകെ 24 ലക്ഷം വോട്ടിങ് മെഷീനുകള്‍ വേണ്ടി വരുമെന്ന് റിപ്പോര്‍ട്

2019ല്‍ നിയമസഭാ - ലോക്സഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടക്കുകയാണെങ്കില്‍ രാജ്യത്ത് ആകെ 24 ലക്ഷം വോട്ടിങ് മെഷീനുകള്‍ വേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ നിലവില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കൈവശം ഇതില്‍ പകുതി വോട്ടിങ് മെഷീനുകള്‍ മാത്രമേയുള്ളൂ. വോട്ടിങ് മെഷീനുകള്‍ നിര്‍മ്മിക്കാന്‍ സ്വകാര്യ കമ്പനികളെ ആശ്രയിക്കാമെന്ന കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദേശം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ തള്ളിയിരുന്നു.

നിയമ മന്ത്രാലയവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മെയ് 16ന് നടത്തിയ കൂടിക്കാഴ്ചയാണ് ലോക്സഭാ - നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നത് വീണ്ടും സജീവ ചര്‍ച്ചയാക്കുന്നത്. ഈ ചര്‍ച്ചയില്‍ 12 ലക്ഷം വോട്ടിങ് മെഷീനുകള്‍ക്കായി 4500 കോടി രൂപ ആവശ്യമാണെന്നും അത്രത്തോളം തന്നെ വിവിപാറ്റ് മെഷീനുകള്‍ വേണ്ടിവരുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ലോക്സഭാ- നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടക്കുകയാണെങ്കില്‍ പോളിങ് സ്റ്റേഷനില്‍ രണ്ട് വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റ് മെഷീനുകളും വേണം. ഒപ്പം ഇവ രണ്ടായി തിരിച്ച ഇടങ്ങളില്‍ സ്ഥാപിക്കണം. നിലവില്‍ അഞ്ച് പേരെയാണ് പോളിങ് സ്റ്റേഷനില്‍ നിയോഗിക്കുന്നതെങ്കില്‍ അത് കുറഞ്ഞത് ഏഴ് പേരെങ്കിലും വേണ്ടിവരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

പൊതുമേഖലാ സ്ഥാപനങ്ങളായ ഇലക്ട്രോണിക്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും ആവശ്യം വേണ്ട വോട്ടിങ് യന്ത്രങ്ങള്‍ നിര്‍മ്മിക്കാന്‍ അധികം ജോലി ചെയ്യേണ്ടിവരും. എന്നാല്‍ വോട്ടിങ് യന്ത്രങ്ങള്‍ സ്വകാര്യ കമ്പനികള്‍ വഴി നിര്‍മ്മിക്കാമെന്ന കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദേശം നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു. തെരഞ്ഞെടുപ്പിന്‍റെ വിശ്വാസ്യതയെ ഇത് ബാധിക്കുമെന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്നത്.