LiveTV

Live

National

അതൊരു ഹിന്ദു പെണ്‍കുട്ടിയായിരുന്നെങ്കില്‍ ? എന്താകുമായിരുന്നു അവസ്ഥ... മൌനങ്ങള്‍ക്ക് നേരെ രാജ്ദീപ്

അതൊരു ഹിന്ദു പെണ്‍കുട്ടിയായിരുന്നെങ്കില്‍ ? എന്താകുമായിരുന്നു അവസ്ഥ... മൌനങ്ങള്‍ക്ക് നേരെ രാജ്ദീപ്
Summary
എട്ടു വയസുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു രാജ്ദീപിന്‍റെ പ്രതികരണം.

ചില സന്ദര്‍ഭങ്ങളില്‍ മൌനം പോലും കുറ്റകൃത്യമാകും. അത്തരത്തില്‍ ഇപ്പോള്‍ മൌനം അവലംബിക്കുന്ന ചില രാഷ്ട്രീയ നേതാക്കളെയും പാര്‍ട്ടികളെയും പ്രതിസ്ഥാനത്തു നിര്‍ത്തുകയാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി. ആ പെണ്‍കുട്ടിയുടെ സ്ഥാനത്ത് ഒരു ഹിന്ദു കുട്ടിയായിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ എന്ന് രാജ്ദീപ് ചോദിക്കുന്നു. മനുഷ്യമനസാക്ഷിയെ കുത്തിമുറിവേല്‍പ്പിച്ച, ജമ്മു കശ്മീരിലെ കത്‍വയില്‍ എട്ടു വയസുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു രാജ്ദീപിന്‍റെ പ്രതികരണം.

''അതൊരു ഹിന്ദു പെണ്‍കുട്ടിയായിരുന്നെങ്കില്‍ രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥ എന്താകുമായിരുന്നു ? ആ കുറ്റകൃത്യം ചെയ്തത് ഒരു റോഹിങ്ക്യക്കാരനോ കശ്മീര്‍ താഴ്‍വരയില്‍ നിന്നുള്ള ഒരാളോ ആയിരുന്നുവെങ്കില്‍ ഇങ്ങനെ ആയിരിക്കുമായിരുന്നോ നമ്മുടെ പ്രതികരണം ? രാജ്യ തലസ്ഥാനത്തായിരുന്നു ഈ സംഭവം നടന്നിരുന്നതെങ്കില്‍ നാം ഇതുപോലെ മൌനം അവലംബിക്കുമായിരുന്നോ ? ഇനിയും നമ്മള്‍ ഉണര്‍ന്നില്ലെങ്കില്‍ ഇനിയെപ്പോഴാണ് എഴുന്നേല്‍ക്കുക ? രാജ്യത്തിനും ജനങ്ങള്‍ക്കും അപമാനമുണ്ടാക്കുന്ന ക്രൂരതയാണ് കത്‍വയില്‍ നടന്നത്. ഒരു കാരണവശാലും ന്യായീകരിക്കാന്‍ പാടില്ലാത്ത ഈ ക്രൂരതയെ ബിജെപിയിലെ ചില ജനപ്രതിനിധികള്‍ പോലും പ്രതിരോധിച്ച് രംഗത്തുവരുന്നത് എന്തുകൊണ്ടാണ് ? പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ക്ക് അധികാരികള്‍ മുതിരുമ്പോള്‍ എന്തുകൊണ്ട് ഭാരത് മാതാ കീ ജയ്... ജയ് ശ്രീറാം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ പ്രതിരോധത്തിനായി ഉയരുന്നത് ? നിയമം സംരക്ഷിക്കേണ്ടവര്‍ തന്നെ അത് തകര്‍ക്കുന്ന കാഴ്ചയാണ് ജമ്മു കശ്മീരില്‍ കാണുന്നത്. ഇത് ഭാവിക്ക് ഒട്ടും ശുഭകരമല്ല. കത്‍വ കൊലപാതകത്തിലെ കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കണമെന്നും രാജ്ദീപ് പറഞ്ഞു.