LiveTV

Live

National

ഹിന്ദുസംസ്കാരം ഉള്‍ക്കൊണ്ട് ജീവിച്ചില്ലെങ്കില്‍ മുസ്‍ലിംകള്‍ 2024 ല്‍ രാജ്യം വിടേണ്ടിവരുമെന്ന് ബിജെപി എംഎല്‍എ

ഹിന്ദുസംസ്കാരം ഉള്‍ക്കൊണ്ട് ജീവിച്ചില്ലെങ്കില്‍ മുസ്‍ലിംകള്‍ 2024 ല്‍ രാജ്യം വിടേണ്ടിവരുമെന്ന് ബിജെപി എംഎല്‍എ
Summary
ഇന്ത്യ ഹിന്ദുരാഷ്ട്രമാവുമ്പോള്‍ ഹിന്ദു സംസ്കാരം ഉള്‍ക്കൊണ്ട് ജീവിക്കുന്ന മുസ്‍ലിംകള്‍ക്ക് മാത്രമേ രാജ്യത്ത് താമസിക്കാന്‍ അനുവദമുണ്ടായിരിക്കുകയുള്ളൂ എന്ന ഭീഷണിയുമായി ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ് .
ഹിന്ദുസംസ്കാരം ഉള്‍ക്കൊണ്ട് ജീവിച്ചില്ലെങ്കില്‍ മുസ്‍ലിംകള്‍ 2024 ല്‍ രാജ്യം വിടേണ്ടിവരുമെന്ന് ബിജെപി എംഎല്‍എ

ഇന്ത്യ ഹിന്ദുരാഷ്ട്രമാവുമ്പോള്‍ ഹിന്ദു സംസ്കാരം ഉള്‍ക്കൊണ്ട് ജീവിക്കുന്ന മുസ്‍ലിംകള്‍ക്ക് മാത്രമേ രാജ്യത്ത് താമസിക്കാന്‍ കഴിയുകയുള്ളൂ എന്ന ഭീഷണിയുമായി ബിജെപി എംഎല്‍എ. ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയില്‍ നിന്നുള്ള എംഎല്‍എ ആയ സുരേന്ദ്ര സിംഗ് ആണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്.

രാജ്യത്ത് വളരെകുറച്ച് മുസ്‍ലിംകള്‍ മാത്രമാണ് രാജ്യസ്നേഹികളായിട്ടുള്ളത്. ഇന്ത്യ ഹിന്ദുരാഷ്ട്രമായിത്തീരുമ്പോള്‍ നമ്മുടെ സംസ്കാരം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മുസ്‍ലിംകള്‍ക്ക് മാത്രമാണ് ഇവിടെ ജീവിക്കാന്‍ കഴിയുക. അല്ലാത്തവര്‍ക്ക് മറ്റ് രാജ്യങ്ങളില്‍ അഭയംപ്രാപിക്കാമെന്നും സുരേന്ദ്രസിംഗ് പറഞ്ഞു.

നരേന്ദ്രമോദിയെ അവതാരപുരുഷനെന്ന് വിശേഷിപ്പിച്ച സുരേന്ദ്രസിങ് 2024-ല്‍ ഇന്ത്യ ഹിന്ദുരാഷ്ട്രമായി മാറുമെന്നും അഭിപ്രായപ്പെട്ടു. 2025-ല്‍ ആര്‍എസ്എസ് നൂറുവര്‍ഷം പൂര്‍ത്തിയാക്കുന്നതിന് മുന്നോടിയായി 2024 ല്‍ ഇന്ത്യ ഹിന്ദുരാഷ്ട്രമായി മാറും. ഇന്ത്യ അന്താരാഷ്ട്രശക്തിയായി മാറുന്നതില്‍ മോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും നമ്മള്‍ നന്ദി പറയണം. 2024 ല്‍ ഇന്ത്യ ഹിന്ദുരാഷ്ട്രമാകുന്നതോടു കൂടി ഇന്ത്യ വിശ്വഗുരു ആയിമാറുമെന്നും അദ്ദേഹം പറയുന്നു.

ഹിന്ദുസംസ്കാരം ഉള്‍ക്കൊണ്ട് ജീവിച്ചില്ലെങ്കില്‍ മുസ്‍ലിംകള്‍ 2024 ല്‍ രാജ്യം വിടേണ്ടിവരുമെന്ന് ബിജെപി എംഎല്‍എ

കോണ്‍ഗ്രസിനെ കടന്നാക്രമിക്കാനും സുരേന്ദ്രസിംഗ് മടിക്കുന്നില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഒരു സമയം ഇറ്റലിക്കാരനായും അല്‍പ്പനേരം കഴിഞ്ഞ് ഇന്ത്യക്കാരനായും മാറും. അതുകൊണ്ട് ഇന്ത്യന്‍സംസ്‌കാരത്തിന്റെ പതാകവാഹകനാകാന്‍ രാഹുലിന് കഴിയില്ല. ഇന്ത്യയും ഇന്ത്യക്കാരും എന്താണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന് അറിയില്ലെന്നും സുരേന്ദ്രസിങ് പറഞ്ഞു.

എന്നാല്‍ പ്രസ്താവന വിവാദമായതോടെ തന്‍റെ പ്രസംഗം വളച്ചൊടിക്കുകയായിരുന്നുവെന്ന വിശദീകരണവുമായി എംഎല്‍എ രംഗത്തെത്തി. ഇന്ത്യയിലെ മുസ്‍ലിംകളില്‍ പകുതിയും ഹിന്ദുമതത്തില്‍ നിന്ന് ഇസ്‍ലാം സ്വീകരിച്ചതാണ്. അവര്‍ അവരുടെ പൂര്‍വാശ്രമത്തിലേക്ക് മടങ്ങിവരുമെന്നും ബാക്കിയുള്ളവര്‍ മനസ്സുകൊണ്ട് പാകിസ്താനൊപ്പമെന്ന് വിശ്വസിക്കുന്നവര്‍ രാജ്യവിട്ട് പോകണമെനനും സുരേന്ദ്രസിംഗ് കൂട്ടിച്ചേര്‍ത്തു. അത് തന്‍റെ അഭിപ്രായമാണെന്നും പാര്‍ട്ടിയുടേതല്ലെന്നും അദ്ദേഹം വിശദീകരിച്ചു.