LiveTV

Live

National

രണ്ടു ബിജെപി മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണം; മോദി സര്‍ക്കാര്‍ പ്രതിരോധത്തില്‍

രണ്ടു ബിജെപി മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണം; മോദി സര്‍ക്കാര്‍ പ്രതിരോധത്തില്‍
Summary
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ പ്രൈവറ്റ് സെക്രട്ടറി വൈഭവ് ഡാങ്കെ ചട്ടം മറികടന്ന് സർക്കാർ ധനസഹായത്തോടെ കമ്പനി നടത്തിയെന്ന് ദി ഹിന്ദു ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

അമിത് ഷായുടെ മകനെതിരായ ആരോപണത്തിന് പിന്നാലെ ബിജെപിയെയും കേന്ദ്ര സർക്കാരിനെയും വെട്ടിലാക്കി രണ്ടു മന്ത്രിമാർക്കെതിരെ അഴിമതി ആരോപണം ശക്തമാകുന്നു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ പ്രൈവറ്റ് സെക്രട്ടറി വൈഭവ് ഡാങ്കെ ചട്ടം മറികടന്ന് സർക്കാർ ധനസഹായത്തോടെ കമ്പനി നടത്തിയെന്ന് ദി ഹിന്ദു ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഡാങ്കയുടെ നീക്കങ്ങള്‍ കേന്ദ്രമന്ത്രി സുരേഷ് പ്രഭുവിന്റെ കൂടി അറിവോടെയാണെന്നും രണ്ട് മന്ത്രിമാരും പെരുമാറ്റ ചട്ടം ലംഘിച്ചെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

രണ്ടു ബിജെപി മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണം; മോദി സര്‍ക്കാര്‍ പ്രതിരോധത്തില്‍

നിതിന്‍ ഗഡ്കരിയുടെ പ്രൈവറ്റ് സെക്രട്ടറിയും ആര്‍എസ്എസ് അനുഭാവിയുമായ വൈഭവ് ദാങ്കെ 2014 ഓക്ടോബറില്‍ രൂപീകരിച്ച ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ഗ്രീന്‍ എനര്‍ജി (ഐഎഫ്ജിഇ) എന്ന കമ്പനിയുമായി ബന്ധപ്പെട്ടാണ് അഴിമതി കഥകള്‍ പുറത്തു വരുന്നത്. കമ്പനി നിയമ വകുപ്പ് എട്ടു പ്രകാരം ആദായമുണ്ടാക്കാന്‍ അനുമതിയില്ലാതെ രൂപീകരിച്ച സ്വകാര്യ കമ്പനിയായ IFGE മൂന്ന് വര്‍ഷം കൊണ്ട് ഒന്നരക്കോടിയോളം രൂപ ദൈനം ദിനം ചിലവിന് സമാഹരിച്ചെന്ന് ബാലന്‍ഷീറ്റ് വ്യക്തമാക്കുന്നു. സ്ഥിര നിക്ഷേപമായി കോര്‍പ്പസ് ഫണ്ട് വിഭാഗത്തിലേക്ക് സര്‍ക്കാരില്‍ നിന്ന് ഒന്നര കോടി ലഭിച്ചതായും ബാലന്‍ഷീറ്റിലുണ്ട്. ഗഡ്കരിക്ക് പുറമെ കേന്ദ്രമന്ത്രി സുരേഷ് പ്രഭുവും ഈ കമ്പനിയുടെ നാഷണല്‍ എക്സിക്യൂട്ടീവ് അംഗമാണെന്ന് കമ്പനി വെബ്‍സൈറ്റ് വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ ഇരു മന്ത്രിമാര്‍ക്കുമെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി.

കേന്ദ്ര ഗതാതഗ വകുപ്പ്, ഷിപ്പിങ് മന്ത്രാലയം എന്നിവയുമായി സഹകരിച്ചും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ധനസഹായം കൈപറ്റിയും കഴിഞ്ഞ വര്‍ഷം മുതല്‍ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചതിന്റെ വിവരങ്ങളും ചിത്രങ്ങളും IFGE വെബ്‍‍സൈറ്റിലുണ്ട്. ഇതു സംബന്ധിച്ച് ചോദ്യാവലിക്ക് ഡാങ്കെ കൃത്യമായ ഉത്തരം നല്‍കിയില്ലെന്നും കമ്പനി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് രാജി വച്ചിട്ടുണ്ട് എന്നാണ് മറുപടി നല്‍കിയതെന്നും ഹിന്ദു ദിനപത്രം ചൂണ്ടിക്കാട്ടുന്നു.