LiveTV

Live

National

വിമാനയാത്രക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത...

വിമാനയാത്രക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത...
Summary
ഇനി മുതല്‍ വിമാന ടിക്കറ്റ് റദ്ദാക്കുമ്പോള്‍ ക്യാന്‍സലേഷന്‍ ഫീ കൊടുക്കേണ്ടതില്ല.

രാജ്യത്തെ വിമാനയാത്രക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഇനി മുതല്‍ വിമാന ടിക്കറ്റ് റദ്ദാക്കുമ്പോള്‍ ക്യാന്‍സലേഷന്‍ ഫീ കൊടുക്കേണ്ടതില്ല. എന്നാല്‍ ഈ ആനുകൂല്യം ടിക്കറ്റ് ബുക്ക് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ തന്നെ റദ്ദാക്കിയാല്‍ മാത്രമേ ലഭ്യമാകൂ. കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് പുതിയ ഉത്തരവിറക്കിയത്.

ബുക്ക് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ റദ്ദാക്കിയാല്‍ ക്യാന്‍സലേഷന്‍ ഫീ ചുമത്തില്ല. പക്ഷേ വിമാനം പുറപ്പെടുന്നതിന് 96 മണിക്കൂറിന് മുമ്പ് ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് ഇത്തരത്തില്‍ 24 മണിക്കൂറിനുള്ളില്‍ റദ്ദ് ചെയ്ത് ക്യാന്‍സലേഷന്‍ ഫീയില്ലാതെ ആനുകൂല്യം നേടാന്‍ കഴിയൂ. എയര്‍ലൈന്‍സ് കമ്പനികളുടെ വീഴ്ച മൂലം ഏതെങ്കിലും വിമാനം റദ്ദാക്കിയാല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുകയോ ടിക്കറ്റിന്റെ പണം മടക്കി നല്‍കുകയോ ചെയ്യും. വിമാനം വൈകിയാലും വ്യത്യസ്ത രീതികളില്‍ യാത്രക്കാര്‍ക്ക് എയര്‍ലൈന്‍സ് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരും. ഡിജി യാത്രക്ക് വ്യക്തിവിവരശേഖരണാര്‍ഥം ആധാര്‍ ആവശ്യമാണെന്നും വ്യോമയാന മന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു.

വിമാന യാത്രയ്ക്കും വിമാനത്താവളത്തിലെ സുരക്ഷാ പരിശോധന അടക്കമുള്ള കാര്യങ്ങളും പൂര്‍ണ്ണമായി ഡിജിറ്റലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് ഡിജി യാത്ര. ബോര്‍ഡിങ് പാസിന് പകരം ആധാര്‍ ഉപയോഗിക്കാന്‍ കഴിയുന്നതാണ് ഡിജി യാത്രയുടെ പ്രത്യേകത. സമയലാഭവും കൃത്യതയും സുരക്ഷയും ഇതിലൂടെ സാധ്യമാകുമെന്നാണ് വ്യോമയാനമന്ത്രാലയത്തിന്റെ വിശദീകരണം. കഴിഞ്ഞ വര്‍ഷം ജൂണില്‍ വ്യോമയാന മന്ത്രാലയം ഡിജി യാത്ര അവതരിപ്പിച്ചിരുന്നു.