LiveTV

Live

National

രാജ്യത്തെ പെണ്‍കുഞ്ഞുങ്ങളെ സംരക്ഷിക്കേണ്ടത് ബിജെപിക്കാരില്‍ നിന്നാണെന്ന് രാഹുല്‍ ഗാന്ധി

രാജ്യത്തെ പെണ്‍കുഞ്ഞുങ്ങളെ സംരക്ഷിക്കേണ്ടത് ബിജെപിക്കാരില്‍ നിന്നാണെന്ന് രാഹുല്‍ ഗാന്ധി
Summary
നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞു

കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയെ പോലും നിശബ്ദമാക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി. പാര്‍ലമെന്‍റില്‍ സംസാരിക്കാന്‍ പോലും പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാകുന്നില്ല. പാര്‍ലമെന്‍റിനെ പോലും മോദി നിശബ്ദമാക്കി. നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞതായും രാഹുല്‍ പറഞ്ഞു.

എട്ട് വയസുകാരി പീഡന കൊലക്ക് ഇരയായിട്ടും പ്രധാനമന്ത്രി മൌനം പാലിക്കുകയാണ്. മോദി സംസാരിക്കുന്നത് മന്‍കി ബാത്തിലൂടെ മാത്രമാണ്. മോദിയും എന്‍.ഡി.എയും പിന്തുടരുന്നത് ദലിത് വിരുദ്ധതയാണ്. രാജ്യത്തെ സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കേണ്ടത് ബി.ജെ.പി എം.എല്‍.എമാരില്‍ നിന്നുമാണെന്നും രാഹുല്‍ ആഞ്ഞടിച്ചു. ആര്‍.എസ്.എസ് ആശയങ്ങള്‍ ഭരണഘടന മൂല്യങ്ങള്‍ക്ക് മേല്‍ ആധിപത്യം നേടാന്‍ ശ്രമിക്കുകയാണ്. സ്വന്തം ഉയര്‍ച്ചക്കായി മാത്രം പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയാണ് മോദി. മോദിക്ക് സ്വന്തം കാര്യത്തില്‍ മാത്രമാണ് ശ്രദ്ധ. തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതില്‍ മാത്രമാണ് താല്‍പര്യം. 70 വര്‍ഷം കൊണ്ട് കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ത്യക്കുണ്ടാക്കി നല്‍കിയ സല്‍പ്പേര് വെറും നാല് വര്‍ഷം കൊണ്ടാണ് മോദി തകര്‍ത്തു കളഞ്ഞതെന്നും രാഹുല്‍ പറഞ്ഞു.

ദലിതരെ കടന്നാക്രമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിന് വോട്ടിലൂടെ തിരിച്ചടി നല്‍കണമെന്ന് രാഹുല്‍ ആഹ്വാനം ചെയ്തു. മോദി ഇന്ത്യയുടെ അന്തസ്സാണ് തകര്‍ത്തത്. മോദി മോദിയില്‍ മാത്രമാണ് താല്‍പര്യം. ദലിതര്‍, ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍, സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍, അടുത്തിടെ കുട്ടികള്‍ക്കെതിരായി ഉണ്ടായ മാനഭംഗങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ മോദി മൗനം പാലിക്കുകയാണ്. 'ബേട്ടി പഠാവോ, ബേട്ടി ബച്ചാവോ' എന്ന ബിജെപിയുടെ മുദ്രാവാക്യം ഇപ്പോള്‍ ബിജെപി എംഎല്‍എമാരില്‍നിന്ന് പെണ്‍കുട്ടികളെ രക്ഷിക്കൂ എന്നായെന്നും അദ്ദേഹം വ്യക്തമാക്കി.

ഭരണഘടനാ സ്ഥാപനങ്ങളുടെ തലപ്പത്ത് ബിജെപി, ആര്‍എസ്എസ് ചിന്താഗതിക്കാരെ നിയമിച്ച് അവയെ തകര്‍ക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്യുന്നത്. സുപ്രീം കോടതിയെ തകര്‍ക്കുകയാണ്, പാര്‍ലമെന്റിനെ അടച്ചുപൂട്ടുകയാണ്. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സുപ്രീം കോടതിയിലെ നാലു മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം വിളിച്ച് ജനങ്ങളോട് നീതി തേടിയത്. ജനങ്ങളാണ് സാധാരണ കോടതികളില്‍നിന്നും ജഡ്ജിമാരില്‍നിന്നും നീതി തേടുന്നതെന്നും രാഹുല്‍ പറഞ്ഞു.