LiveTV

Live

National

യെച്ചൂരിപക്ഷം ഇനി ഭൂരിപക്ഷമാകും

യെച്ചൂരിപക്ഷം ഇനി ഭൂരിപക്ഷമാകും
Summary
ഇതിനു പുറമെ പാര്‍ട്ടിക്കകത്ത് കേരളഘടകത്തിന്റെ സ്വാധീനം ബംഗാള്‍ ഘടകം പിടിച്ചെടുക്കുന്നുവെന്നതിന്റെ സൂചനയുമാണ് ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസ് നല്‍കുന്നത്.

കേന്ദ്രകമ്മിറ്റിയില്‍ വലിയ അഴിച്ചുപണി നടത്തിയതോടെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വലിയ സ്വാധീനമാകും ഇനി പാര്‍ട്ടിക്കകത്ത് ഉണ്ടാവുക. പോളിറ്റ് ബ്യൂറോയിലേക്ക് ബംഗാളില്‍ നിന്ന് രണ്ട് പേര്‍കൂടി വന്നത് യെച്ചൂരി അനുകൂലികളായ ബംഗാള്‍ പക്ഷത്തേയും ശക്തരാക്കും. കേന്ദ്രകമ്മിറ്റിയിലെ ഭൂരിപക്ഷമില്ലാത്തതിനാല്‍ പല തീരുമാനങ്ങളും നടപ്പാകാനാവുന്നില്ലെന്ന യെച്ചൂരിയുടെ പതിവ് പരാതിയും ഇനി ഇല്ലാതാകും. ഇതിനു പുറമെ പാര്‍ട്ടിക്കകത്ത് കേരളഘടകത്തിന്റെ സ്വാധീനം ബംഗാള്‍ ഘടകം പിടിച്ചെടുക്കുന്നുവെന്നതിന്റെ സൂചനയുമാണ് ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസ് നല്‍കുന്നത്.

രാഷ്ട്രീയ പ്രമേയത്തിന്റെ കരട് മുതല്‍ പാര്‍ട്ടിയിലെ ഭൂരിപക്ഷത്തിന്റെ നിലപാടിനെതിരെ സീതാറാം യെച്ചൂരിയും ബംഗാള്‍ ഘടകവും നടത്തിയ ശക്തമായ പോരാട്ടത്തിന്റെ തുടര്‍ച്ചയാണ് കേന്ദ്രകമ്മിറ്റിയിലേയും പോളിറ്റ് ബ്യൂറോയിലേയും പൊളിച്ചെഴുത്ത്. കഴിഞ്ഞ മൂന്ന് വര്‍ഷവും ജനറല്‍ സെക്രട്ടറിയായിരുന്നെങ്കിലും പല തീരുമാനങ്ങളും പക്ഷെ യെച്ചൂരിക്ക് നടപ്പാക്കാനാകാതെ പോയത് രണ്ടിടത്തും കാരാട്ട് പക്ഷത്തിനുണ്ടായിരുന്ന മേധാവിത്തം മൂലമാണ്. രാജ്യസഭ സ്ഥാനാര്‍ഥിത്വം, കോണ്‍ഗ്രസുമായുള്ള സഹകരണം തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രകമ്മിറ്റി യെച്ചൂരിയുടേയും ബംഗാളിന്റെയും നിലപാടുകളെ വോട്ടിനിട്ട് തള്ളിയ കയ്പേറിയ മുന്‍അനുഭവങ്ങളും കണക്കിലെടുത്ത് കരുതിയായിരുന്നു ഇത്തവണ ബംഗാള്‍ ഘടകത്തിന്റെ നീക്കം. അതിനാല്‍ തന്നെ കരട് പ്രമേയത്തില്‍ മാറ്റം വരുത്താന്‍ സാധിച്ചതോടെ ഇരു സമിതികളിലും പൊളിച്ചെഴുത്തെന്ന അടുത്ത നടപടിയിലേക്ക് യെച്ചൂരിയും ബംഗാള്‍ ഘടകവും എത്തി.

പിബിയില്‍ നിന്ന് എസ്ആര്‍പിയടക്കമുള്ളവരെ ഒഴിവാക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. ഇതിനൊപ്പം കേന്ദ്രകമ്മിറ്റിയിലും വ്യാപകമായ വെട്ടിനിരത്തലിനും തയ്യാറെടുത്തു. സമ്മതമല്ലെങ്കില്‍ വോട്ടെടുപ്പിലൂടെ കാര്യങ്ങള്‍ തീരുമാനിക്കട്ടെയെന്നും നിലപാടെടുത്തതോടെ വെട്ടിലായത് കാരാട്ട് പക്ഷമായിരുന്നു. ഒടുവില്‍ കേന്ദ്രകമ്മിറ്റിയില്‍ 20 പുതുമുഖങ്ങളെന്ന് ധാരണയിലെത്തി. ഒപ്പം പിബിയില്‍ ഒരാളെ ഒഴിവാക്കി പകരം ബംഗാളില്‍ നിന്നുള്ള രണ്ട് പേരെ ഉള്‍പ്പെടുത്തി അവിടെയും യെച്ചൂരി മേല്‍ക്കൈയുറപ്പിച്ചു. എസ്ആര്‍പിയെ തുടരാന്‍ അനുവദിച്ചതിലൂടെ കാരാട്ട് പക്ഷത്തെ ആവശ്യവും പരിഗണിച്ചെന്നുവരുത്തി തീര്‍ക്കാനും യെച്ചൂരിക്കായി. ഇതിനെല്ലാം പുറമെ കാരാട്ട് പക്ഷനിലപാടിനൊപ്പം നിന്ന മണിക്ക് സര്‍ക്കാര്‍, സുഭാഷിണി അലി തുടങ്ങിയവരുടെ മനംമാറ്റവും ഇപ്പോള്‍ യെച്ചൂരിക്ക് അനുകൂലമാണ്. കഴിഞ്ഞ കുറേ കാലങ്ങളായി പാര്‍ട്ടിക്കകത്ത് കേരളഘടകത്തിനുണ്ടായിരുന്ന അപ്രമാധിത്യം ബംഗാള്‍ ഘടകത്തിന് വഴമാറുന്നുവെന്നതും ഈ സമ്മേളനത്തിലെ പ്രത്യേകതയാണ്.