LiveTV

Live

National

ആണ്‍ വേഷം കെട്ടി രണ്ട് പേരെ വിവാഹം ചെയ്തു; യുവതി അറസ്റ്റില്‍

ആണ്‍ വേഷം കെട്ടി രണ്ട് പേരെ വിവാഹം ചെയ്തു; യുവതി അറസ്റ്റില്‍
Summary
ആണായി വേഷം മാറി രണ്ട് പേരെ വിവാഹം ചെയ്ത്, ഭാര്യമാരില്‍ ഒരാളെ സ്ത്രീധനത്തിന്‍റെ പേരില്‍ പീഡിപ്പിച്ച യുവതി അറസ്റ്റില്‍.

ആണായി വേഷം മാറി രണ്ട് പേരെ വിവാഹം ചെയ്ത് സ്ത്രീധനത്തിന്‍റെ പേരില്‍ പീഡിപ്പിച്ച യുവതി അറസ്റ്റില്‍. കൃഷ്ണ സെന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സ്വീറ്റി സെന്‍ എന്ന യുവതിയെയാണ് ആള്‍മാറാട്ടത്തിനും സ്ത്രീധന പീഡനത്തിനും പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തരാഖണ്ഡിലെ നൈനിറ്റാളിലാണ് സംഭവം.

കൃഷ്ണ സെന്‍ എന്ന പേരില്‍ 2013ല്‍ ഫേസ് ബുക്കില്‍ പ്രൊഫൈലുണ്ടാക്കിയ സ്വീറ്റി ആണ്‍ വേഷത്തിലുള്ള ഫോട്ടോകളാണ് പോസ്റ്റ് ചെയ്തിരുന്നത്. പല സ്ത്രീകളോടും ചാറ്റ് ചെയ്ത് സൌഹൃദം സ്ഥാപിച്ചു. ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട ഹല്‍ദ്വാനി സ്വദേശിയായ പെണ്‍കുട്ടിയെ നേരില്‍ കണ്ട് കല്യാണം ഉറപ്പിച്ചു. അലിഗഡ് സ്വദേശിയായ വ്യവസായിയുടെ മകനാണ് താനെന്നാണ് കൃഷ്ണ സ്വയം പരിചയപ്പെടുത്തിയത്. വിവാഹത്തിന് ശേഷം സ്ത്രീധനത്തിന്‍റെ പേരില്‍ കൃഷ്ണ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ തുടങ്ങി. ഫാക്ടറി തുടങ്ങാനെന്ന് പറഞ്ഞ് എട്ടര ലക്ഷം ഇതിനകം കൃഷ്ണ പെണ്‍കുട്ടിയുടെ വീട്ടുകാരില്‍ നിന്ന് കൈക്കലാക്കിയിരുന്നു.

2016ല്‍ കൃഷ്ണ സെന്‍ രണ്ടാമതും വിവാഹം ചെയ്തു. വിവാഹത്തിന് ശേഷം രണ്ട് പെണ്‍കുട്ടികളെയും ഒരു വീട്ടില്‍ താമസിപ്പിച്ചു. തന്നെ സ്പര്‍ശിക്കാന്‍ കൃഷ്ണ ഇരുവരെയും അനുവദിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം ഭാര്യ കൃഷ്ണ പുരുഷനല്ലെന്നും സ്ത്രീയാണെന്നും കണ്ടെത്തി. ഇതോടെ പണം നല്‍കാമെന്ന് പറഞ്ഞ് കൃഷ്ണ പെണ്‍കുട്ടിയെ ഒപ്പം നിര്‍ത്തി. കൃഷ്ണ സെന്‍ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കുന്നു എന്ന് ആദ്യ ഭാര്യ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തായത്.