LiveTV

Live

National

പതഞ്ജലി ഗോഡൌണില്‍ നിന്നും കാലാവധി കഴിഞ്ഞ ഉല്‍പന്നങ്ങള്‍ പിടികൂടി

പതഞ്ജലി ഗോഡൌണില്‍ നിന്നും കാലാവധി കഴിഞ്ഞ ഉല്‍പന്നങ്ങള്‍ പിടികൂടി
Summary
ലൈസന്‍സില്ലാതെയാണ് ഗോഡൌണ്‍ പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തി. കാലാവധി കഴിഞ്ഞ ഉൽപന്നങ്ങൾ വാങ്ങാനെത്തിയ തമിഴ്നാട് സ്വദേശിയെ നാട്ടുകാർ തടഞ്ഞുവച്ചു.

പതഞ്ജലി ഉൽപന്നങ്ങളുടെ മൊത്ത വിതരണ കേന്ദ്രത്തില്‍ നിന്ന് കാലാവധി കഴിഞ്ഞ ഭക്ഷ്യ ഉൽപന്നങ്ങള്‍ പിടികൂടി. ആലുവ പാനായിക്കുളത്തെ പതഞ്ജലി മൊത്ത വിതരണ കേന്ദ്രത്തിലാണ് ഫുഡ് സേഫ്റ്റി വിഭാഗം റെയ്ഡ് നടത്തിയത്. ലൈസന്‍സില്ലാതെയാണ് ഗോഡൌണ്‍ പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തി.

കാലാവധി കഴിഞ്ഞ ഓട്സ്, ബിസ്കറ്റുകൾ, തേൻ, നെയ്യ് തുടങ്ങിയ ഉൽപന്നങ്ങളാണ് പതഞ്ജലിയുടെ ഗോഡൗണിൽ കണ്ടെത്തിയത്. പതഞ്ജലി ആംല ജ്യൂസിന്റെ നൂറിലധികം ഒഴിഞ്ഞ കുപ്പികൾ കണ്ട നാട്ടുകാരാണ് ഫുഡ് സേഫ്റ്റി വിഭാഗത്തിൽ വിവരമറിയിച്ചത്. വിതരണത്തിനായി വച്ചിരുന്ന ഭക്ഷ്യ ഉൽപന്നങ്ങളോടൊപ്പമാണ് കാലാവധി കഴിഞ്ഞ ഉൽപന്നങ്ങളും സംഭരിച്ചിരുന്നത്.

സംസ്ഥാനത്തെ വൻകിട സൂപ്പർ മാർക്കറ്റുകളിലെല്ലാം വിതരണത്തിനെത്തിക്കുന്നത് ഇവിടെ നിന്നാണ്. ഏഴായിരം ചതുരശ്ര വിസതീർണമുള്ള ഗോഡൗണിൽ 50 ലക്ഷത്തോളം രൂപയുടെ ഉൽപന്നങ്ങൾ സംഭരിച്ചിട്ടുണ്ട്. ഗോഡൗണിന് ലൈസൻസില്ലെന്നും ഹെൽത്ത് അധികൃതർ പറഞ്ഞു. ആയുർവേദ മെഡിക്കൽ ഉൽപന്നങ്ങളും ഇവിടെ കണ്ടെത്തി.

ഈ സ്ഥാപനത്തിന് ഡ്രഗ് ലൈസൻസുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. പരിശോധനക്കിടെ കാലാവധി കഴിഞ്ഞ ഉൽപന്നങ്ങൾ വാങ്ങാനെത്തിയ തമിഴ്നാട് സ്വദേശിയെ നാട്ടുകാർ തടഞ്ഞുവച്ചു. എന്നാൽ കാലിത്തീറ്റ ഉണ്ടാക്കുവാനാണ് ഈ ഉൽപന്നങ്ങൾ കൊണ്ടു പോകുന്നതെന്നാണ് വിശദീകരണം. ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരായ പി.ബി ദിലീപും ആലുവ, പറവൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഹെൽത്ത് ഉദ്യാഗസ്ഥരും ചേർന്നാണ് പിശോധന നടത്തിയത്. ഗോഡൗൺ സീൽ ചെയ്തു.