LiveTV

Live

National

മുംബൈ ഇന്ത്യന്‍സ് താരങ്ങളുടെ ജേഴ്‍സി നമ്പറിന് പിന്നിലെ രഹസ്യങ്ങള്‍...

മുംബൈ ഇന്ത്യന്‍സ് താരങ്ങളുടെ ജേഴ്‍സി നമ്പറിന് പിന്നിലെ രഹസ്യങ്ങള്‍...
Summary
എത്ര പരിഷ്കൃത സമൂഹമെന്ന് അവകാശപ്പെട്ടാലും ചില അന്ധവിശ്വാസങ്ങള്‍ വച്ചുപുലര്‍ത്തുന്നവരുണ്ട് നമുക്കിടയില്‍.

എത്ര പരിഷ്കൃത സമൂഹമെന്ന് അവകാശപ്പെട്ടാലും ചില അന്ധവിശ്വാസങ്ങള്‍ വച്ചുപുലര്‍ത്തുന്നവരുണ്ട് നമുക്കിടയില്‍. സിനിമയിലും കായിക മേഖലയിലുമൊക്കെ വിചിത്രമായ ഇത്തരം അന്ധവിശ്വാസങ്ങള്‍ കൂടുതലുമാണ്. ക്രിക്കറ്റ് താരങ്ങള്‍ക്കിടയില്‍ ജേഴ്‍സി നമ്പര്‍ തിരഞ്ഞെടുക്കുന്നതിലാണ് അന്ധവിശ്വാസം കൂടുതല്‍ കാണാന്‍ കഴിയുക.

13 എന്ന നമ്പര്‍ ക്രിക്കറ്റില്‍ മാത്രമല്ല, ആഗോള തലത്തില്‍ തന്നെ നിര്‍ഭാഗ്യം പേറുന്ന നമ്പറായാണ് കരുതപ്പെടുന്നത്. എന്നാല്‍ 13 എന്നത് ഭാഗ്യ നമ്പറായി വിശ്വസിക്കുന്ന ചില താരങ്ങളുമുണ്ട്. എന്നാല്‍ മിക്കവരും തങ്ങളുടെ അന്ധവിശ്വാസങ്ങളും രഹസ്യങ്ങളുമൊന്നും വെളിപ്പെടുത്താറില്ല. ഇപ്പോഴിതാ, മുംബൈ ഇന്ത്യന്‍സ് താരങ്ങളില്‍ ചിലരാണ് തങ്ങളുടെ ജേഴ്‍സി നമ്പറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുന്നത്. യുവതാരങ്ങളായ സൌരഭ് തിവാരി, പ്രദീപ് സംഗ്‍വാന്‍, മലയാളി താരം എംഡി നിധീഷ് എന്നിവരാണ് ജേഴ്‍സി നമ്പറിന് പിന്നിലെ രഹസ്യം തുറന്നുപറഞ്ഞത്. മുംബൈ ഇന്ത്യന്‍ ടിവിയോട് സംസാരിക്കുന്നതിനിടെ ആയിരുന്നു താരങ്ങള്‍ മനസ് തുറന്നത്.

സൌരഭ് തിവാരിയുടെ ജേഴ്‍സി നമ്പര്‍ 15 ആണ്. ഇത് തിരഞ്ഞെടുക്കാന്‍ ഒരു കാരണവുമുണ്ട്. 'കുടുംബത്തിലെ 15ാമത്തെ കുട്ടിയായിട്ടാണ് തന്‍റെ അച്ഛന്‍ ജനിച്ചത്. അതുപോലെ കുടുംബത്തിലെ 15 ാമത്തെ കുട്ടിയായാണ് തന്‍റെ ജനനവും. ഇതിന് പുറമെ വലിയൊരു മറ്റൊരു കാരണം കൂടിയുണ്ട്. ഇന്ത്യക്ക് വേണ്ടിയും ആഭ്യന്തര ക്രിക്കറ്റ് ടീമിന് വേണ്ടിയും താന്‍ അരങ്ങേറ്റം കുറിച്ചത് 15 ാം തിയതിയാണ് - തിവാരി പറയുന്നു.

അണ്ടര്‍ 19 ലോകകപ്പില്‍ വിരാട് കൊഹ്‍ലിക്കൊപ്പമുണ്ടായിരുന്ന പേസ് ബൌളറായിരുന്നു പ്രദീപ് സംഗ്‍വാന്‍. 18 ാം നമ്പറിനോടായിരുന്നു പ്രദീപിന് പ്രേമം. ലോകകപ്പിന് മുമ്പ് തന്നെ തന്‍റെ ജേഴ്‍സി നമ്പറായി പ്രദീപ് 18 ാം നമ്പര്‍ തീരുമാനിച്ചുറപ്പിക്കുകയും ചെയ്തു. പക്ഷേ ഇതേ നമ്പറിനോടുള്ള പ്രിയം വിരാട് കൊഹ്‍ലിയും തുറന്നുപറഞ്ഞതോടെ പ്രദീപിന് 18 നെ വിട്ടുകൊടുക്കേണ്ടി വന്നു. പിന്നീട് ലോകകപ്പിന് ശേഷം സംഗ്‍വാന്‍റെ അമ്മ 18 ന് വേണ്ടി വീണ്ടും രംഗത്തുവന്നതോടെ തുടര്‍ന്നിങ്ങോട്ട് 18 എന്ന നമ്പറിനെ കൂടെക്കൂട്ടുകയും ചെയ്തു ഈ താരം.

മലയാളി താരം എംഡി നിധീഷിന് ഏറ്റവും പ്രിയം 68 എന്ന നമ്പറിനോടാണ്. നിധീഷിന്‍റെ ജേഴ്‍സി നമ്പറും 68 ആണ്. ഇതിന് പിന്നിലെ രഹസ്യമാണ് രസകരം. ആറും എട്ടുമാണ് നിധീഷിന് ഏറ്റവും ഇഷ്ടപ്പെട്ട സംഖ്യകള്‍. രണ്ടിലൊന്നിനെ തിരഞ്ഞെടുക്കുന്നതിനേക്കാള്‍ നല്ലത് രണ്ടിനെയും ഒരുമിപ്പിച്ച് 68 ആക്കുകയാണ് നിധീഷ് ചെയ്തത്.