LiveTV

Live

National

മുസ്‍ലിം സുഹൃത്തിനൊപ്പം ഹിന്ദു യുവതി ചായ കുടിച്ചതിന് ക്രൂര മര്‍ദനം; അക്രമികളെ ന്യായീകരിച്ച് ബിജെപി നേതാവ്

മുസ്‍ലിം സുഹൃത്തിനൊപ്പം ഹിന്ദു യുവതി ചായ കുടിച്ചതിന് ക്രൂര മര്‍ദനം; അക്രമികളെ ന്യായീകരിച്ച് ബിജെപി നേതാവ്
Summary
ബിജെപി കേന്ദ്ര ഭരണം പിടിച്ചതു മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീവ്ര ഹിന്ദുത്വ വാദികള്‍ സ്വന്തം നിയമം രൂപീകരിക്കുകയും നടപ്പാക്കുകയും ചെയ്യുകയാണ്.

ബിജെപി കേന്ദ്ര ഭരണം പിടിച്ചതു മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീവ്ര ഹിന്ദുത്വ വാദികള്‍ സ്വന്തം നിയമം രൂപീകരിക്കുകയും നടപ്പാക്കുകയും ചെയ്യുകയാണ്. ഈ അഴിഞ്ഞാട്ടത്തെ ചോദ്യം ചെയ്യേണ്ട പൊലീസ് അക്രമികള്‍ക്ക് കുട പിടിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതും. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിലാണ് ഏറ്റവുമൊടുവില്‍ തീവ്ര ഹിന്ദുത്വത്തിന്റെ പേരില്‍ പ്രായപൂര്‍ത്തിയായ യുവാവിനും യുവതിക്കും മര്‍ദനമേറ്റത്. ഇരുവരും വ്യത്യസ്ത മത വിഭാഗങ്ങളില്‍ പെടുന്നവരാണ് എന്നതു തന്നെയായിരുന്നു മര്‍ദനത്തിന് കാരണം. മുസ്‍ലിം സുഹൃത്തിനൊപ്പം ഹിന്ദു യുവതി ചായ കുടിച്ചതിനായിരുന്നു മര്‍ദനം. പരാതിപ്പെട്ടപ്പോള്‍ അക്രമികള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം യുവതിക്കൊപ്പമുണ്ടായിരുന്ന മുസ്‍ലിം യുവാവിനെതിരെയാണ് പൊലീസ് കേസെടുത്തത്. ഇതിനെ ചോദ്യം ചെയ്തപ്പോള്‍ അക്രമികളെ ന്യായീകരിച്ച് ബിജെപി വനിതാ നേതാവ് സംഗീത വര്‍ഷനെ രംഗത്തെത്തുകയും ചെയ്തു.

മുസ്‍ലിം സുഹൃത്തിനൊപ്പം ഹിന്ദു യുവതി ചായ കുടിച്ചതിന് ക്രൂര മര്‍ദനം; അക്രമികളെ ന്യായീകരിച്ച് ബിജെപി നേതാവ്

സംഭവത്തെക്കുറിച്ച് അലിഗഡ് ബിജെപി വനിതാ വിഭാഗം നേതാവ് സംഗീത പറയുന്നതിങ്ങനെ: അലിഗഡിലെ നൌറംഗാബാദിലൂടെ ഒരു ഹിന്ദു യുവതിയും മുസ്‍ലിം യുവാവും ചുറ്റിത്തിരിയുകയായിരുന്നു. ഇവരെ അവിടെയുണ്ടായിരുന്ന ചിലര്‍ തിരിച്ചറിഞ്ഞു. ഇരുവരെയും അവര്‍ തടഞ്ഞുനിര്‍ത്തിയതോടെ അവര്‍ രക്ഷപെടാന്‍ ശ്രമിച്ചു. ഇതിനിടെ അവിടേക്ക് ചില ഹിന്ദുത്വ പ്രവര്‍ത്തകര്‍ എത്തി. അവര്‍ ഉടന്‍ തന്നെ ഗാന്ധി പാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. പൊലീസ് എത്തി യുവാവിനെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് തങ്ങള്‍ യുവതിയെ വിളിച്ചിരുത്തി നമ്മള്‍ ഹിന്ദുക്കളാണെന്നും മുസ്‍ലിംകള്‍ക്കൊപ്പം യാതൊരു ഇടപാടിനും പോകരുതെന്നും ഉപദേശിച്ചു. ഇത്തരം പ്രവര്‍ത്തി ഇനി ആവര്‍ത്തിക്കരുതെന്നും തങ്ങളത് വച്ചുപൊറിപ്പിക്കില്ലെന്നും യുവതിയെ ബോധ്യപ്പെടുത്തി. - സംഗീത പറഞ്ഞു.

പ്രായപൂര്‍ത്തിയായ രണ്ടു പേരുടെ സ്വാതന്ത്ര്യത്തില്‍ കൈ കടത്താന്‍ നിങ്ങള്‍ക്കെന്തവകാശമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, എന്തുകൊണ്ട് എതിര്‍ത്തു കൂടാ ? ഒരു ഹിന്ദുവും മുസ്‍ലിമും ആണെങ്കില്‍ ഇനിയും എതിര്‍ക്കുമെന്നും മുസ്‍ലിം യുവാക്കള്‍ക്ക് മുസ്‍ലിം പെണ്‍കുട്ടികള്‍ മാത്രം സുഹൃത്തുക്കളുണ്ടായാല്‍ മതിയെന്നും ഹിന്ദുക്കള്‍ക്കും അതുപോലെ തന്നെയായിരിക്കണമെന്നുമായിരുന്നു സംഗീതയുടെ മറുപടി. സ്വന്തം മകളാണെങ്കിലും എതിര്‍ക്കുമെന്നും ചിലപ്പോള്‍ ശിക്ഷിക്കുമെന്നും സംഗീത കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസമാണ് സുഹൃത്തിനൊപ്പം ചായ കുടിച്ചതിന് യുവതിയെ ആക്രമിക്കുന്നതിന്റെ വീഡിയോ നവമാധ്യമങ്ങളില്‍ വൈറലായത്. സംഭവത്തില്‍ പൊലീസ് സ്വീകരിച്ച നിലപാടാണ് ഞെട്ടിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു.