LiveTV

Live

National

പ്രധാനമന്ത്രിക്കായി കാത്തിരിക്കാനാവില്ല; പാത ഉടന്‍ തുറന്ന് കൊടുക്കണമെന്ന് സുപ്രീം കോടതി

പ്രധാനമന്ത്രിക്കായി കാത്തിരിക്കാനാവില്ല; പാത ഉടന്‍ തുറന്ന് കൊടുക്കണമെന്ന് സുപ്രീം കോടതി
Summary
ഏപ്രില്‍ 29ന് എക്‌സ്പ്രസ് വേ ഉദ്ഘാടനം നടത്തുന്നതിന് നിശ്ചയിച്ചിരുന്നതാണെന്നും എന്നാല്‍ പ്രധാനമന്ത്രിയുടെ തിരക്ക് മൂലം ഉദ്ഘാടന പരിപാടി റദ്ദാക്കുകയായിരുന്നെന്ന് ദേശീയപാതാ അതോറിറ്റി കോടതിയില്‍ പറഞ്ഞു

പ്രധാനമന്ത്രിയുടെ സൗകര്യത്തിനായി ഉദ്ഘാടനം നീട്ടിവച്ച ഡൽഹിയിലെ കിഴക്കൻ അതിവേഗ പാത എത്രയും പെട്ടെന്നു ഗതാഗതത്തിനായി തുറന്നുകൊടുക്കാൻ സുപ്രീംകോടതി ഉത്തരവ്. ദേശീയപാതാ അതോറിറ്റിക്കാണു സുപ്രീംകോടതി ഈ നിർദ്ദേശം നൽകിയത്. പ്രധാനമന്ത്രിക്കായി ഇങ്ങനെ അനന്തമായി കാത്തിരിക്കാനാവില്ലെന്നു വ്യക്തമാക്കിയാണു സുപ്രീംകോടതി നടപടി. ഈ മാസം 31നോ അതിനുള്ളിലോ പാത ഉദ്ഘടനം ചെയ്തു ജൂൺ ഒന്നു മുതൽ പൊതുജനങ്ങൾക്കു ഗതാഗതത്തിനു തുറന്നുനൽകാനാണു നിർദ്ദേശം.

ഏപ്രില്‍ 29ന് എക്‌സ്പ്രസ് വേ ഉദ്ഘാടനം നടത്തുന്നതിന് നിശ്ചയിച്ചിരുന്നതാണെന്നും എന്നാല്‍ പ്രധാനമന്ത്രിയുടെ തിരക്ക് മൂലം ഉദ്ഘാടന പരിപാടി റദ്ദാക്കുകയായിരുന്നെന്ന് ദേശീയപാതാ അതോറിറ്റി കോടതിയില്‍ പറഞ്ഞു. കര്‍ണാടകത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് ഉദ്ഘാടനം നിര്‍വഹിക്കാന്‍ സാധിച്ചില്ലെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. ഉദ്ഘാടനം നടത്താതെയും പ്രവര്‍ത്തനം ആരംഭിക്കാമെന്ന് കോടതി പറഞ്ഞു. ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യാതെ മേഘാലയ ഹൈക്കോടതി അഞ്ചുവര്‍ഷമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉദ്ഘാടനം നടന്നാലും ഇല്ലെങ്കിലും മെയ് 31ന് മുന്‍പായി അതിവേഗ പാത ജനങ്ങള്‍ക്ക് തുറന്നുകൊടുക്കണം. ഡല്‍ഹിയില്‍ അനുഭവപ്പെടുന്ന ഗതാഗത തിരക്കിന് പരിഹാരമുണ്ടാക്കുക എന്നതാണ് പ്രധാനമെന്നും കാലതാമസമുണ്ടാകുന്നത് ജനങ്ങളുടെ താല്‍പര്യത്തിന് വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.