LiveTV

Live

National

ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്‍മാരുള്ള രാജ്യമേതെന്ന് അറിയാമോ? ഇന്ത്യയുടെ സ്ഥാനം ഇതാണ്...

ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്‍മാരുള്ള രാജ്യമേതെന്ന് അറിയാമോ? ഇന്ത്യയുടെ സ്ഥാനം ഇതാണ്...
Summary
സമ്പന്നന്‍മാരുടെ കാര്യത്തില്‍ അത്ര ശിശുക്കളല്ലെന്ന് വ്യക്തമാക്കുകയാണ് ഫോബ്സ് മാസിക

ഇന്ത്യ ഒരു വികസ്വര രാജ്യമാണെങ്കിലും സമ്പന്നന്‍മാരുടെ കാര്യത്തില്‍ അത്ര ശിശുക്കളല്ലെന്ന് വ്യക്തമാക്കുകയാണ് ഫോബ്സ് മാസിക പുറത്തുവിട്ട പട്ടിക. ലോകത്ത് ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്‍മാരുള്ള രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം മൂന്നാമതാണ്. ഇന്ത്യയില്‍ നിന്ന് മൊത്തം 121 ശതകോടീശ്വരന്‍മാരാണ് ഫോബ്സ് മാസിക പുറത്തിറക്കിയ പുതിയ പട്ടികയില്‍ ഇടംപിടിച്ചത്. റിലയന്‍സ് മേധാവി മുകേഷ് അംബാനിയാണ് ഇന്ത്യക്കാരായ ശതകോടീശ്വരന്‍മാരില്‍ മുന്നില്‍. മുന്‍വര്‍ഷത്തേക്കാള്‍ 19 പുതിയ ശതകോടീശ്വരന്‍മാരാണ് ഇന്ത്യക്കാരുടെ പട്ടികയില്‍ അധികമായി ഇടംനേടിയത്.

ലോകത്തെ മൊത്തം 2,208 ശതകോടീശ്വരന്‍മാര്‍ അടങ്ങുന്ന പട്ടികയില്‍ മുകേഷ് അംബാനിയുടെ സ്ഥാനം 19 ാം റാങ്കാണ്. കഴിഞ്ഞ വര്‍ഷം 33 ാം സ്ഥാനത്തായിരുന്നു മുകേഷ് അംബാനി. 40.1 ബില്യണ്‍ ഡോളറിന്‍റെ ആസ്തിയാണ് മുകേഷ് അംബാനിക്ക് സ്വന്തമായുള്ളത്. മുന്‍വര്‍ഷം 23.2 ബില്യണ്‍ ഡോളറായിരുന്നു മുകേഷിന്‍റെ ആസ്തി. ഇതാണ് ഒറ്റവര്‍ഷം കൊണ്ട് 40.1 ബില്യണ്‍ ഡോളറായി വര്‍ധിച്ചത്. ഇതേസമയം, സഹോദരനായ അനില്‍ അംബാനിക്ക് 2.7 ബില്യണ്‍ ഡോളറിന്‍റെ ആസ്തിയാണുള്ളത്. പട്ടികയില്‍ 887 ാം സ്ഥാനമാണ് അനില്‍ അംബാനിക്ക്.

ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്‍മാരുള്ളത് അമേരിക്കയിലാണ്. മൊത്തം 585 ശതകോടീശ്വരന്‍മാരാണ് അമേരിക്കയിലുള്ളത്. തൊട്ടുപിന്നില്‍ ചൈനയാണ്. 373 ശതകോടീശ്വരന്‍മാര്‍. മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയില്‍ 121 ശതകോടീശ്വരന്‍മാരുണ്ട്. മുകേഷ് അംബാനിയെ കൂടാതെ ഫോബ്സിന്‍റെ പട്ടികയില്‍ ആദ്യ നൂറില്‍ ഇടംപിടിച്ചത് അസിം പ്രേംജി(58), ലക്ഷ്മി മിത്തല്‍ (62), ശിവ് നദാര്‍ (98) എന്നിവരാണ്. മലയാളിയായ എംഎ യൂസുഫലി 5 ബില്യണ്‍ ഡോളറിന്‍റെ ആസ്തിയുമായി മലയാളി ശതകോടീശ്വരന്‍മാരില്‍ ഒന്നാമനായി. ഫോബ്സിന്‍റെ പട്ടികയില്‍ 388 ാം സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്. 3.9 ബില്യണ്‍ ഡോളറിന്‍റെ ആസ്തിയുമായി രവി പിള്ള 572 ാം സ്ഥാനത്തും സണ്ണി വര്‍ക്കി 1020 ാം സ്ഥാനത്തും ക്രിസ് ഗോപാലകൃഷ്ണന്‍ 1339 ാം സ്ഥാനത്തും ജോയ് ആലുക്കാസ് 1561 ാം സ്ഥാനത്തും കൊച്ചൌസേഫ് ചിറ്റിലപ്പിള്ളി 1867 ആം സ്ഥാനത്തും ഇടംപിടിച്ചു.