LiveTV

Live

National

വാള്‍മാര്‍ട്ടെത്തിയതോടെ കോടീശ്വരന്മാരായി ഫ്ളിപ്കാര്‍ട്ട് ജീവനക്കാര്‍

വാള്‍മാര്‍ട്ടെത്തിയതോടെ കോടീശ്വരന്മാരായി ഫ്ളിപ്കാര്‍ട്ട് ജീവനക്കാര്‍
Summary
ഫ്ളിപ്കാര്‍ട്ടിന് കീഴിലെ വിവിധ ജീവനക്കാരുടെ മാത്രം കൈവശം 50 കോടി ഡോളറിന്റെ (ഏകദേശം 3300 കോടിരൂപ) ഓഹരികള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. 

വാള്‍മാര്‍ട്ട് ഫ്ളിപ്കാര്‍ട്ടിനെ ഏറ്റെടുത്തതോടെ കോളടിച്ചിരിക്കുന്നത് ജീവനക്കാരില്‍ ഒരു വിഭാഗത്തിനാണ്. ഫ്ളിപ്കാര്‍ട്ടിന്റെ ഓഹരികള്‍ കൈവശമുള്ള ജീവനക്കാര്‍ക്കാണ് വാള്‍മാര്‍ട്ടിന്റെ വരവ് അപ്രതീക്ഷിത സാമ്പത്തികനേട്ടം സൃഷ്ടിച്ചിരിക്കുന്നത്. ഫ്ളിപ്കാര്‍ട്ടിന് കീഴിലെ വിവിധ ജീവനക്കാരുടെ മാത്രം കൈവശം 50 കോടി ഡോളറിന്റെ (ഏകദേശം 3300 കോടിരൂപ) ഓഹരികള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്.

എംപ്ലോയീസ് സ്‌റ്റോക് ഓപ്ഷന്‍ പ്രകാരം ജീവക്കാര്‍ക്ക് ലഭിച്ചിട്ടുള്ള ഓഹരികളാണ് വില്‍ക്കാന്‍ അവസരം ലഭിച്ചിരിക്കുന്നത്. ഇ കൊമേഴ്‌സ് രംഗത്തെ ഏറ്റവും വലിയ ഇടപാടിലൂടെയാണ് ഫ്ളിപ്കാര്‍ട്ടിനെ 20.8 ബില്യണ്‍ ഡോളറിന്(ഏകദേശം 1.08 ലക്ഷം കോടിരൂപ) വാള്‍മാര്‍ട്ട് സ്വന്തമാക്കിയത്. ഇതോടെ ഫഌപ്കാര്‍ട്ടിന്റെ 77 ശതമാനം ഓഹരികളും വാള്‍മാര്‍ട്ടിന് കീഴിലായിരിക്കുകയാണ്. ഫ്ളിപ്കാര്‍ട്ട്, മിന്ദ്ര, ജബോങ് എന്നീ കമ്പനികളിലെ 450-500 ജീവനക്കാര്‍ക്ക് പലപ്പോഴായി എംപ്ലോയീസ് സ്‌റ്റോക് ഓപ്ഷന്‍ പ്രകാരം ഫ്ളിപ്കാര്‍ട്ട് ഷെയറുകള്‍ ലഭിച്ചിട്ടുണ്ട്. ഫ്ളിപ്കാര്‍ട്ടില്‍ ആകെ പതിനായിരത്തോളം ജീവനക്കാരാണുള്ളത്. ജീവനക്കാര്‍ക്ക് ഒരു ഓഹരിയില്‍ നിന്നും ഏകദേശം 150 ഡോളര്‍(10000) ലഭിക്കുമെന്നാണ് കരുതുന്നത്.

ജീവനക്കാര്‍ക്ക് ഓഹരികള്‍ നല്‍കുന്ന കാര്യത്തില്‍ തുറന്ന സമീപനം സ്വീകരിച്ച കമ്പനിയാണ് ഫ്ളിപ്കാര്‍ട്ട്. എങ്കിലും ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ പെരുമയുടെ അടുത്തൊന്നും ഫ്ളിപ്കാര്‍ട്ടിനെത്താനാകില്ല. 1990കള്‍ മുതല്‍ 2000വരെയുള്ള കാലത്ത് 20000ത്തോളം ലക്ഷാധിപതികളായ ജീവനക്കാരെ ഇന്‍ഫോസിസ് സൃഷ്ടിച്ചിട്ടുണ്ട്. ഓഹരികള്‍ ജീവനക്കാര്‍ക്ക് നല്‍കിയതുവഴിയായിരുന്നു ഇത്.