LiveTV

Live

National

അഴിമതിയില്‍ ഒന്നാമന്‍ യെദ്യൂരപ്പയെന്ന് അമിത് ഷാ, ഞെട്ടി ബിജെപി

അഴിമതിയില്‍ ഒന്നാമന്‍ യെദ്യൂരപ്പയെന്ന് അമിത് ഷാ, ഞെട്ടി ബിജെപി
Summary
അമിത് ഷായുടെ നാക്കുപിഴ ആഘോഷമാക്കിയിരിക്കുകയാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് നേതൃത്വം....

അഴിമതിയില്‍ ആരെങ്കിലും ഒരു മത്സരം നടത്തുകയാണെങ്കില്‍ യെദ്യൂരപ്പയുടെ സര്‍ക്കാരിനായിരിക്കും ഒന്നാം സ്ഥാനമെന്ന് ബിജെപി പ്രസിഡന്റ് അമിത് ഷാ. കര്‍ണാടകയിലെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ യെദ്യൂരപ്പയെക്കുറിച്ചുള്ള പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്റിന്റെ നാക്കുപിഴ കേട്ട് ഞെട്ടിയിരിക്കുകയാണ് ബിജെപി നേതാക്കള്‍. അതേസമയം അമിത് ഷായുടെ നാക്കുപിഴയെ ആഘോഷമാക്കിയിരിക്കുകയാണ് കര്‍ണ്ണാടക കോണ്‍ഗ്രസും മുഖ്യമന്ത്രി സിദ്ധരാമയ്യയും.

തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ബംഗളൂരുവില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു അമിത്ഷായ്ക്ക് നാക്ക് പിഴച്ചത്. കാര്യങ്ങള്‍ കൈവിട്ടുപോകുന്നുവെന്ന് മനസിലായതോടെ അമിത് ഷായുടെ ഇടത്തുണ്ടായിരുന്ന പ്രഹ്ലാദ് ജോഷി ഇടപെട്ട് സംഭവിച്ച അമളി വ്യക്തമാക്കി. ഇതോടെ താന്‍ ഉദ്ദേശിച്ചത് സത്യത്തില്‍ സിദ്ധരാമയ്യയെ ആണെന്ന് അമിത് ഷാ തിരുത്തി. ഇതെല്ലാം കേട്ട് ഞെട്ടിക്കൊണ്ട് അമിത് ഷായുടെ വലതുവശത്ത് കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രിയായിരുന്ന യെദ്യൂരപ്പയും ഇരിപ്പുണ്ടായിരുന്നു.

ഇത് ആദ്യമായല്ല യെദ്യൂരപ്പയ്ക്ക് അമിത് ഷായുടെ നാക്കുപിഴ വില്ലനാകുന്നത്. അന്നും യെദ്യൂരപ്പയെ അഴിമതിക്കാരനെന്നായിരുന്നു അമിത് ഷാ വിശേഷിപ്പിച്ചത്. അമിത് ഷായുടെ പഴയ നാക്കുപിഴയും പുതിയ നാക്കുപിഴയും കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയയുടെ മേധാവി രമ്യ ഷെയര്‍ ചെയ്തിട്ടുണ്ട്. 'അമിത്ഷായ്ക്കും സത്യം പറയാന്‍ കഴിയുമെന്ന് തെളിഞ്ഞിരിക്കുന്നു. ഞങ്ങളും അമിത് ജിയ്‌ക്കൊപ്പമാണ്. ബിഎസ് യെദ്യൂരപ്പയും ബിജെപിയും തന്നെയാണ് ഏറ്റവും അഴിമതി നിറഞ്ഞത്' എന്നായിരുന്നു രമ്യയുടെ ട്വീറ്റ്.


കര്‍ണാടകത്തിലെ പ്രബല സമുദായമായ ലിംഗായത്തിന് പ്രത്യേക മത പരിഗണന നല്‍കാനുള്ള സിദ്ധരാമയ്യ തീരുമാനമെടുത്തത് യെദ്യൂരപ്പ മുഖ്യമന്ത്രിയാവുന്നത് തടയുന്നതിനാണെന്ന് അമിത്ഷാ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഹിന്ദുക്കള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്ന് അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഹിന്ദു, മുസ്‌ലിം, സിഖ്, ക്രിസ്ത്യന്‍ വിഭാഗക്കാരെ ഒന്നിപ്പിക്കുന്നതിനെക്കുറിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ സംസാരിക്കുമ്പോഴാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഹിന്ദുക്കളെ ഭിന്നിപ്പിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.