LiveTV

Live

National

എംഎല്‍എയ്ക്ക് ബിജെപി പണവും പദവിയും വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖ പുറത്തുവിട്ട് കോണ്‍ഗ്രസ്

എംഎല്‍എയ്ക്ക് ബിജെപി പണവും പദവിയും വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖ പുറത്തുവിട്ട് കോണ്‍ഗ്രസ്
Summary
ജനാര്‍ദ്ദന്‍ റെഡ്ഡിയുടെ ശബ്ദരേഖ കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു.

കര്‍ണാടകയില്‍ തങ്ങളുടെ എംഎല്‍എമാരെ സ്വാധീനിക്കാന്‍ ബിജെപി ശ്രമമെന്ന് കോണ്‍ഗ്രസ്. റായ്ച്ചൂര്‍ റൂറല്‍ എംഎല്‍എയെ ബിജെപി നേതാവ് ജനാര്‍ദ്ദന്‍ റെഡ്ഡി സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. ജനാര്‍ദ്ദന്‍ റെഡ്ഡിയുടെ ശബ്ദരേഖ കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു.

ജനാര്‍ദ്ദന്‍ റെഡ്ഡിയെന്ന് പരിചയപ്പെടുത്തിയയാള്‍ റായ്ച്ചൂര്‍ റൂറല്‍ എംഎല്‍എ ബസനഗൌഡയെ വിളിച്ച് വിശ്വാസവോട്ടെടുപ്പില്‍ ബിജെപിക്ക് അനുകൂലമായ നിലപാടെടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പകരം പണവും മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തു. ഇപ്പോഴുള്ള സമ്പത്തില്‍ നൂറിരട്ടി വര്‍ധനവുണ്ടാകുമെന്നും വേണമെങ്കില്‍ അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കളുമായി നേരിട്ട് സംസാരിക്കാന്‍ അവസരമൊരുക്കാമെന്നും ശബ്ദരേഖയിലുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് പുറത്ത് വിട്ട സിഡി വ്യാജമാണെന്ന് ബിജെപി തിരിച്ചടിച്ചു. അതിനിടെ രണ്ട് എം എല്‍എമാരെ ബിജെപി തട്ടിക്കൊണ്ടുപോയെന്ന് ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി പറഞ്ഞു.

ശബ്ദരേഖയുടെ പൂര്‍ണരൂപം

ജനാര്‍ദ്ദന റെഡ്ഡി: ബസനഗൌഡയല്ലേ?
ബസനഗൌഡ: അതെ

ജനാര്‍ദ്ദന റെഡ്ഡി: മുന്‍പുണ്ടായതെല്ലാം മറക്കണം. എന്‍റെ നല്ല സമയം തുടങ്ങിക്കഴിഞ്ഞു. നിങ്ങള്‍ക്ക് അമിത് ഷായുമായി സംസാരിക്കാന്‍ ഞാന്‍ അവസരമൊരുക്കാം.
ബസനഗൌഡ: വേണ്ട സാര്‍, അവരാണ് എന്നെ എംഎല്‍എയാക്കിയത്.

ജനാര്‍ദ്ദന റെഡ്ഡി: നമ്മള്‍ ബിഎസ്ആര്‍ പാര്‍ട്ടി രൂപീകരിക്കുന്ന കാലത്ത് കഷ്ടകാലമായിരുന്നു. ഒരുപാട് തടസ്സങ്ങളുണ്ടായിരുന്നു. താങ്കള്‍ക്ക് ഒരുപാട് നഷ്ടങ്ങളുണ്ടായിട്ടുണ്ടെന്ന് അറിയാം. പക്ഷേ 100 മടങ്ങ് വളരാനുള്ള അവസരമാണിത്. ശിവനഗൌഡയെ മന്ത്രിയാക്കിയത് ഞാനാണ്. ഇന്നയാള്‍ ശക്തനാണ്. രാജു ഗൌഡയ്ക്കും ഞാന്‍ വഴി ഗുണമുണ്ടായിട്ടുണ്ട്.
ബസനഗൌഡ: ശരി

ജനാര്‍ദ്ദന റെഡ്ഡി: താങ്കള്‍ക്ക് ദൌര്‍ഭാഗ്യം കൊണ്ടുണ്ടായ കഷ്ടകാലമാണ്. ഇനി നിങ്ങള്‍ മന്ത്രിയാകും. താങ്കള്‍ക്ക് മനസ്സിലാകുന്നുണ്ടോ? 'വലിയ മനുഷ്യനു'മായി നേരില്‍ സംസാരിക്കാന്‍ അവസരമൊരുക്കാം. 100 ഇരട്ടി സമ്പത്തുണ്ടാക്കാം.
ബസനഗൌഡ: സര്‍ എന്നോട് ക്ഷമിക്കണം. എന്നെ മത്സരിപ്പിച്ച് എംഎല്‍എയാക്കിയത് അവരാണ്. അവരെ വഞ്ചിക്കാന്‍ എനിക്കാവില്ല.