LiveTV

Live

National

മഴ ലഭിക്കാനായി ഇന്ദ്ര പ്രീതിക്ക് ഗുജറാത്ത് സര്‍ക്കാര്‍ യാഗം നടത്തുന്നു

മഴ ലഭിക്കാനായി ഇന്ദ്ര പ്രീതിക്ക് ഗുജറാത്ത് സര്‍ക്കാര്‍ യാഗം നടത്തുന്നു
Summary
ഗുജറാത്ത് ഉപ മുഖ്യമന്ത്രി നിതിന്‍ പട്ടേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റ് യോഗമാണ് യാഗ തീരുമാനത്തിന് അംഗീകാരം നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി വിജയ് രുപാനി, മന്ത്രിമാര്‍...

മണ്‍സൂണ്‍ മഴ ലഭിക്കാനായി സംസ്ഥാനത്തെ 41 ഇടങ്ങളില്‍ യാഗം നടത്താന്‍ ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനം. 33 ജില്ലാ ആസ്ഥാനങ്ങളിലും സംസ്ഥാനത്തെ എട്ട് പ്രധാന നഗരങ്ങളിലായിരിക്കും ഇന്ദ്രനെ പ്രീണിപ്പിക്കാനായി ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍ യാഗം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ബുധനാഴ്ച്ചയാണ് യാഗത്തിന്റെ സര്‍ക്കാര്‍ തലത്തിലുള്ള തീരുമാനമുണ്ടായിരിക്കുന്നത്.

മെയ് 31നായിരിക്കും 41 പ്രദേശങ്ങളില്‍ ഗുജറാത്തിലെ വിജയ് റുപാനി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ യാഗം നടക്കുക. ഗുജറാത്ത് ഉപ മുഖ്യമന്ത്രി നിതിന്‍ പട്ടേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റ് യോഗമാണ് യാഗ തീരുമാനത്തിന് അംഗീകാരം നല്‍കിയിരിക്കുന്നത്. യാഗശേഷം പ്രസാദം സംസ്ഥാനത്താകെ വിതരണം ചെയ്യുമെന്നും നിതിന്‍ പട്ടേല്‍ അറിയിച്ചു. മുഖ്യമന്ത്രി വിജയ് രുപാനി, മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയ സര്‍ക്കാര്‍ തലത്തിലുള്ള പ്രമുഖരടക്കം യാഗങ്ങളില്‍ പങ്കെടുക്കും.

ഗുരുതരമായ ജലദൗര്‍ലഭ്യം അനുഭവിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. നിലവില്‍ സംസ്ഥാനത്തെ 204 ഡാമുകളിലായി സംഭരണ ശേഷിയുടെ 29 ശതമാനം മാത്രമാണ് വെള്ളമുള്ളത്. 2019ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ജലദൗര്‍ലഭ്യം പ്രധാന വിഷമായി ഉയര്‍ന്നുവരാനുള്ള സാധ്യതയും വളരെക്കൂടുതലാണ്. ഇത്തരം യാഗങ്ങള്‍ സമൂഹത്തിന്റെ ആകെയുള്ള അഭിവൃദ്ധിക്കാണെന്നാണ് യാഗം നടത്തുന്നതിനുള്ള സര്‍ക്കാരിന്റെ പ്രധാന ന്യായീകരണം.

ഇത് ആദ്യമായല്ല ദൈവിക സഹായം ഒരു സംസ്ഥാന സര്‍ക്കാര്‍ തേടുന്നത്. 2015ല്‍ ആന്ധ്ര പ്രദേശ് സര്‍ക്കാര്‍ തിരുപ്പതി ദേവസ്വത്തിനോടാണ് യാഗം നടത്താന്‍ ആവശ്യപ്പെട്ടത്. മഴ ലഭിക്കാന്‍ വേണ്ടി തന്നെയായിരുന്നു അന്നും സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ യാഗം നടന്നത്.