LiveTV

Live

National

വെറും കിങ്മേക്കറല്ല, രാജാവാകാന്‍ കുമാരസ്വാമി

വെറും കിങ്മേക്കറല്ല, രാജാവാകാന്‍ കുമാരസ്വാമി
Summary
ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ആര്‍ക്കും ലഭിക്കാതായതോടെ നിര്‍ണായക നീക്കങ്ങളുമായി കളംപിടിക്കാന്‍ നെട്ടോട്ടത്തിലാണ് ബിജെപിയും കോണ്‍ഗ്രസും

കര്‍ണാടകയില്‍ ജനവിധി വന്നപ്പോള്‍ ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ആര്‍ക്കും ലഭിക്കാതായതോടെ നിര്‍ണായക നീക്കങ്ങളുമായി കളംപിടിക്കാന്‍ നെട്ടോട്ടത്തിലാണ് ബിജെപിയും കോണ്‍ഗ്രസും. ഏറ്റവും വലിയ ഒറ്റ കക്ഷി ബിജെപിയാണെങ്കിലും സംസ്ഥാനം ഭരിക്കാന്‍ പോകുന്നത് കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യമാണെന്നാണ് സൂചനകള്‍. അതും ജെഡിഎസിനെ മുന്നില്‍ നിര്‍ത്തിയാണ് കോണ്‍ഗ്രസ് അവിടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുങ്ങുന്നത്. ജെഡിഎസ് മുഖ്യന്‍ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കി ഭരണംപിടിക്കാനാണ് കോണ്‍ഗ്രസ് നീക്കം. അതുകൊണ്ട് തന്നെ ജെഡിഎസിന്റെ കോര്‍ട്ടിലാണ് ഇപ്പോള്‍ പന്ത്. കാരണം 78 സീറ്റുകളുള്ള കോണ്‍ഗ്രസിന് അധികാരം ഉറപ്പാക്കണമെങ്കില്‍ 38 സീറ്റുകള്‍ നേടിയ ജെഡിഎസിന്റെ പിന്തുണ വേണം. കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തത് ജെഡിഎസ് സ്വീകരിച്ചതോടെ സഖ്യ സാധ്യതകള്‍ അവിടെ തെളിയുകയും ചെയ്തു. തെരഞ്ഞെടുപ്പിന് മുമ്പുണ്ടായ പ്രവചനങ്ങള്‍ പോലെ തന്നെയാണ് ഇപ്പോള്‍ കാര്യങ്ങളുടെ ഗതി.

വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ ഒരു ഘട്ടത്തില്‍ ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ബിജെപി നേടുമെന്ന അവസ്ഥ തെളിഞ്ഞതോടെ നിര്‍ണായക ശക്തിയായ ജെഡിഎസുമായി ഇനി ഒരു ചര്‍ച്ചയ്ക്കുള്ള സാധ്യത പോലുമില്ലെന്ന് ബിജെപി നേതാവ് സദാനന്ദ ഗൌഡ അമിതാവേശത്തില്‍ തുറന്നടിച്ചു. ഇതോടെ ജെഡിഎസ് കളത്തിന് പുറത്താകുമെന്ന് മിക്കവരും ധരിച്ചു. എന്നാല്‍ അവസാന ലാപ്പിലാണ് കാര്യങ്ങള്‍ തകിടംമറിഞ്ഞത്. വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലേക്ക് എത്തിയതോടെ കാവിപ്പടക്ക് കാലിടറി. ഈ സമയം തന്ത്രങ്ങള്‍ മാറ്റിക്കളിച്ച് ഒരു മുഴം മുമ്പേ എറിയാന്‍ കോണ്‍ഗ്രസിനായി. ലീഡ് നില ബിജെപിക്ക് എതിരായതോടെ കോണ്‍ഗ്രസ് ജെഡിഎസുമായി സഖ്യ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. സോണിയ ഗാന്ധി നേരിട്ട് ദേവഗൌഡയുമായി ചര്‍ച്ച നടത്തി. ഉപാധികളില്ലാത്ത പിന്തുണയും മുഖ്യമന്ത്രി സ്ഥാനവുമായിരുന്നു ജെഡിഎസിന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തത്. ഇതോടെ കുമാരസ്വാമിക്ക് പ്രവചനങ്ങള്‍ക്കപ്പുറം കിങ്മേക്കര്‍ എന്നതിനേക്കാള്‍ രാജാവായി വാഴാനുള്ള സാഹചര്യമൊരുങ്ങുകയായിരുന്നു. കോണ്‍ഗ്രസിന്റെ പകുതി സീറ്റുകള്‍ മാത്രമേയുള്ളുവെങ്കിലും ജെഡിഎസിന് മുഖ്യമന്ത്രി സ്ഥാനം ലഭിക്കുക എന്നത് അവര്‍ക്ക് വന്‍നേട്ടം തന്നെയാണ്. എന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ബിജെപി കൂടി ഉന്നയിച്ചതോടെ ഗവര്‍ണറുടെ തീരുമാനമാണ് ഇനിയറിയാനുള്ളത്. ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ ഒരാഴ്ച സമയം അനുവദിച്ചതായുള്ള റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെയെങ്കില്‍ ഈ ഒരാഴ്ചക്കിടെ കര്‍ണാടകയുടെ രാഷ്ട്രീയ ഭൂപടത്തിലുണ്ടാകുന്ന അടിയൊഴുക്കുകള്‍ക്ക് അനുസരിച്ചായിരിക്കും ഭരണം ആരിലേക്ക് എന്ന ചോദ്യത്തിന് ഉത്തരം കിട്ടുക. ഏതായാലും രാജ്യം കാണാനിരിക്കുന്നത് ഏറ്റവും വലിയ കുതിരക്കച്ചവടം ആയിരിക്കുമെന്ന് വിലയിരുത്തലുകളുമുണ്ട്.