LiveTV

Live

National

കര്‍ണാടകയില്‍ അക്രമത്തിന് അമിത് ഷാ ആവശ്യപ്പെട്ടെന്ന എംപിയുടെ വെളിപ്പെടുത്തല്‍ പുറത്ത്

കര്‍ണാടകയില്‍ അക്രമത്തിന് അമിത് ഷാ ആവശ്യപ്പെട്ടെന്ന എംപിയുടെ വെളിപ്പെടുത്തല്‍ പുറത്ത്
Summary
കര്‍ണാടകയില്‍ അക്രമാസക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ബിജെപി പ്രസിഡന്‍റ് അമിത് ഷാ നിര്‍ദേശിച്ചെന്ന മൈസൂര്‍ എംപി പ്രതാപ് സിംഹയുടെ വെളിപ്പെടുത്തല്‍ പുറത്ത്

കര്‍ണാടകയില്‍ അക്രമാസക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ബിജെപി പ്രസിഡന്‍റ് അമിത് ഷാ നിര്‍ദേശിച്ചെന്ന മൈസൂര്‍ എംപി പ്രതാപ് സിംഹയുടെ വെളിപ്പെടുത്തല്‍ പുറത്ത്. യുവമോര്‍ച്ചാ പ്രവര്‍ത്തകരോട് അക്രമാസക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ അമിത് ഷാ ആവശ്യപ്പെട്ടെന്ന് പ്രതാപ് സിംഹ വെളിപ്പെടുത്തുന്ന വീഡിയോയാണ് പുറത്തുവന്നത്.

യുവമോര്‍ച്ചാ നേതാവ് കൂടിയായ പ്രതാപ് സിംഹയുമായി അമിത്ഷാ ബംഗളൂരുവില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് സംസ്ഥാനത്ത് അക്രമസ്വഭാവമുള്ള പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ ആവശ്യപ്പെട്ടത്. സമാധാനപരമായ പ്രതിഷേധം പോരെന്നും കണ്ണീര്‍ വാതക പ്രയോഗവും ലാത്തിച്ചാര്‍ജ്ജും ഉള്‍പ്പെടെയുണ്ടാകുന്ന പ്രതിഷേധമായിരിക്കണമെന്നുമാണ് അമിത് ഷാ ആവശ്യപ്പെട്ടത്. അങ്ങനെ ചെയ്യാമെന്ന് സിംഹ ഉറപ്പുനല്‍കുന്നതും വീഡിയോയിലുണ്ട്. എന്നാല്‍ സംഭവം വിവാദമായതോടെ വീഡിയോ എഡിറ്റ് ചെയ്തതാണെന്ന വാദവുമായി സിംഹ രംഗത്തെത്തി.

ഞായറാഴ്ച ഹന്‍സൂരില്‍ ഹനുമാന്‍ ജയന്തി ആഘോഷങ്ങള്‍ക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ സിംഹയെ പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. ഹനുമാന്‍ ജയന്തി ആഘോഷങ്ങള്‍ക്ക് പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണം ലംഘിച്ചതിനായിരുന്നു അറസ്റ്റ്. നബി ദിന റാലിക്ക് ഇത്തരം നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിരുന്നില്ലെന്ന് ആരോപിച്ചാണ് സിംഹയും യുവമോര്‍ച്ച പ്രവര്‍ത്തകരും പൊലീസ് നിര്‍ദേശം ലംഘിച്ചത്.

അമിത് ഷായുടെ ഉപദേശ പ്രകാരം സാമുദായിക സംഘര്‍ഷമുണ്ടാക്കാനാണ് പ്രതാപ് സിംഹ ശ്രമിച്ചതെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കുറ്റപ്പെടുത്തി. അതേസമയം അമിത് ഷാ പറഞ്ഞത് സിംഹ തെറ്റിദ്ധരിച്ചതാണെന്നും ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ ശക്തമായി ഇടപെടാനും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനുമാണ് അമിത് ഷാ ആവശ്യപ്പെട്ടതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് ബി എസ് യെദ്യൂരപ്പ പ്രതികരിച്ചു.