LiveTV

Live

National

റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പിന് തീ വെച്ചത് യുവമോര്‍ച്ച പ്രവര്‍ത്തകര്‍

റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പിന് തീ വെച്ചത് യുവമോര്‍ച്ച പ്രവര്‍ത്തകര്‍
Summary
റോഹിങ്ക്യകളെ പുറത്താക്കുകയെന്ന ഹാഷ്‍ടാഗോടെയായിരുന്നു മനീഷിന്‍റെ ട്വിറ്റര്‍ പോസ്റ്റ്.

ഡല്‍ഹി കാളിന്ദി കുഞ്ചിലെ റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പിന് തീ വെച്ചത് യുവമോര്‍ച്ച പ്രവര്‍ത്തകരാണെന്ന് വെളിപ്പെടുത്തല്‍. മനീഷ് ചന്ദേലയെന്ന യുവമോര്‍ച്ച പ്രവര്‍ത്തകനാണ് തീവെച്ചതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. റോഹിങ്ക്യകളെ പുറത്താക്കുകയെന്ന ഹാഷ്‍ടാഗോടെയായിരുന്നു മനീഷിന്‍റെ ട്വിറ്റര്‍ പോസ്റ്റ്.

വെല്‍ഡണ്‍ മൈ ഹീറോസ് എന്നായിരുന്നു ക്യാമ്പ് കത്തിയമര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം മനീഷ് ചന്ദേലയെന്ന യുവാവ് ട്വിറ്ററില്‍ പോസ്റ്റിട്ടത്. എന്തിനാണ് വെല്‍ഡണ്‍ എന്ന ചോദ്യത്തിന്, അതെ, ഞങ്ങളാണ് റോഹിങ്ക്യകളുടെ വീട് കത്തിച്ചത് എന്നായിരുന്നു മറുപടി. ഞങ്ങള്‍ ആണ് ഇത് ചെയ്തത്‌, ഞങ്ങള്‍ ഇനിയും ചെയ്യുമെന്നുമുള്ള ട്വീറ്റ് ഇപ്പോഴും പ്രചരിക്കുന്നുണ്ട്. റോഹിങ്ക്യകളെ പുറത്താക്കുകയെന്ന ഹാഷ്‍ടാഗോടെയാണ് പോസ്റ്റ്. സാമൂഹ്യപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും വിഷയത്തില്‍ ഇടപെട്ട് പൊലീസ് അന്വേഷണം ആവശ്യപ്പെട്ടതോടെ ട്വീറ്റ് ഡിലീറ്റ് ചെയ്തു.

ഹിന്ദു നാഷണലിസ്റ്റ് ഗുര്‍ജാര്‍ ലീഡര്‍ എന്നാണ് ഇയാള്‍ ട്വിറ്ററില്‍ വിശേഷണം നല്‍കിയിട്ടുള്ളത്. ‌@ചന്ദേല ബിജെവൈഎം എന്ന പേരിലാണ് ട്വീറ്ററിലെ പേര്. അതിനിടെ ഇക്കാര്യം നിഷേധിച്ച് ചന്ദേല രംഗത്ത് എത്തി. മറ്റാരോ ആണ് ട്വീറ്റിന് പിന്നിലെന്ന് ചന്ദേല പുതുതായി കുറിച്ചത്. ഞായറാഴ്ച്ച പുലര്‍ച്ചെയാണ് റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പില്‍ തീപിടിത്തം ഉണ്ടായത്. രാജ്യത്തു നിന്നും അഭയാർഥികളെ ഒഴിപ്പിക്കുന്നതിനെതിരായുള്ള കേസിൽ ക്യാമ്പിന്‍റെ വിവരങ്ങൾ സമർപ്പിക്കാൻ സുപ്രിംകോടതി കേന്ദ്രത്തിനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ക്യാമ്പ് കത്തി നശിച്ചത്.