LiveTV

Live

National

കാവേരി നദീജല തര്‍ക്കം; പ്രതിഷേധിച്ച് തമിഴ് സിനിമാ താരങ്ങളും 

കാവേരി നദീജല തര്‍ക്കം; പ്രതിഷേധിച്ച് തമിഴ് സിനിമാ താരങ്ങളും 
Summary
രാഷ്ട്രീയമായി രണ്ട് ചേരിയിലാണെങ്കിലും കമലും രജനിയും പ്രതിഷേധ വേദിയിലെത്തി.

കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ തമിഴ്നാട്ടില്‍ സിനിമാതാരങ്ങളുടെ സംഘടനയായ നടികര്‍ സംഘം നടത്തിയ മൗനവ്രതം അവസാനിച്ചു. രാവിലെ ഒന്‍പതിനു തുടങ്ങിയ പ്രതിഷേധത്തില്‍ പ്രമുഖതാരങ്ങളെല്ലാം എത്തി. രാഷ്ട്രീയമായി രണ്ട് ചേരിയിലാണെങ്കിലും കമലും രജനിയും പ്രതിഷേധ വേദിയിലെത്തി.

വിജയ്, സൂര്യ, ധനുഷ്, വിക്രം, ശിവകാര്‍ത്തികേയന്‍, കാര്‍ത്തി, നാസര്‍, പാര്‍ത്ഥിപന്‍, ഇളയരാജ, വീരമണി തുടങ്ങി, തമിഴ് സിനിമാ ലോകത്തെ പ്രമുഖരെല്ലാവരും നേരത്തെ തന്നെ പ്രതിഷേധ വേദിയില്‍ എത്തിയിരുന്നു. അല്‍പ സമയത്തിനു ശേഷം കമലും രജനിയും എത്തി.

കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൃത്യമായ നിലപാടെടുക്കണമെന്നും പ്രതിഷേധങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നതായും സമരത്തിനു പുറപ്പെടുന്നതിനു മുന്‍പായി രജനീകാന്ത് പറഞ്ഞു. നാളെ സുപ്രീംകോടതി കേസ് പരിഗണിയ്ക്കുന്ന സാഹചര്യത്തില്‍ തമിഴ്നാടിന്റെ പ്രതിഷേധം ഫലം കാണുമെന്നാണ് പ്രതീക്ഷ. എന്നാല്‍, വിധി മറിച്ചാണെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങളായിരിയ്ക്കും തമിഴ്നാട്ടില്‍ ഉണ്ടാവുക. ഡിഎംകെയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ നടത്തുന്ന കാവേരി സംരക്ഷണ യാത്ര തഞ്ചാവൂരില്‍ എത്തിയിട്ടുണ്ട്. ഇത് 13ന് കടലൂരില്‍ സമാപിയ്ക്കും. റോഡ് ഉപരോധവും റെയില്‍ ഉപരോധവുമായി കര്‍ഷകരും വിവിധ കക്ഷികളും രംഗത്തുണ്ട്.