LiveTV

Live

National

ജോലി ഉപേക്ഷിച്ച് 50 ഐഐടി പൂര്‍വ്വ വിദ്യാര്‍ഥികള്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു

ജോലി ഉപേക്ഷിച്ച് 50 ഐഐടി പൂര്‍വ്വ വിദ്യാര്‍ഥികള്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു
Summary
ബഹുജന്‍ ആസാദ് പാര്‍ട്ടി എന്നാണ് രാഷ്ട്രീയ സംഘടനയുടെ പേര്.

രാജ്യത്തെ വിവിധ ഐഐടികളിലെ 50 പൂര്‍വ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. ബഹുജന്‍ ആസാദ് പാര്‍ട്ടി എന്നാണ് രാഷ്ട്രീയ സംഘടനയുടെ പേര്. ജോലി ഉപേക്ഷിച്ചാണ് ഇവര്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുന്നത്. ദലിത്, ആദിവാസി വിഭാഗങ്ങളുടേയും മറ്റ് പിന്നോക്ക വിഭാഗങ്ങളുടെയും ഉന്നമനമാണ് ലക്ഷ്യം.

രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അംഗീകാരം ലഭിക്കാന്‍ കാത്തിരിക്കുകയാണെന്ന് ഡല്‍ഹി ഐഐടിയില്‍ നിന്ന് ബിരുദം നേടിയ നവീന്‍ കുമാര്‍ പറഞ്ഞു. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ലക്ഷ്യമില്ലെന്നും പാര്‍ട്ടിയുടെ അടിത്തറ ശക്തമാക്കുകയാണ് ഇപ്പോഴത്തെ തീരുമാനമെന്നും നേതാക്കള്‍ പറഞ്ഞു. 2020ലെ ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പോടെ മത്സരരംഗത്തിറങ്ങാനാണ് തീരുമാനം.

ഇതിനകം സോഷ്യല്‍ മീഡിയയിലൂടെ ക്യാമ്പെയിന്‍ തുടങ്ങിക്കഴിഞ്ഞു. അംബേദ്കര്‍, സാവിത്രിബായ് ഫൂലെ, പെരിയാര്‍ ഇവി രാമസ്വാമി, രാം മനോഹര്‍ ലോഹ്യ, എപിജെ അബ്ദുള്‍ കലാം, സുഭാഷ് ചന്ദ്ര ബോസ് തുടങ്ങിയവരുടെ ചിത്രങ്ങളാണ് പോസ്റ്ററിലുള്ളത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ ശത്രുവായി പ്രഖ്യാപിച്ചല്ല, മറിച്ച് പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിക്കുകയെന്ന് നേതാക്കള്‍ വ്യക്തമാക്കി.