LiveTV

Live

National

കോണ്‍ഗ്രസ് നേതാവ് ജി പരമേശ്വര കര്‍ണാടക ഉപമുഖ്യമന്ത്രിയാകും

കോണ്‍ഗ്രസ് നേതാവ് ജി പരമേശ്വര കര്‍ണാടക ഉപമുഖ്യമന്ത്രിയാകും
Summary
നാളെ കുമാരസ്വാമിക്കൊപ്പം ജി പരമേശ്വര കര്‍ണാടകയിലെ ആദ്യ ദളിത് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും...

കര്‍ണാടകയില്‍ മന്ത്രിസഭ രൂപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയായി. കോണ്‍ഗ്രസിലെ ജി. പരമേശ്വര ഉപമുഖ്യമന്ത്രിയാകും. സ്പീക്കര്‍ പദവിയും കോണ്‍ഗ്രസിനാണ്. മന്ത്രിമാരുടെ സത്യപ്രതിജ്ഞ വിശ്വാസ വോട്ടെടുപ്പിനു ശേഷം നടക്കും.

34 അംഗ മന്ത്രിസഭയില്‍ കോണ്‍ഗ്രസിന് ഉപമുഖ്യമന്ത്രി പദം ഉള്‍പ്പെടെ 22 മന്ത്രിമാരും ജെഡിഎസിന് മുഖ്യമന്ത്രി പദം ഉള്‍പ്പെടെ 12 മന്ത്രിമാരും ഉണ്ടാകും. കോണ്‍ഗ്രസിലെ കെ.ആര്‍. രമേഷ് കുമാര്‍ സ്പീക്കറാകും. ഡെപ്യൂട്ടി സ്പീക്കര്‍ പദവി ജെഡിഎസിനാണ്. മുഖ്യമന്ത്രിയ്‌ക്കൊപ്പം ഉപമുഖ്യമന്ത്രിയും നാളെ സത്യപ്രതിജ്ഞ ചെയ്യും. സ്പീക്കര്‍, ഡെപ്യുട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കും.

ജെഡിഎസ് മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന്, നിയുക്ത മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. മന്ത്രിസ്ഥാനങ്ങള്‍ സംബന്ധിച്ച് തുടര്‍ചര്‍ച്ചകള്‍ നടക്കും. നാളെ വൈകിട്ട് നാലിന് വിധാന്‍ സൗധയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ഇന്ന്, ബംഗലൂരുവിലെത്തിയ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു, എച്ച്.ഡി. ദേവഗൗഡയെയും കുമാരസ്വാമിയെയും കണ്ട് ആശംസകള്‍ അറിയിച്ച് മടങ്ങി. കോണ്‍ഗ്രസുമായുള്ള അകലമാണ് ചടങ്ങില്‍ പങ്കെടുക്കാതിരിയ്ക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.