LiveTV

Live

National

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കും, തെരഞ്ഞെടുപ്പില്‍ മത്സരിക്കും: രജനീകാന്ത്

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കും, തെരഞ്ഞെടുപ്പില്‍ മത്സരിക്കും: രജനീകാന്ത്
Summary
രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കും. ജനങ്ങള്‍ക്ക് നന്മ ചെയ്യുകയാണ് മുദ്രാവാക്യമെന്നും രജനീകാന്ത്

സജീവ രാഷ്ട്രീയത്തിലിറങ്ങുന്നുവെന്ന നിലപാട് പ്രഖ്യാപിച്ച് തമിഴ് നടന്‍ രജനീകാന്ത്. എന്നാല്‍ നിലവില്‍ പാര്‍ട്ടിയോ സംഘടനയോ പ്രഖ്യാപിച്ചില്ല. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും രജനീകാന്ത് അറിയിച്ചു.

രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്നത് എന്റെ വിധിയാണ്. തമിഴ്നാട് രാഷ്ട്രീയം ജനാധിപത്യം അവസാനിപ്പിച്ച് നില്‍ക്കുന്ന അവസ്ഥയാണ്. ഇപ്പോള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയില്ലെങ്കില്‍ ജനങ്ങള്‍ എന്നോട് ചോദിക്കും. നാടിന് നന്മ ചെയ്യുകയെന്നത് മാത്രമാണ് ലക്ഷ്യം. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ രാജിവെയ്ക്കുമെന്നും രജനീകാന്ത് പ്രഖ്യാപിച്ചു.

ഏറെ വര്‍ഷങ്ങളായി കാത്തിരുന്ന പ്രഖ്യാപനം സ്റ്റൈല്‍ മന്നന്റെ ഭാഷയില്‍ തന്നെ എത്തിയതോടെ, മണിക്കൂറുകളായി കാത്തുനിന്ന ആരാധകര്‍ ആവേശത്തിലായി. സത്യം, കഠിനാധ്വാനം, ഉന്നതി എന്നതാണ് രജനീകാന്ത് പ്രഖ്യാപിച്ച മുദ്രാവാക്യമെന്നും അത് പിന്തുടരുമെന്നും ആരാധകര്‍ വ്യക്തമാക്കി.

താഴെതട്ട് മുതലുള്ള ഫാന്‍സ് യൂണിറ്റുകള്‍ സജീവമാക്കാനാണ് നിലവില്‍ രജനീകാന്ത് ആരാധകര്‍ക്ക് നല്‍കിയ നിര്‍ദേശം. താനുള്‍പ്പെടെയുള്ളവര്‍ രാഷ്ട്രീയം പറയേണ്ടതില്ല. അത് പാര്‍ട്ടി പ്രഖ്യാപനത്തിന് ശേഷം മാത്രം മതി. ജനകീയ കാര്യങ്ങളില്‍ ഇടപെട്ട്, ജനങ്ങളുടെ കാവലാളായി ആരാധകര്‍ മാറണമെന്നും അത്തരക്കാരെയാണ് തനിയ്ക്ക് ആവശ്യമെന്നും രജനീകാന്ത് കൂട്ടിച്ചേര്‍ത്തു.