LiveTV

Live

National

അന്ന് എന്തോ പറഞ്ഞിരുന്നല്ലോ ജെയ്റ്റ്‍ലീ... ബിജെപിയെ വിമര്‍ശിച്ച് യെച്ചൂരി

അന്ന് എന്തോ പറഞ്ഞിരുന്നല്ലോ ജെയ്റ്റ്‍ലീ... ബിജെപിയെ വിമര്‍ശിച്ച് യെച്ചൂരി
Summary
കഴിഞ്ഞ വര്‍ഷം വിവിധ സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളിലും തുടര്‍ന്നുണ്ടായ സര്‍ക്കാര്‍ രൂപീകരണ പ്രക്രിയകളിലും

കര്‍ണാടകയില്‍ കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങളുമായി രംഗത്തെത്തിയതിനെ തടയാന്‍ ശ്രമിച്ച ബിജെപിയെ വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കഴിഞ്ഞ വര്‍ഷം വിവിധ സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളിലും തുടര്‍ന്നുണ്ടായ സര്‍ക്കാര്‍ രൂപീകരണ പ്രക്രിയകളിലും ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‍ലിയുടെ അന്നത്തെ നിലപാടുകള്‍ ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു യെച്ചൂരിയുടെ വിമര്‍ശം.

ഗോവയിലും മണിപ്പൂരിലും മേഘാലയയിലും നടന്ന തെരഞ്ഞെടുപ്പുകളില്‍ വലിയ ഒറ്റകക്ഷിയായിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി നിയമിച്ച ഗവര്‍ണര്‍മാര്‍ കോണ്‍ഗ്രസിനെ ക്ഷണിച്ചിരുന്നില്ല. മാത്രമല്ല, ഇതിന് ചൂട്ടുപിടിച്ച് കേന്ദ്ര മന്ത്രിമാര്‍ രംഗത്തുവരികയും ചെയ്തിരുന്നു. അന്നില്ലാതിരുന്ന ജനാധിപത്യ മര്യാദയും ധാര്‍മികതയുമൊക്കെയാണ് ഇപ്പോള്‍ ബിജെപി വിളമ്പുന്നതെന്നും യെച്ചൂരി പറഞ്ഞു. ഗോവയിലും മണിപ്പൂരിലും ബിഹാറിലുമൊക്കെ സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ പാലിച്ച നിയമങ്ങള്‍ തന്നെ കര്‍ണാടകയിലും പിന്തുടരാമെന്നും യെച്ചൂരി പറഞ്ഞു. ഗവര്‍ണര്‍മാര്‍ തങ്ങളുടെ ഭരണഘടനാ ബഹുമതി ഉയര്‍ത്തിപ്പിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അരുണ്‍ ജെയ്റ്റ്‍ലി പോസ്റ്റ് ചെയ്ത ഒരു ട്വീറ്റിന്റെ ചിത്രം ചൂണ്ടിക്കാട്ടിയായിരുന്നു യെച്ചൂരിയുടെ വിമര്‍ശം. ഒരു തൂക്കുസഭയില്‍ ഭൂരിപക്ഷം എംഎല്‍എമാര്‍ ഒരു സഖ്യമുണ്ടാക്കിയാല്‍ ആ സഖ്യത്തിന്റെ നേതാക്കളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കുന്നതാണ് ശരിയെന്ന് അന്ന് ജെയ്റ്റ്‍ലി ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായ നിലപാടാണ് കര്‍ണാടകയില്‍ ബിജെപി ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.