LiveTV

Live

National

ഡല്‍ഹിയില്‍ 9.1 തീവ്രതയുള്ള ഭൂകമ്പമുണ്ടാകുമെന്ന് 'നാസ'യുടെ മുന്നറിയിപ്പ്; സത്യം ഇതാണ്...

ഡല്‍ഹിയില്‍ 9.1 തീവ്രതയുള്ള ഭൂകമ്പമുണ്ടാകുമെന്ന് 'നാസ'യുടെ മുന്നറിയിപ്പ്; സത്യം ഇതാണ്...
Summary
നവമാധ്യമങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വന്‍ സ്വാധീന ശക്തിയായതോടെ അതിനെ മുതലെടുക്കുന്നവരും ദുരുപയോഗം

നവമാധ്യമങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വന്‍ സ്വാധീന ശക്തിയായതോടെ അതിനെ മുതലെടുക്കുന്നവരുടെയും ദുരുപയോഗം ചെയ്യുന്നവരുടെയും എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. അതുകൊണ്ട് തന്നെ ദിവസം കുറഞ്ഞത് പത്ത് വ്യാജ സന്ദേശങ്ങളും മുന്നറിയിപ്പുകളും വാര്‍ത്തകളുമെങ്കിലും നവമാധ്യമങ്ങളില്‍ നിങ്ങള്‍ കാണുന്നുണ്ടാകും. ലോകാവസാനവും കൂറ്റന്‍ ഉല്‍ക്കയുടെ പതനവും ഭൂകമ്പ മുന്നറിയിപ്പുകളും എന്നുവേണ്ട ജീവിച്ചിരിക്കുന്നവരുടെ മരണവാര്‍ത്തകളും വരെ ഈ വ്യാജന്‍മാരുടെ കൂട്ടത്തിലുണ്ടാകും.

അടുത്തിടെ വാട്സ്ആപില്‍ പ്രചരിക്കുന്ന ഒരു മുന്നറിയിപ്പ് ജനങ്ങള്‍ക്കിടയില്‍ ചെറുതല്ലാത്ത ആശയക്കുഴപ്പവും ആശങ്കയുമുണ്ടാക്കിയിട്ടുണ്ട്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ അടുത്തമാസം പകുതിയോടെ ഉഗ്രഭൂകമ്പമുണ്ടാകുമെന്നാണ് സന്ദേശം. അതും അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ പേരിലാണ് മുന്നറിയിപ്പ്. ഏപ്രില്‍ ഏഴിനും 15 നുമിടയിലായി ലക്ഷക്കണക്കിന് പേരുടെ മരണത്തിനിടയാക്കാവുന്ന ഉഗ്രഭൂകമ്പം ഡല്‍ഹിയെ വിറപ്പിക്കുമെന്നും ഇത് 9.1 നും 9.2 നുമിടയില്‍ തീവ്രതയുള്ളതായിരിക്കുമെന്നുമാണ് മുന്നറിയിപ്പ്. എന്നാല്‍ റിക്ടര്‍ സ്കെയില്‍ എന്നതിന് പകരം റെക്ടര്‍ സ്കെയില്‍ എന്നാണ് തീവ്രതയളക്കുന്ന സൂചികയെ സന്ദേശത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ സന്ദേശത്തിലെ ഭയപ്പെടുത്തുന്ന മുന്നറിയിപ്പുകള്‍ കാരണം ഈ അക്ഷരതെറ്റൊന്നും പലരും ശ്രദ്ധിക്കുന്നില്ല. കൂടാതെ ഇത് വ്യാപകമായി പ്രചരിപ്പിക്കുന്നുമുണ്ട്. ഡല്‍ഹിയില്‍ താമസിക്കുന്ന നിങ്ങളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഇത് അറിയിക്കൂവെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സന്ദേശം.

എന്നാല്‍ ഭൂകമ്പങ്ങള്‍ പ്രവചിക്കാനുള്ള യാതൊരു സംവിധാനവും ഇന്ന് വരെ ശാസ്ത്രലോകത്തിന് കണ്ടെത്താനായിട്ടില്ല എന്നതാണ് വസ്തുത. നാസയ്ക്കു പോലും ഭൂകമ്പങ്ങളെ പ്രവചിക്കുക അസാധ്യമാണ്. കൂടാതെ 2018 ഏപ്രിലില്‍ ഇന്ത്യയില്‍ ഭൂകമ്പം നാശംവിതക്കുമെന്ന് നാസ യാതൊരു മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടില്ല. ഭൂമിയുടെ വിറയലുകളെ ഏതാനും സെക്കന്‍റുകള്‍ മുമ്പ് തിരിച്ചറിയാനും മുന്നറിയിപ്പ് പുറപ്പെടുവിക്കാനുമുള്ള സംവിധാനങ്ങള്‍ മാത്രമെ നിലവിലുള്ളു. അതല്ലാതെ ദിവസങ്ങള്‍ക്കും ആഴ്ചകള്‍ക്കും മുമ്പ് ഭൂകമ്പങ്ങളെ പ്രവചിക്കാന്‍ കഴിയില്ല. ഏതായാലും ഈ സന്ദേശത്തിന് പിന്നിലുള്ള കുബുദ്ധികള്‍, വിശ്വാസ്യതക്ക് വേണ്ടി നാസയുടേതെന്ന് തോന്നിപ്പിക്കുന്ന ഒരു വ്യാജ വെബ്സൈറ്റും സൃഷ്ടിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.