LiveTV

Live

National

ത്രിപുരയില്‍ ശൂന്യതയില്‍ നിന്ന് 'അത്ഭുതം' കാട്ടി ബിജെപി

ത്രിപുരയില്‍ ശൂന്യതയില്‍ നിന്ന് 'അത്ഭുതം' കാട്ടി ബിജെപി
Summary
കാല്‍നൂറ്റാണ്ടോളം ചുവപ്പ് കോട്ടയായിരുന്ന ത്രിപുര ഇന്ന് നിറംമാറുകയാണ്.

കാല്‍നൂറ്റാണ്ടോളം ചുവപ്പ് കോട്ടയായിരുന്ന ത്രിപുര ഇന്ന് നിറംമാറുകയാണ്. ആര്‍ക്കും വേണ്ടാതിരുന്നിടത്തു നിന്ന് ബിജെപി ത്രിപുരയില്‍ കളംപിടിക്കുമ്പോള്‍ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തെ നെഞ്ചിലേറ്റിയ ജനത ചുവപ്പിനെ കൈവിടുന്നതിന്റെ ലക്ഷണമാണ് പ്രകടിപ്പിക്കുന്നത്. കാലാകാലങ്ങളായി രണ്ടു ശതമാനം വോട്ട് പോലും നേടാന്‍ കഴിഞ്ഞിട്ടില്ലാത്ത ബിജെപി ഏറ്റവും വലിയ ഒറ്റക്ഷിയായി ത്രിപുരയില്‍ ഉയര്‍ന്നുവരുമ്പോള്‍ ഏതു തരം രാഷ്ട്രീയ തന്ത്രമാണ് അവിടെ പ്രയോഗിച്ചിട്ടുണ്ടാകുകയെന്നതാണ് ചര്‍ച്ചയാവുക. മാണിക് സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരം മാത്രമല്ല അവിടെ ആഞ്ഞടിച്ചത്.

കൂറുമാറ്റവും ജനപ്രതിനിധികളെ ചാക്കിലാക്കലും ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ അത്ര അപരിചിതമല്ല. കാലങ്ങളായി മുഖ്യ പ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് കുടിയേറിയ ചില പ്രബല നേതാക്കളുടെ മലക്കംമറിച്ചില്‍ കൂടി ത്രിപുര ജനവിധിയില്‍ നിര്‍ണായകമായിട്ടുണ്ട്. അഗര്‍ത്തലയില്‍നിന്ന് സ്ഥിരമായി ജയിക്കുന്ന മുന്‍ കോണ്‍ഗ്രസ് നേതാവ് സുദീപ് റോയ് ബര്‍മന്‍ അഞ്ച് എംഎല്‍എമാരോടൊപ്പം ആദ്യം തൃണമൂല്‍ കോണ്‍ഗ്രസിലേക്കും പിന്നീട് ബിജെപിയിലേക്കും കൂറുമാറിയപ്പോള്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടി ത്രിപുരയില്‍ കുറച്ചുകൂടി ശക്തരായി. ഇതിന് മുമ്പ് തൃണമൂല്‍ കോണ്‍ഗ്രസിലെ ആടിനിന്ന പ്രധാനികളെയും ഒപ്പംകൂട്ടാന്‍ ബിജെപിക്ക് കഴിഞ്ഞു. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ബിജെപി അംഗങ്ങളുടെ എണ്ണം കേവലം 15,000 മാത്രമായിരുന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോഴേക്കും ഇത് രണ്ടു ലക്ഷത്തോളമായി ഉയര്‍ന്നു.

അമിത് ഷാ എന്ന രാഷ്ട്രീയ ചാണക്യന്റെ തന്ത്രങ്ങള്‍ക്ക് ഇവിടുത്തെ ജനങ്ങള്‍ വഴങ്ങിക്കൊടുക്കുന്നതിലേക്കാണ് കാര്യങ്ങള്‍ എത്തിയത്. ആദിവാസിക്കുടിലുകളില്‍ പോയി നിലത്തിരുന്ന് അവര്‍ക്കൊപ്പം ഭക്ഷണം കഴിച്ച് അതിന്റെ ചിത്രം പ്രചരിപ്പിക്കുന്നതില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല അമിത് ഷായുടെ രാഷ്ട്രീയ നീക്കങ്ങള്‍. മോദിയെന്ന ബിംബത്തെ ഉയര്‍ത്തിക്കാട്ടി കേന്ദ്രഭരണത്തില്‍ നിന്ന് സംസ്ഥാനത്തേക്ക് എത്തുന്ന വാഗ്ദാനങ്ങളുടെ പെരുമഴയിലും ജനങ്ങള്‍ ആകൃഷ്ടരായി എന്നു വേണം വിലയിരുത്താന്‍. നവമാധ്യമങ്ങള്‍ ഉപയോഗിച്ചുള്ള സംഘ്പരിവാറിന്റെ പ്രചരണം സിപിഎമ്മിനെ കൂടാതെ കോണ്‍ഗ്രസിനും വലിയ തിരിച്ചടിയായി. കഴിഞ്ഞ തവണ പത്തു സീറ്റുകളുമായി രണ്ടാം സ്ഥാനക്കാരായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ ശൂന്യതയിലേക്കാണ് എത്തിയത്.

സംസ്ഥാനത്തെ പ്രധാന ഗോത്ര മേഖലയില്‍ ബിജെപിക്ക് സ്വാധീനം ചെലുത്താന്‍ കഴിഞ്ഞുവെന്നതും അവരുടെ മുന്നേറ്റത്തില്‍ സുപ്രധാന ഘടകങ്ങളിലൊന്നാണ്. പ്രത്യേക ഗോത്ര വര്‍ഗ സംസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഐപിഎഫ്‍ടി ബിജെപിക്കൊപ്പം ചേര്‍ന്നതും സിപിഎമ്മിന് തിരിച്ചടിയായി. പതിറ്റാണ്ടുകളായി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പം ഉറച്ചുനിന്ന ഗോത്ര വര്‍ഗ വിഭാഗങ്ങള്‍ക്കിടയില്‍ വിള്ളല്‍ വീഴ്‍ത്താന്‍ ബിജെപിക്ക് കഴിഞ്ഞു എന്നതും അവരുടെ തന്ത്രങ്ങളുടെ വിജയമാണ് ചൂണ്ടിക്കാട്ടുന്നത്. നമുക്ക് മാറാം എന്ന പ്രചരണ മുദ്രാവാക്യം ഉയര്‍ത്തി ബിജെപി മുന്നോട്ട് വച്ച ആശയങ്ങളിലും വാഗ്ദാനങ്ങളിലും ജനങ്ങളും വഴുതി വീഴുമ്പോള്‍ ത്രിപുരയിലേയും ചുവപ്പ് കോട്ട തകര്‍ന്നുവീഴുകയാണ്. ബിജെപിയുടെ പരീക്ഷണ രാഷ്ട്രീയത്തിന്റെ വിജയം ത്രിപുരയില്‍ അരങ്ങേറുമ്പോള്‍ ഇതേ തന്ത്രങ്ങള്‍ കേരളത്തിലേക്കും ബംഗാളിലേക്കും വ്യാപിപ്പിക്കാന്‍ ആയിരിക്കും ബിജെപിയുടെ അടുത്ത ശ്രമം.