LiveTV

Live

National

ബൊപ്പയ്യ തന്നെ പ്രോടെം സ്‍പീക്കര്‍: വിശ്വാസവോട്ടെടുപ്പ് തത്സമയം സംപ്രേക്ഷണം ചെയ്യണമെന്നും കോടതി

ബൊപ്പയ്യ തന്നെ പ്രോടെം സ്‍പീക്കര്‍: വിശ്വാസവോട്ടെടുപ്പ് തത്സമയം സംപ്രേക്ഷണം ചെയ്യണമെന്നും കോടതി
Summary
ബൊപ്പയ്യയെ പ്രോടെം സ്‍പീക്കറായി നിയമിച്ചത് ചോദ്യം ചെയ്തുള്ള കോണ്‍ഗ്രസ്-ജെഡിഎസ് ഹരജി തള്ളി

കർണാടകയിൽ വിശ്വാസ വോട്ടെടുപ്പ് തത്സമയം സംപ്രേഷണം ചെയ്യാൻ സുപ്രീംകോടതി ഉത്തരവിട്ടു. പ്രോടെം സ്‌പീക്കർ കെ ജി ബൊപ്പയ്യയെ മാറ്റണം എന്ന കോണ്‍ഗ്രസിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. സത്യപ്രതിജ്ഞയും വോട്ടെടുപ്പും അല്ലാതെ മറ്റൊരു അജൻഡയും ഇന്ന് പാടില്ലന്ന് കോടതി നിര്‍ദേശിച്ചു.

ലോക്‍സഭയിലടക്കം പാലിക്കുന്ന കീഴ്‍വഴക്കം മറിക്കടന്നാണ് മുതിർന്ന അംഗം അല്ലാത്ത കെ ജി ബൊപ്പയ്യയെ പ്രോടെം സ്‌പീക്കർ ആക്കിയത് എന്ന് കോണ്‍ഗ്രസ്സ് വാദിച്ചു. എന്നാൽ കീഴ്‍വഴക്കം ചട്ടമോ നിയമമോ ആയി കാണാൻ ആകില്ലെന്ന് കോടതി വ്യക്തമാക്കി. സ്‌പീക്കർ സ്ഥാനത്ത് കെ ജി ബൊപ്പയ്യയുടെ ചരിത്രം മോശമാണെന്നും ചട്ടങ്ങൾ മാറി കടന്നതിന് കോടതിയിൽ നിന്നടക്കം നടപടി നേരിട്ടിട്ടുണ്ടെന്നും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിനായി കബിൽ സിബൽ വാദിചു. എന്നാൽ ബൊപ്പയ്യയെ കേൾക്കാതെ ഉത്തരവിറക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി ഇതിന് നോട്ടീസ് അയക്കേണ്ടി വരുമെന്നും, സമയം എടുക്കും എന്നും വിശ്വാസ വോട്ടെടുപ്പ് നീട്ടേണ്ടി വരുമെന്നും ചൂണ്ടിക്കാട്ടി. നടപടികൾ സുതാര്യമാക്കാൻ തത്സമയ സംപ്രേഷണം ആകാം എന്നും കോടതി പറഞ്ഞു. ഇരുപക്ഷവും ഈ നിർദേശം അംഗീകരിച്ചു.

എല്ലാ ചാനലുകളെയും വോട്ടെടുപ്പ് തത്സമയം സംപ്രേഷണം ചെയ്യാൻ അനുവദിക്കണം എന്ന് ഉത്തരവിലുണ്ട്. എന്നാൽ ലോബി ഡിവിഷൻ വേണമോ വേണ്ടയോ തുടങ്ങി ഏത് രീതിയിൽ വോട്ടെടുപ്പ് നടത്തണം എന്നത് സംബന്ധിച്ച് കോടതിയിൽ നിന്ന് നിർദേശം ഉണ്ടായില്ല.

ഇന്നലെ രാത്രിയാണ് ഇരു പാര്‍ട്ടികളും അപേക്ഷ സമര്‍പ്പിച്ചത്.എത്രയും വേഗത്തില്‍ കേസ് പരിഗണിക്കണം എന്നാവശ്യപ്പെട്ടങ്കിലും കഴിഞ്ഞ ദിവസത്തെ പോലെ രാത്രി കേള്‍ക്കാന്‍ കോടതി തയ്യാറായില്ല. പ്രൊ ടെം സ്പീക്കര്‍ നിയമനം കീഴ്‍വഴക്കങ്ങള്‍ ലംഘിച്ചാണെന്നാണ് പരാതി. പ്രോ ടേം സ്പീക്കര്‍ സ്ഥാനത്ത് നിന്ന് കെ ജി ബൊപ്പയ്യെയെ മാറ്റണം, മുതിര്‍ന്ന എംഎല്‍എയെ പ്രൊ ടെം സ്പീക്കറാക്കുക എന്നതാണ് കീഴ്‍വഴക്കം. കോണ്‍ഗ്രസ് എംഎല്‍എ ആര്‍ വി ദേശ് പാണ്ഡെയാണ് മുതിര്‍ന്ന എംഎല്‍എയെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. സഭയിലെ നടപടികള്‍ വീഡിയോയില്‍ പകര്‍ത്തണം. സത്യപ്രതിജ്ഞയും വിശ്വാസ വോട്ടെടുപ്പമല്ലാതെ ഒന്നും അജണ്ടയില്‍ പാടില്ല തുടങ്ങിവ നിര്‍ദ്ദേശങ്ങളോ ഉത്തരവോ ആയി പുറപ്പെടുവിക്കണം എന്നാണ് അപേക്ഷകളിലെ പ്രധാന ആവശ്യങ്ങള്‍.

ഒരിക്കല്‍ കൂടി ഭരണഘടനയുമായി ഏറ്റുമുട്ടല്‍ നടത്തിയിരിക്കുകയാണ് ഗവര്‍ണറെന്നും കോണ്‍ഗ്രസ്, ജെഡിഎസ് നേതാക്കള്‍ പറയുന്നു‍. വിശ്വാസവോട്ടെടുപ്പ് അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമമാണ് ഇതിന് പിന്നില്‍. ബൊപ്പയ്യക്കുള്ളത് കളങ്കപ്പെട്ട ചരിത്രമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.