LiveTV

Live

National

ആരാണ് കെജി ബൊപ്പയ്യ ? അറിയണം, യെദ്യൂരപ്പയുടെ ഈ രക്ഷകനെ...

ആരാണ് കെജി ബൊപ്പയ്യ ? അറിയണം, യെദ്യൂരപ്പയുടെ ഈ രക്ഷകനെ...
Summary
ബിഎസ്‍വൈയെ രക്ഷിക്കാന്‍ എന്തും ചെയ്യാന്‍ തയാറുള്ള വിശ്വസ്തന്‍.

കര്‍ണാടകയില്‍ നാളെ വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ ഗവര്‍ണര്‍ പ്രോടെം സ്പീക്കറായി നിയമിച്ചത് ബിജെപി നേതാവ് കെജി ബൊപ്പയ്യയെ. ബിഎസ് യെദ്യൂരപ്പയുടെ വിശ്വസ്തനാണ് ബൊപ്പയ്യ. ബിഎസ്‍വൈയെ രക്ഷിക്കാന്‍ എന്തും ചെയ്യാന്‍ തയാറുള്ള വിശ്വസ്തന്‍. അതുകൊണ്ട് തന്നെ കളങ്കിതമായ ഒരു ചരിത്രം കൂടിയുണ്ട് ബൊപ്പയ്യയ്ക്ക്.

മുമ്പൊരിക്കല്‍ ഖനി കുംഭകോണത്തിന്‍റെ ചൂടില്‍ കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ ഉരുകിയൊലിച്ച സമയത്ത് കൈവിട്ട കളി കളിച്ചതിന്‍റെ പേരില്‍ സുപ്രിംകോടതിയുടെ വരെ രൂക്ഷ വിമര്‍ശം ഏറ്റുവാങ്ങിയിട്ടുള്ള നേതാവാണ് ബൊപ്പയ്യ. പാര്‍ട്ടിക്കകത്ത് വിഭാഗീയത രൂക്ഷമായ 2010 ല്‍ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ബൊപ്പയ്യ ബിജെപിയിലെ 11 വിമത എംഎല്‍എമാരടക്കം 16 അംഗങ്ങളെ പുറത്താക്കി യെദ്യൂരപ്പ സര്‍ക്കാരിനെ വിശ്വാസവോട്ടെടുപ്പില്‍ സംരക്ഷിച്ചിരുന്നു. ഇത് പക്ഷപാതപരമാണെന്ന് സുപ്രിംകോടതി വിധിച്ചിരുന്നു.

യെദ്യൂരപ്പക്കെതിരെ കലാപക്കൊടിയുമായി പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്തുവന്നപ്പോഴായിരുന്നു രക്ഷകനായി ബൊപ്പയ്യ അവതരിച്ചത്. അന്ന് വിമതര്‍ക്കൊപ്പം യെദ്യൂരപ്പയെ പിന്തുണച്ചിരുന്ന സ്വതന്ത്രരും അണിനിരന്നു. ഇതോടെയാണ് യെദ്യൂരപ്പയോട് വിശ്വാസവോട്ടിന് ഒരുങ്ങാന്‍ ഗവര്‍ണര്‍ ഉത്തരവിട്ടത്. വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുമ്പായി 11 വിമതരെയും അഞ്ച് സ്വതന്ത്രരെയും ബൊപ്പയ്യ അയോഗ്യരാക്കി കൈവിട്ട കളി കളിച്ചു. വിശ്വാസവോട്ടെടുപ്പില്‍ യെദ്യൂരപ്പയെ എതിര്‍ക്കുന്നവരെ നിശബ്ദരാക്കുക എന്നതായിരുന്നു ലക്ഷ്യം. ഇതു സുപ്രിംകോടതി കയ്യോടെ പിടികൂടുകയും ചെയ്തിരുന്നു. ഏതായാലും ഇത്തവണയും വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുമ്പാണ് ബൊപ്പയ്യയെ ഗവര്‍ണര്‍ പ്രോടെം സ്പീക്കറായി നിയമിച്ചിരിക്കുന്നത്. സഭയിലെ മറ്റു മുതിര്‍ന്ന അംഗങ്ങളെ തഴഞ്ഞാണ് ബൊപ്പയ്യയെ പ്രോടെം സ്പീക്കറായി നിയമിക്കാന്‍ ഗവര്‍ണര്‍ തയാറായത്.

ആരാണ് ബൊപ്പയ്യ ?

കൊമ്പരന ഗണപതി ബൊപ്പയ്യ എന്നാണ് മുഴുവന്‍ പേര്

1955 ഒക്ടോബര്‍ 17 ന് ജനനം

2009 ല്‍ കര്‍ണാടക നിയമസഭയിലെ സ്പീക്കറായിരുന്നു

മൂന്നു തവണ വിരാജ്പേട്ടില്‍ നിന്നടക്കം നാലു തവണ എംഎല്‍എയായി

നിയമസഭയിലെ മുന്‍ ഡെപ്യൂട്ടി സ്പീക്കറുമാണ്

മുമ്പൊരിക്കലും പ്രോടെം സ്പീക്കറായിരുന്നു

സ്കൂള്‍ പഠനകാലം മുതല്‍ സംഘപരിവാറുമായി അടുത്ത ബന്ധം

കോളജ് കാലഘട്ടത്തില്‍ എബിവിപിയില്‍ സജീവമായ ബൊപ്പയ്യ, പിന്നീട് ബിജെപിയിലെ സജീവ നേതാവായി

1970 ല്‍ സര്‍ക്കാര്‍ ആവിഷ്കരിച്ച കുഡഗ് അണക്കെട്ട് പദ്ധതിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചു

ബിരുദത്തിന് ശേഷം ബംഗളൂരുവിലെ ബിഎംഎസ് കോളജില്‍ എല്‍എല്‍ബിക്ക് ചേര്‍ന്നു.

ബംഗളൂരുവില്‍ അടിയന്തരാവസ്ഥ കാലത്ത് അറസ്റ്റിലായി ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.

90 കളില്‍ കുഡഗിലെ ബിജെപിയുടെ യൂണിറ്റ് ജനറല്‍ സെക്രട്ടറിയായി.

2004 ല്‍ മഡിക്കേരിയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു.