LiveTV

Live

National

ജെഡിഎസ് എംഎല്‍എമാര്‍ക്ക് ബിജെപി 100 കോടി വാഗ്ദാനം ചെയ്തെന്ന് കുമാരസ്വാമി

ജെഡിഎസ് എംഎല്‍എമാര്‍ക്ക് ബിജെപി 100 കോടി വാഗ്ദാനം ചെയ്തെന്ന് കുമാരസ്വാമി
Summary
കള്ളപ്പണം നിരോധിക്കുമെന്ന് പറഞ്ഞ മോദി കര്‍ണാടകയില്‍ കള്ളപ്പണം ഇറക്കുന്നു. കേന്ദ്രം അധികാര ദുര്‍വിനിയോഗം നടത്തുകയാണെന്നും കുമാരസ്വാമി പറഞ്ഞു.

ബിജെപി കുതിരക്കച്ചവടം നടത്തുന്നതായി ജെഡിഎസ് നേതാവ് കുമാരസ്വാമി. കള്ളപ്പണം നിരോധിക്കുമെന്ന് പറഞ്ഞ മോദി കര്‍ണാടകയില്‍ കള്ളപ്പണം ഇറക്കുന്നു. കേന്ദ്രം അധികാര ദുര്‍വിനിയോഗം നടത്തുകയാണെന്നും കുമാരസ്വാമി പറഞ്ഞു.

ബിജെപിയുമായി ജെഡിഎസ് സഖ്യത്തിനില്ല. ജനാഭിലാഷത്തിന് അനുസരിച്ചുള്ള സര്‍ക്കാരാണ് വേണ്ടത്. കര്‍ണ്ണാടകത്തില്‍ സര്‍ക്കാരുണ്ടാക്കാമെന്നത് മോദിയുടെ വ്യാമോഹമാണ്. തങ്ങളുടെ ചില എംഎല്‍എമാര്‍ക്ക് 100 കോടി രൂപയും മന്ത്രിസ്ഥാനവുമാണ് ബിജെപി ക്യാംപ് വാഗ്ദാനം ചെയ്തത്. കള്ളപ്പണത്തിനെതിരെ പ്രസംഗിക്കുന്ന പ്രധാനമന്ത്രി വാഗ്ദാനം ചെയ്ത ഈ 100 കോടി കള്ളപ്പണമാണോ വെള്ളപ്പണമാണോ എന്ന് വ്യക്തമാക്കണമെന്നും കുമാരസ്വാമി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കര്‍ണ്ണാടകയില്‍ വീണ്ടും 'ഓപറേഷന്‍ കമല' നടത്താനാണ് ബിജെപിയുടെ ശ്രമമെങ്കില്‍ അതവര്‍ക്കുതന്നെ തിരിച്ചടിയാകുമെന്നും എച്ച് ഡി കുമാരസ്വാമി മുന്നറിയിപ്പ് നല്‍കി. അവര്‍ വിലയ്‌ക്കെടുക്കുന്ന എംഎല്‍എമാരുടെ ഇരട്ടി എംഎല്‍എമാരെ സ്വന്തം ക്യാമ്പിലെത്തിക്കാനുള്ള ശേഷി തങ്ങള്‍ക്കുണ്ടെന്നും കുമാരസ്വാമി അവകാശപ്പെട്ടു.

2008ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ണ്ണാടകയില്‍ 110 സീറ്റുകളാണ് ബിജെപി നേടിയിരുന്നത്. കേവലഭൂരിപക്ഷത്തിന് മൂന്ന് സീറ്റുകള്‍ കുറവായിരുന്നു ബിജെപിക്ക്. അന്ന് ജനാര്‍ദ്ദന്‍ റെഡ്ഡിയും യെദിയൂരപ്പയും ചേര്‍ന്ന് എംഎല്‍എമാരെ വിലയ്ക്കു വാങ്ങിയ കുപ്രസിദ്ധ സംഭവമാണ് ഓപറേഷന്‍ കമല എന്നറിയപ്പെടുന്നത്. നാല് ജെഡിഎസ് എംഎല്‍എമാരും മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരുമാണ് അന്ന് മറുകണ്ടം ചാടിയത്.