LiveTV

Live

National

മോദി വാഗ്ദാനം ചെയ്ത 15 ലക്ഷം എന്ന് കിട്ടും? പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ മറുപടിയിങ്ങനെ..

മോദി വാഗ്ദാനം ചെയ്ത 15 ലക്ഷം എന്ന് കിട്ടും? പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ മറുപടിയിങ്ങനെ..
Summary
നരേന്ദ്ര മോദി ജനങ്ങളുടെ അക്കൌണ്ടിലെത്തുമെന്ന് പ്രഖ്യാപിച്ച 15 ലക്ഷം രൂപ എന്ന് നിക്ഷേപിക്കുമെന്ന ചോദ്യത്തോട് പ്രതികരിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

നരേന്ദ്ര മോദി വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ എന്ന് ജനങ്ങളുടെ അക്കൌണ്ടില്‍ നിക്ഷേപിക്കുമെന്ന ചോദ്യത്തോട് പ്രതികരിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്. വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍ ഈ ചോദ്യം വരില്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ മറുപടി. 2014ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കള്ളപ്പണം തിരിച്ചെത്തിച്ച് ജനങ്ങളുടെ അക്കൌണ്ടില്‍ നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത് സംബന്ധിച്ചായിരുന്നു ചോദ്യം.

2016 നവംബര്‍ 26നാണ് മോഹന്‍ കുമാര്‍ ശര്‍മ എന്നയാള്‍ മോദിയുടെ വാഗ്ദാനത്തെ കുറിച്ച് വിവരാവകാശ നിയമ പ്രകാരം ചോദ്യം ഉന്നയിച്ചത്. 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചെന്ന മോദിയുടെ പ്രഖ്യാപനം വന്ന് 18 ദിവസത്തിന് ശേഷമാണ് മോഹന്‍ കുമാര്‍ വിവരാവകാശ നിയമ പ്രകാരം മറുപടി തേടിയത്.

2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് രാജ്യത്തിന് പുറത്തുള്ള കള്ളപ്പണം തിരിച്ചെത്തിക്കുമെന്നും പൗരന്മാരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. കള്ളപ്പണം ഇന്ത്യയിലെത്തിച്ച് പാവപ്പെട്ടവരുടെ ക്ഷേമത്തിനായി ഉപയോഗിക്കുമെന്നാണ് പ്രധാനമന്ത്രി ഉദ്ദേശിച്ചതെന്ന വിശദീകരണവുമായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ പിന്നീട് രംഗത്തെത്തി. മോദിയുടെ വാക്കുകള്‍ വളച്ചൊടിച്ച് 15 ലക്ഷം ഓരോരുത്തരുടെയും അക്കൌണ്ടിലെത്തിക്കുമെന്ന് പ്രതിപക്ഷം കള്ളപ്രചരണം നടത്തിയതാണെന്നും ബിജെപി ആരോപിക്കുകയുണ്ടായി.