LiveTV

Live

National

കത്‍വ പീഡനക്കേസ്: അന്വേഷണ ഉദ്യോഗസ്ഥരെ തടഞ്ഞ അഭിഭാഷകര്‍ക്ക് താക്കീതുമായി സുപ്രീംകോടതി

കത്‍വ പീഡനക്കേസ്: അന്വേഷണ ഉദ്യോഗസ്ഥരെ തടഞ്ഞ അഭിഭാഷകര്‍ക്ക് താക്കീതുമായി സുപ്രീംകോടതി
Summary
കത്‍വ പീഡനക്കേസില്‍ കുറ്റാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ ജമ്മുവിലെ അഭിഭാഷകര്‍ക്ക് സുപ്രീംകോടതി വിമര്‍ശനം.

കത്‍വ പീഡന കേസില്‍ പ്രതിഷേധിക്കുന്ന അഭിഭാഷകര്‍ക്ക് താക്കീതുമായി സുപ്രീംകോടതി. നീതി തേടിവരുന്നവരെ തടയാന്‍ അഭിഭാഷകര്‍ക്ക് അവകാശമില്ലെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത സുപ്രീംകോടതി ബാര്‍ കൌണ്‍സിലിനടക്കം നോട്ടീസ് അയച്ചു.

ജമ്മുവിലെ കത്‍വയില്‍ 8 വയസ്സുകാരിയെ പീഢിപ്പിച്ച് കൊന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനെത്തിയ അന്വേഷണ ഉദ്യോഗസ്ഥരെ അഭിഭാഷകര്‍ തടഞ്ഞതും ഇരയ്ക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകയെ ഭീഷണിപ്പെടുത്തിയതും ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത സുപ്രീംകോടതി അഭിഭാഷകരെ താക്കീത് ചെയ്തു. നീതിതേടിയെത്തുന്ന ആരെയും തടയാന്‍ അഭിഭാഷകര്‍ക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

ഭരണഘടനാപരമായ അവകാശങ്ങളെ നിഷേധിക്കുന്ന അഭിഭാഷകരുടെ നടപടി അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. കേസില്‍ നീതി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. സംഭവത്തില്‍ വിശദീകരണം ചോദിച്ച് ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ, ജമ്മു കശ്മീര്‍ ഹൈക്കോടതി അഭിഭാഷക സംഘടന, കത്വ കോടതിയിലെ അഭിഭാഷക സംഘടന എന്നിവര്‍ക്ക് കോടതി നോട്ടീസ് അയച്ചു. കേസ് വീണ്ടും പരിഗണിക്കുന്ന ഏപ്രില്‍ 19 ന് വിശദീകരണം നല്‍കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.